പ്രവാസികളുടെ രേഖകള്‍ പരിശോധിക്കുന്നു; പ്രത്യേക കമ്മറ്റി രൂപീകരിക്കുന്നു, നിയമലംഘനം കണ്ടെത്തിയാല്‍ നാട് കടത്തും
1,30,000 പ്രവാസികളുടെ രേഖകൾ പരിശോധിക്കുന്നു; പ്രത്യേക കമ്മറ്റി രൂപീകരിക്കുന്നു, നിയമലഘനം കണ്ടെത്തിയാൽ നാട് കടത്തും
കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസവും ജോലിയും നിയമവിധേയമാണോ എന്ന് പരിശോധിക്കാനുള്ള നടപടികൾ കടുപ്പിച്ച് കുവൈത്ത്. ഇതിനായി ഏറ്റവും അടിസ്ഥാന രേഖകൾ വരെ പരിശോധിക്കാൻ ഒരുങ്ങുകയാണ് കുവൈത്ത്. ചെറിയ നിയമലംഘനങ്ങൾ വരെ കണ്ടെത്തിയാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷകൾ ആയിരിക്കും ലഭിക്കുകയെന്ന് വിവിധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി പ്രവാസികൾക്കാണ് കുവൈത്തിൽ ജോലി നഷ്ടമായത്.
ഏറ്റവും പുതുതായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 1,30,000 പ്രവാസികളുടെ രേഖകൾ ആഭ്യന്തര മന്ത്രാലയം ഉടൻ രൂപീകരിക്കുന്ന ഒരു കമ്മിറ്റി പരിശോധിക്കും. കുവൈത്തിൽ താമസിക്കാനുള്ള അനുമതിയുടെ രേഖകളാകും പരിശോധിക്കുക. താമസ നിയമം ലംഘിച്ചവരുടെ രേഖകൾ പരിശോധിക്കുകയാകും കമ്മറ്റിയുടെ പ്രഥമ പരിഗണനയെന്ന് വിശ്വസനീയമായ ഉറവിടത്തെ ഉദ്ധരിച്ച് അൽ-അൻബ പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ നിയമലംഘകരുടെ ഫയൽ ക്ലോസ് ചെയ്യുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നത് കമ്മിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടുന്നില്ലെന്ന് ഉറവിടം വ്യക്തമാക്കി. അതേസമയം, നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായ ഒരു സംവിധാനം കണ്ടെത്തുന്നതിൽ കമ്മറ്റി ശ്രദ്ധ കേന്ദ്രീകരിക്കും.
നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനായി മന്ത്രാലയം നടത്തുന്ന സുരക്ഷാ പ്രചാരണങ്ങൾക്ക് സമിതിയുടെ രൂപീകരണം തടസ്സമാകില്ലെന്നാണ് റിപ്പോർട്ട്. തെറ്റ് ചെയ്ത പ്രവാസികൾക്ക് അവരുടെ തെറ്റുകൾ ശരിയാക്കാൻ സമയപരിധി നിശ്ചയിക്കാനുള്ള പദ്ധതി ഭരണകൂടത്തിന് ഇല്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെ വന്നാൽ നിരവധിപേരുടെ തൊഴിൽ നഷ്ടമാകും. അവരെ നാട്ടിലേക്ക് കയറ്റി അയക്കും.
നിയമലംഘകരിൽ ഭൂരിഭാഗവും ഏഷ്യക്കാരാണെന്നും അവരിൽ ചിലർ വർഷങ്ങളായി നിയമം ലംഘിക്കുന്നവരാണെന്നും രേഖകൾ കാണിക്കുന്നു. അവരിൽ 50 ശതമാനത്തിലധികം പേർ ആർട്ടിക്കിൾ 20 വിസയ്ക്ക് (ഗാർഹിക തൊഴിലാളികൾ) കീഴിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."