ഏകത്വത്തിൽ ബഹുസ്വരത എവിടെ?
ഡോ.എ.ബി മൊയ്തീൻ കുട്ടി
ഇന്ത്യൻ യൂനിയൻ രൂപീകരണ കാലത്ത് ബ്രിട്ടിഷ് ഭരണ ഭാഗമല്ലാതിരുന്ന ചില പ്രദേശങ്ങൾ പല നയങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലാണ് രാജ്യത്തിൻ്റെ അവിഭാജ്യഘടകമായത്. അതിൽ കശ്മിരുണ്ട്, ജുനാഗഡുണ്ട്, ഹൈദരബാദും തിരുവിതാംകൂറുമുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുണ്ട്. കശ്മിരിൽ മാത്രമല്ല പ്രത്യേക നിയമമുള്ളത്; ഭൂമി മറ്റുള്ളവർക്ക് വാങ്ങാൻ അനുവദിക്കാത്തത്. പ്രവേശന പെർമിഷൻ ആവശ്യമുള്ള പ്രദേശങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴുമുണ്ട്.
എന്നാലും കശ്മിരിനു മാത്രമാണ് പ്രത്യേക അവകാശമെന്ന് നമ്മുടെ മസ്തകങ്ങളിലേക്ക് അടിച്ചുകയറ്റപ്പെട്ട ധാരണകൾക്ക് കാരണം നേരത്തെ പറഞ്ഞ ന്യൂനീകരണ പ്രവണതയാണ്. മുസ്‌ലിം അപരനെ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വീക്ഷണം. അതിനാൽ പൊതുപ്രശ്നങ്ങളെ ആ രീതിയിൽ കാണണം. ഏക സിവിൽകോഡും മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഏക സിവിൽകോഡില്ലാത്ത ഏക രാജ്യം ഇന്ത്യ മാത്രമാണെന്നും തെറ്റിദ്ധരിക്കണ്ട. പാകിസ്താനെയും ഈജിപ്തിനെയും ചൂണ്ടിപ്പറയുന്നവർ ബോധപൂർവം ഇന്ത്യ മതേതര രാജ്യമാണെന്നു മറക്കുന്നു.
വിവാഹം, വിവാഹമോചനം, ദത്ത്, പരിപാലനം, രക്ഷാകർതൃത്വം, അനന്തരാവകാശം, പിന്തുടർച്ചാവകാശം മുതലായ ചില കാര്യങ്ങളിൽ പൗരന്മാർക്ക് വ്യക്തിനിയമങ്ങളാണ് ബാധകം. 839 ഓളം കേന്ദ്രനിയമങ്ങൾ നിലനിൽക്കുന്ന ഒരു നാട്ടിൽ വിരലിലെണ്ണാവുന്ന വ്യക്തിനിയമങ്ങൾ ഉള്ളത് രാജ്യത്തെ 'പൊതു'സ്വഭാവത്തിനും ഐക്യത്തിനും അഖണ്ഡതക്കും ഹാനികരമല്ല.
ഇന്ത്യയിൽ എകീകൃത ക്രിമിനൽ നിയമമുണ്ടോ? ഗുജറാത്തിൽ മദ്യപാനം പത്തുവർഷംവരെ തടവു കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്. എന്നാൽ തൊട്ടടുത്ത ഗോവയിൽ മദ്യമാണ് പ്രധാന വരുമാന മാർഗം. ചില സംസ്ഥാനങ്ങളിൽ ഗോവധം ക്രിമിനൽ കുറ്റമാണ്. വിവാഹ മോചനത്തിന്റെ ഒരു രൂപവും മുസ്‌ലിംകൾ ഒഴികെ മറ്റാർക്കും ക്രിമിനൽ കുറ്റമല്ല.
