ബഷീറിയൻ സാഹിത്യം: ജീവിതാനുഭവ സർഗാത്മകത
ഇ.കെ ദിനേശൻ
വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാള സാഹിത്യത്തിലെ എക്കാലത്തെയും സുൽത്താൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 29 വർഷം തികയുന്നു. ഈ കാലയളവിൽ മലയാള സാഹിത്യത്തിലും സാംസ്കാരിക പരിസരങ്ങളിലും പല മാറ്റങ്ങളും സംവേദന രീതികളും രൂപപ്പെടുകയുണ്ടായി. അത്തരം മാറ്റങ്ങളെ രൂപപ്പെടുത്തിയ ജ്ഞാന സങ്കേതങ്ങൾ സാഹിത്യത്തിൽ ഉണ്ടാക്കിയ സൗന്ദര്യാത്മക ഭാവുകങ്ങൾ പുതിയ വായനാലോകത്തെ അതിശയിപ്പിക്കുകയാണ്.
പലപ്പോഴും ഭാവനയേക്കാൾ അനുഭവങ്ങൾക്ക് സർഗാത്മക സൗന്ദര്യത്തെ കാലാതീതമായി നിലനിർത്താൻ കഴിയാറുണ്ട്. സാഹിത്യത്തിലെ തത്ത്വശാസ്ത്രപരമായ ബോധനതലങ്ങളെ അതിന് (അനുഭവങ്ങൾക്ക്) മറികടക്കാൻ കഴിയുന്നു. എഴുത്തിൽ എക്കാലത്തും ഇത് നിലനിന്നു പോന്നിട്ടുണ്ട്. ചിലപ്പോൾ അത് മതത്തിനും ഭരണകൂട താത്പര്യത്തിനും വിരുദ്ധമാകുമ്പോൾ എഴുത്തുകാരൻ വിമർശിക്കപ്പെടുന്നു. ഇത്തരമൊരു അനുഭവത്തെക്കുറിച്ച് ബഷീർ പാത്തുമ്മയുടെ ആട് എന്ന നോവലിൻ്റെ 46ാം പതിപ്പിൽ എഴുതിയിട്ടുണ്ട്. "ആ പുസ്തകത്തെ എല്ലാവരും എതിർത്തു.
കത്തോലിക്കാ ക്രിസ്ത്യാനികൾ എതിർക്കുമെന്ന് ആയിടെ ചില സുഹൃത്തുക്കൾ എന്നോടു പറഞ്ഞിരുന്നു. എതിർപ്പിൻ്റെ കാരണം, എനിക്കറിഞ്ഞുകൂടാ. എന്തായാലും എല്ലാവരും കുശാലായി എതിർത്തു. കത്തോലിക്ക കോൺഗ്രസ്, പി.എസ്.പി, കോൺഗ്രസ്, മുസ്ലിം ലീഗ്, പത്രത്തിൽ കണ്ടത് ശരിയാണെങ്കിൽ എല്ലാവരും വേണ്ടുവോളം പുഴുത്തനുണ പറഞ്ഞുവെന്നാണു തോന്നുന്നത് " ( പാത്തുമ്മയുടെ ആട്, 46 പതിപ്പ്, പേജ് 10)
ബഷീറിൻ്റെ എഴുത്തിൽ എന്നും നിറഞ്ഞു തുളുമ്പുന്നത് പച്ചയായ ജീവിത അനുഭവങ്ങളാണ്. ഭാവനക്കപ്പുറം അനുഭവങ്ങളുടെ നെരിപ്പോടില്‍ നിന്ന് ജനിക്കുന്ന സാഹിത്യത്തെ അനുഭവസാക്ഷ്യങ്ങൾ എന്നതിനപ്പുറം സർഗാത്മകമായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബഷീറിയൻ സാഹിത്യത്തിൻ്റെ മേന്മ.
ഹാസ്യം കൊണ്ട് അതി മനോഹരമാക്കി. അതിൻ്റെ രൂപപരമായ സൗന്ദര്യവും ജൈവീകമായ ആശയപ്രതലവും സമൂഹത്തിലെ നാനാതരം മനുഷ്യരുമായി ഇപ്പോഴും സംവദിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊരുപക്ഷേ ബഷീറിൻ്റെ സമകാലികരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിൻ്റെ സാഹിത്യത്തിന് മാത്രം കിട്ടിയ അംഗീകാരമാണ്.
