അപകടമൊഴിയാതെ ദേശീയപാത
തേഞ്ഞിപ്പലം: അപകടങ്ങള്‍ വിട്ടൊഴിയാതെ ദേശീയപാത. ചേളാരിക്കും കാക്കഞ്ചേരിക്കുമിടയിലുള്ള അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് അപകടങ്ങളാണുണ്ടായത്. ഇതില്‍ ഒരാള്‍ മരിക്കുകയും 52 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പാണമ്പ്രയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഇതില്‍ അവസാനത്തേത്. ഈ അപകടത്തില്‍ 45 പേര്‍ക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെ കാക്കഞ്ചേരി വളവില്‍ പ്ലൈവുഡുമായി പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി മറിഞ്ഞതാണ് മറ്റൊരപകടം. അപകടത്തില്‍ ലോറി ജീവനക്കാരായ മഹാരാഷ്ട്ര സ്വദേശികളായ രാംദാസ് (29), ദീപകി (22) എന്നിവര്‍ക്കു പരുക്കേറ്റിരുന്നു. അതേ ദിവസം ഉച്ചയ്ക്കു രണ്ടിനു തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കാര്‍ സമീപത്തെ അഞ്ചടി താഴ്ചയുള്ള തൊടിയിലേക്കു മറിഞ്ഞു. ഇതില്‍ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു. അന്നു രാത്രി പത്തോടെ കാക്കഞ്ചേരിയില്‍ ലോറി ബൈക്കിലിടിച്ചു മറ്റൊരു അപകടവുമുണ്ടായി. ഇതില്‍ ബൈക്ക് യാത്രികനായ ചേലേമ്പ്ര സ്വദേശി മുഹമ്മദ് ശാഫി (26) മരിച്ചു.
ഇന്നലെ രാവിലെ കോഹിനൂരില്‍ ബൈക്കില്‍നിന്നു വീണ സ്ത്രീയുടെ കാലില്‍ ബസ് കയറുകയും സ്ത്രീക്കു പരുക്കേല്‍ക്കുകയും ചെയ്തു. അമിതവേഗതയും മത്സരയോട്ടവുമാണ് പലപ്പോഴും അപകടത്തിനിടയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."