മനുഷ്യാവകാശങ്ങൾ, മൗലികാവകാശങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക അവകാശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചതുകൊണ്ടും കോടതി സ്വമേധയാ 'ആക്റ്റ്' ചെയ്തതിനാലും പാർലമെന്റ് വിവിധ സന്ദർഭങ്ങളിൽ നിയമനിർമാണം നടത്തിയതോടെയും വ്യക്തിനിയമത്തിന്റെ പരിധി കുറഞ്ഞിട്ടുണ്ട്. മനുസ്മൃതിയും ഫത്താവ ആലംഗീരിയും നിലനിന്ന ഒരു ദേശത്ത് ബ്രിട്ടിഷ് നിയമം കൊണ്ടുവന്നു. 1772ൽ വാറൻ ഹോസ്റ്റിങ്ങ്സ് വ്യക്തിഗത കാര്യങ്ങളിൽ ഹിന്ദുക്കൾക്ക് ഹിന്ദു നിയമവും മുസ്‌ലിംകൾക്ക് മുസ്‌ലിം നിയമവും അനുവദിച്ചു.
അതേസമയം, ചിലർ വാദിക്കുന്നതുപോലെ ഗോവയിൽ പോർച്ചുഗീസ് കാലം മുതലുള്ള 'പൊതു സിവിൽകോഡ്' മാതൃക എകീകൃത സിവിൽ കോഡിന്റേതല്ല. വിശാല അർഥത്തിൽ ഹിന്ദു ദ്വിഭാര്യത്വവും ഹിന്ദു ദത്തും മാത്രം അനുവദിക്കുന്ന, മറ്റു മതസ്ഥർക്ക് അതനുവദിക്കാത്ത, ഹിന്ദുക്കൾക്ക് വിവാഹമോചനത്തിനു പരപുരുഷഗമനമല്ലാത്ത ഒന്നുമനുവദിക്കാത്ത നിയമം എങ്ങനെയാണ് എകീകൃത കോഡാവുക? ഹിന്ദു, ക്രിസ്ത്യൻ, പൊതു വിഭാഗങ്ങൾക്ക് ചില കാര്യങ്ങളിൽ വ്യത്യസ്ത നിയമമാണ് ഗോവൻ സിവിൽ കോഡിൽ. യു.സി.സിക്ക് മാതൃക ഗോവയാണെങ്കിൽ അതു ഏകീകൃതമല്ലെന്ന് ആർക്കാണറിയാത്തത്?
മുകളിൽ സൂചിപ്പിച്ചപോലെ വിശാല മൗലികാവകാശങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രിംകോടതി പല സന്ദർഭങ്ങളിലായി വ്യക്തിനിയമങ്ങളുടെ വ്യാപ്തി കുറച്ചിട്ടുണ്ട്. ക്രിസ്ത്യൻ വ്യക്തിനിയമമനുസരിച്ച് 16ാം വയസിൽ വിവാഹിതരാകാം. എന്നാൽ ഇന്ന് അങ്ങനെ ചെയ്താൽ പോക്സോ കേസിൽ ജയിലിലാക്കും. ഹിന്ദു ദായകക്രമവും മാറ്റേണ്ടിവന്നിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കരാറാണ്.
എന്നാൽ ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അത് 'പവിത്ര' ആചാരമോ കുദാശകളിൽ ഒന്നോ ആണ്. ദത്തെടുക്കൽ ഹിന്ദുസമൂഹത്തിലെ സാമ്പത്തിക- ഭൂ ആസ്തികളുള്ള വിഭാഗങ്ങളിൽ മാത്രമേ പ്രധാനമായും നിലനിൽക്കുന്നുള്ളുവെങ്കിലും വ്യക്തിനിയമത്തിൽ അതിനു വ്യവസ്ഥയുണ്ട്. ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങൾക്ക് ആ ആനുകൂല്യം വ്യക്തിനിയമത്തിലില്ല.