എതൊരു എഴുത്തുകാരൻ്റേയും ഭാവനാ പരിസരത്തെ രൂപപ്പെടുന്നതിൽ പാണ്ഡിത്യത്തെക്കാൾ അനുഭവത്തിനു നിർണായക പങ്കുണ്ട്. പാണ്ഡിത്യം കൊണ്ട് മാത്രം സർഗാത്മകതയെ ജൈവീകമായി രൂപപ്പെടുത്താനും നിലനിർത്താനും കഴിയില്ല. ബഷീറിയൻ സാഹിത്യത്തിന് അതിന് കഴിഞ്ഞത്, ബേപ്പൂർ സുൽത്താൻ എഴുതുകയായിരുന്നില്ല, നേരിൽ കണ്ടതും അനുഭവിച്ചതുമായ അവസ്ഥകൾക്ക് ജീവൻ നൽകുകയായിരുന്നു.
താൻ അനുഭവിച്ച പലതരം നോവിൽ നിന്നും അത് രൂപപ്പെട്ടു വന്നപ്പോൾ സാഹിത്യത്തിൻ്റെ സാമ്പ്രദായിക വേലിക്ക് അപ്പുറത്തേക്ക് ബഷീറിയൻ സാഹിത്യം പടർന്നുപന്തലിച്ചു. സകല കാലാവസ്ഥ വ്യതിയാനങ്ങളെയും അതിജീവിക്കുന്ന വിത്തായി ബഷീറിൻ്റെ അക്ഷരങ്ങൾ ഇക്കാലത്തും കരുത്തു നേടുകയാണ്. വായനയുടെ ആസ്വാദന തലങ്ങൾ നിരന്തരം പുതുക്കിപ്പണിയപ്പെടുമ്പോഴും ബഷീറിൻ്റെ സാഹിത്യം പഴയ ജൈവബോധത്തെ ആനന്ദത്തോടെ വായനക്കാരിലേക്ക് എത്തിക്കുന്നു. അതാകട്ടെ വെറും വായനാസുഖം എന്നതിനപ്പുറത്തേക്ക് സാമൂഹ്യ രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്ന് രൂപപ്പെട്ടവയാണെന്ന് ബഷീറിയൻ സാഹിത്യം പഠിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്നതാണ്.
പ്രപഞ്ചം മുഴുവൻ വ്യാപിക്കപ്പെട്ടതാണ് ആ ഭാവന. മനുഷ്യനു പുറത്ത് പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും അവയ്ക്കുള്ള അസ്തിത്വത്തെ സ്ഥാപിച്ചെടുക്കുന്നുണ്ട് ബഷീർ തൻ്റെ പേന വഴി. ഇത് നിസ്സാരമായി സാധ്യമാകുന്നതല്ല.
ഇന്ത്യയൊട്ടുക്കുള്ള അലച്ചിലും ജയിൽവാസവും ബഷീറിൻ്റെ സർഗാത്മകതയ്ക്ക് നൽകിയ ജൈവശക്തി ചെറുതല്ല. അത് ഇപ്പോഴും വായനക്കാരന് നൽകുന്ന അനുഭൂതിയാണ് അദ്ദേഹത്തെ കാലാതീത വായനയിലേക്ക് കൊണ്ടു പോകുന്നത്. തിരുവനന്തപുരം സെൻ്റർ ജയിലിൽ നിന്ന് 1942-ൽ എഴുതിയ പ്രേമലേഖനം പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവിതാംകൂറിൽ നിരോധിക്കപ്പെടുന്നുണ്ട്. ഇതേ പോലെ പരമ്പരാഗത സാമുദായിക ആചാരങ്ങളെ ഹാസ്യത്തിലൂടെ അവതരിപ്പിച്ചതിന് വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. അത്തരം വിമർശനങ്ങളെ ചിരിച്ച് കൊണ്ട് സ്നേഹത്തോടെ സ്വീകരിച്ച ബഷീർ തൻ്റെ എഴുത്തിനെ പ്രവചന സ്വഭാവമുള്ള വെളിപ്പെടുത്തലുകളാക്കി മാറ്റി.
