വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി, ഹാജിമാർ ഇന്ന് മിനായിൽ; അറഫാ സംഗമം നാളെ
റിയാദ്: ദൈവീക വിളിക്കുത്തരം നൽകി "തൽബിയതിന്റെ" മന്ത്രവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നത്തിയ ഹാജിമാർ ഇന്ന് മിനായിൽ ഒത്തു ചേരും. ഇതോടെ ഈ വർഷത്തെ മഹത്തായ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാകും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെയാണ്. തൽബിയത്ത് മന്ത്രങ്ങളാൽ നിറഞ്ഞൊഴുകി ഇന്നലെ വൈകീട്ട് മുതൽ ആരംഭിച്ച മിനയിലേക്കുള്ള പ്രയാണം ഇന്ന് വൈകുന്നേരം വരെ തുടരും. ദുൽഹജ്ജ് 8 ആയ ഇന്ന് ഹാജിമാർക്ക് പ്രത്യേക ആരാധന കർമ്മങ്ങൾ ഒന്നുമില്ലെങ്കിലും നാളെ നടക്കുന്ന ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് (തർവിയത്) ഹാജിമാർ.
‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ലബ്ബൈക ലാ ശരീക ലക ലബ്ബൈക്………’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ പ്രത്യേക താമസ കേന്ദ്രങ്ങളിൽ നിന്നും അധികൃതർ തയ്യാറാക്കിയ പ്രത്യേക വാഹനത്തിലാണ് ഹാജിമാർ മിനയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രമായ മക്കയിലെ അസീസിയയിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം തന്നെ ഹാജിമാർ മിനയിലേക്ക് യാത്ര തുടങ്ങിയിരുന്നു. ഇവർക്ക് ആവശ്യമായ ബസുകളും മറ്റു സൗകര്യങ്ങളും മുത്വവ്വിഫുമാരുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. മിനായിൽ എത്തിയ ഹാജിമാർ അറഫ സംഗമത്തിന് മുന്നോടിയായി മിനായിൽ കഴിച്ചു കൂട്ടും. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങൾക്ക് മിനാ താഴ്‌വാരം ഇന്ന് രാത്രി സാക്ഷിയാകും.
ഇന്ന് മിനായിൽ ഹാജിമാർ അഞ്ചു നേരത്തെ നിസ്‌കാരം പൂർത്തിയാക്കി അർദ്ധ രാത്രിക്കു ശേഷം അറാഫാത് മൈതാനം ലക്ഷ്യമാക്കി നീങ്ങും. വ്യാഴാഴ്ച്ച രാവിലെയോടെ തന്നെ മുഴുവൻ ഹാജിമാരും അറഫാത്തിൽ എത്തി ചേരും. ഹാജിമാർക്കായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയ പ്രത്യേക വാഹനങ്ങളിലാണ് അറഫാത്തിൽ ഹാജിമാർ എത്തിച്ചേരുക. അറഫ സംഗമത്തിന്റെ ഭാഗമായി നാളെ ദുഹ്ർ നിസ്‌കാര ശേഷം അറാഫാത് മൈതാനിയിലെ മസ്ജിദുന്നമിറയിൽ അറഫ പ്രഭാഷണവും ഉണ്ടാകും.
നാളെ നടക്കുന്ന അറഫാ സംഗമത്തിത്തിന് ശേഷം ഹാജിമാർ മുസ്‌ദലിഫ ലക്ഷ്യമാക്കി നീങ്ങും. കനത്ത ചൂട് ഹാജിമാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും വേണ്ട സജ്ജീകരണങ്ങൾ അധികൃതർ തന്നെ കൈക്കൊണ്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."