നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു
നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു
ആലപ്പുഴ: എസ്.എഫ്.ഐ മുൻനേതാവ് നിഖിൽ തോമാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ നിർണ്ണായക രേഖകൾ കണ്ടെത്തി. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
ഒളിവിൽ പോയതിനാൽ നിഖിലിന് വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് മാറ്റാൻ കഴിഞ്ഞിരുന്നില്ല. സി.പി.എം ജില്ലാ കമ്മിറ്റി ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ തോമസ് കൊടുത്തത്. ഒർജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്. ഇതാണ് ഇപ്പോൾ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
നിഖിലിന്റെ ഡിഗ്രി വ്യാജമാണെന്ന് സി.പി.എമ്മിന് ആദ്യം പരാതി നൽകുന്നത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. അന്ന് ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിൽ തോമസിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കള്ളം പുറത്താകാതിരിക്കാൻ ഒർജിനൽ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്. ശേഷം തുല്യതാ സർട്ടിഫിക്കറ്റ് പാർട്ടിക്ക് സമർപ്പിക്കുകയായിരുന്നു.
അതേസമയം സർട്ടിഫിക്കറ്റ് തയാറാക്കിയ കൊച്ചിയിലെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. വ്യാജ സർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിച്ച രണ്ടാം പ്രതി അബിൻ രാജിന് നിഖിൽ രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന്‍റെ ഉറവിടം സംബന്ധിച്ചും പൊലിസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ മാലിയിലുള്ള എസ്.എഫ്.ഐ മുൻനേതാവ് അബിൻ രാജിനെ ചോദ്യം ചെയ്യലിനായി നാട്ടിലെത്തിക്കാനും ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിൽ തോമസിനെ കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പൊലിസ് കസ്റ്റഡിയിൽ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."