മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി 'ലീഡ്' എഡിറ്റര്‍, കേരളത്തിലും തമിഴ്‌നാട്ടിലുമായി 1500 ഓളം ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന്
മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി 'ലീഡ്' എഡിറ്റര്‍, കേരളത്തിലും തമിഴ്‌നാട്ടിലുമായി 1500 ഓളം ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി
ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി 'ലീഡ്' എഡിറ്റര്‍ സന്ധ്യ രവിശങ്കര്‍.
കേരളത്തിലും തമിഴ്‌നാട്ടിലുമായി പിണറായി വിജയന്‍ 1500 ഓളം ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ആക്ഷേപം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ 2018ല്‍ മാറ്റം കൊണ്ടുവന്നത് ഇത്തരം ഭൂമി തരംമാറ്റുന്നതിന് വേണ്ടിയാണെന്നും ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തയാറാക്കിയ വാര്‍ത്ത ലീഡില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് 'ലീഡില്‍' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറയുന്നു.
സന്ധ്യ രവിശങ്കറിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്നും ആരോപണം തെറ്റെങ്കില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു.
ഭൂമി കൈമാറ്റത്തിനായി ഫാരിസ് അബൂബക്കറും ശോഭ ഡെവലപ്പേഴ്‌സും തമ്മില്‍ നിരവധി സംശയസ്പദമായ ഇടപാടുകള്‍ നടത്തിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ പേരില്‍ തണ്ണീര്‍ത്തടങ്ങള്‍ അടക്കം നിരവധി ഭൂമി നികത്തി. കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് 1500 ഏക്കറോളം വാങ്ങിക്കൂട്ടിയത്. ഈ ഇടപാടുകളില്‍ നിന്നുള്ള 552 കോടി രൂപയോളം പോയത് വിദേശത്തേക്കാണ്. യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളിലേക്കാണ് ഈ പണം കടത്തിയിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്ന ശേഷം ഒരു അന്വേഷണ ഏജന്‍സി ബന്ധപ്പെട്ടിരുന്നുവെന്നും സന്ധ്യ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ഫാരിസ് അബൂബക്കര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണെന്നും സന്ധ്യ രവിശങ്കര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."