തികച്ചും വ്യക്തിഗത കാര്യങ്ങളിൽ ഇന്ത്യയിലെ നാനാജാതി, മത, വർഗ വിഭാഗങ്ങളിലെ അംഗങ്ങൾ അനുഭവിക്കുന്ന വളരെ കുറഞ്ഞ വിഷയങ്ങളിലെ വ്യക്തിനിയമങ്ങൾ ഏകീകരിച്ച് കൂടുതൽ സൗകര്യപ്രദവും സമഗ്രവും ഇൻക്ലൂസീവും ആയ പൊതു സിവിൽകോഡു നടപ്പാക്കുകയാണെങ്കിൽ ആക്കട്ടെ എന്നു കരുതാനാകുമോ? അതു രാജ്യത്തിനു നല്ലതാകുമോ? സങ്കീർണമായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, മത, വർഗ പശ്ചാത്തലമുള്ള ഒരു രാജ്യത്ത് ലളിതയുക്തിയിലും മേധാവിത്വ രാഷ്ട്രീയത്തിലും അമിതാധികാര പ്രയോഗത്തിലും നടപ്പാക്കാവുന്ന നിർദേശക തത്വമാണോ ഏക സിവിൽകോഡ് എന്ന സംശയത്തിലാണ് രാജ്യത്തെ മതനിരപേക്ഷ പക്ഷവും മറ്റു സൽബുദ്ധികളും.
ഒരു ഭാഷ, ഒരു നികുതി, ഒരു നിയമം, ഒരു ആചാരം, ഒരു സംസ്കാരം അങ്ങനെ എല്ലാം 'ഒരു'വിലേക്ക് ചുരുക്കുന്നതിനെ ഇന്ത്യയുടെ 'ബഹു' തനിമയെ അറിയുന്നവർക്ക്, ബഹുസ്വരതയെ വാഴ്ത്തുന്നവർക്ക് അംഗീകരിക്കാനാവണമെന്നില്ല. അതുകൊണ്ടാണ് കേരള മുഖ്യമന്ത്രി ഏക സിവിൽകോഡ് ബഹുസ്വരതയെ തകർക്കുമെന്ന് പറഞ്ഞത്. സ്റ്റാലിൻ ഏകീകൃത സിവിൽകോഡിനെ എതിർക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എതിർപ്പ് അറിയിക്കുന്നത്. ഭരിക്കുന്നവരുടെ സഖ്യകക്ഷികൾ പോലും!
ഇന്ത്യ അഭിമുഖീകരിക്കുന്ന ജീവൽപ്രശ്നങ്ങളായ പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ബുൾഡോസർ ഭരണം, പൊലിസ് രാജ്, ആസ്തി വിറ്റഴിക്കൽ, ആൾക്കൂട്ടക്കൊല മുതലായവയിൽ നിന്ന് ശ്രദ്ധമാറ്റാൻ ഏകീകൃത സിവിൽകോഡ് എന്ന പുതിയ ചൂണ്ടയുമായി കെണിയൊരുക്കി അവരെത്തും.
നമുക്ക് ആ കെണിയിൽ വീഴാതിരിക്കാം. എന്തുകൊണ്ടെന്നാൽ വ്യക്തിനിയമങ്ങളിൽ പലതും സിവിലും ക്രിമിനലുമായ പൊതുനിയമങ്ങളിലൂടെ റദ്ദു ചെയ്തു കഴിഞ്ഞു. മാത്രമല്ല, ഇന്ത്യൻ സാമൂഹിക ഭൂമികയിൽ വെറുപ്പിന്റെയും ഭയത്തിന്റെയും വിത്തുവിതച്ച് വിഭാഗീയതയും വിഭജനവും കൊയ്യാൻ കാത്തിരിക്കുന്നവർക്ക് നിരാശ സമ്മാനിക്കേണ്ടത് ജനാധിപത്യത്തിലും മാനവികതയിലും വിശ്വസക്കുന്ന ഏതൊരു പൗരന്റെയും കടമയാണ്.
വാൽക്കഷ്ണം
ലോ കമ്മിഷൻ ഓഫ് ഇന്ത്യ ജൂൺ 14 ന് ഏകീകൃത സിവിൽകോഡിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ 14 വരെ അഭിപ്രായം വ്യക്തികൾക്കോ സംഘടനകൾക്കോ നൽകാം. എന്നിട്ടെന്തു ഫലം എന്നൊന്നും ചോദിക്കരുത്. അതൊരു ജനാധിപത്യ മാമൂലാണ്.
(അവസാനിച്ചു)
Content Highlights: today's Article About ucc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."