അത് ഇപ്പോഴും നിലവിലെ സാമൂഹ്യവസ്ഥയുമായി കലഹിക്കുന്നുണ്ട്. അത്തരം കഥകളിൽ രാഷ്ട്രീയമുണ്ട്, കുടുംബമുണ്ട്, പരിസ്ഥിതിയുണ്ട്, മതവും ജാതിയും സാമുദായികതയുണ്ട്. ഇത്തരം വിഷയങ്ങളിലേക്ക് എത്തിച്ചേരാൻ കാരണം, ഏറ്റവും താഴെത്തട്ടിലെ മനുഷ്യരുമായാണ് അദ്ദേഹം സംവദിച്ചു കൊണ്ടിരുന്നത്.
ബഷീറിൻ്റെ ഇത്തരം കഥാപാത്രങ്ങൾ ലോകാവസനവരെ നിലനിൽക്കുന്നതാണ്. "ഭൂമിയുടെ അവകാശികൾ " എന്ന കഥ മലയാളത്തിലെ എക്കാലത്തെയും പാരിസ്ഥിതികവും മാനുഷികവുമായ അവസ്ഥയെ സാക്ഷ്യപ്പെടുത്തുന്നതാണ്.
ബഷീർ എന്ന പച്ച മനുഷ്യനെ കൃത്യമായി അവതരിപ്പിക്കുന്ന കഥയാണ് ജന്മദിനം.
താൻ ജനിച്ച ദിവസം എങ്ങനെയാണ് ബഷീറിൻ്റെ ജീവിതത്തെ പച്ചയിൽ മുറിച്ചിടുന്നത്. ചായ കുടിക്കാൻ കാശില്ലാതെ മണിക്കൂറുകൾ തള്ളിനീക്കുന്ന ബഷീർ ഓരോ മണിക്കൂറിലും തൻ്റെ ജീവിതം എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കാൻ കഥയിൽ സമയത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചയൂണിനെ വിളിച്ച ഹമീദിനെ കാണാതാവുകയും വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ വരാൻ സന്ധ്യ കഴിയും എന്ന മറുപടിയിൽ അതുവരെ പിടിച്ചു നിർത്തിയ വിശപ്പ് ബഷീറിനെ തളർത്തുന്നുണ്ട്.
ഈ കഥയിൽ സമൂഹത്തിലെ നിരവധി സംഭവങ്ങൾ കടന്നു വരുന്നു. രാഷ്ട്രീയം, അധികാരം, സമ്പന്ന മനുഷ്യരുടെ ആഡംബരം, പാവപ്പെട്ടവൻ്റെ യാതനകൾ. ഇതിനെയൊക്കെ സ്വന്തം ജീവിതവുമായി കൂട്ടികെട്ടാനുള്ള കഴിവ് ബഷീറിനു മാത്രം സാധ്യമായതാണ്. ഇത്തരം കഥാപാത്ര നിർമിതിയിൽ നാം ജീവിക്കുന്ന കാലത്ത് കണ്ടുമുട്ടുന്ന ചിലരുണ്ട് ബഷീർ കഥയിൽ. എട്ടുകാലി മമ്മൂഞ്ഞ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ എന്നിവരാണത്. മൂന്ന് പേരും എക്കാലത്തും കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിരന്തരം ഇടപെടുന്ന കഥാപാത്രങ്ങളാണ്. ബഷീറിനു ശേഷം കേരളത്തിൻ്റെ സാമൂഹ്യ ജീവിത പശ്ചാത്തലങ്ങൾ വളരെയധികം മാറ്റത്തിന് വിധേയമായിട്ടുണ്ട്. എന്നാൽ, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ പുതിയതും പഴയതുമായ വായനക്കാരുമായി നിരന്തരം സംവദിക്കുകയാണ്.
ഇതിനെല്ലാം അപ്പുറത്താണ് കുടുംബ എന്ന സങ്കൽപത്തെ ബഷീർ പുതുക്കിപ്പണിയുന്നത്. അതൊരു നവോഥാന പ്രവർത്തനം കൂടിയാണ്. പാത്തുമ്മയുടെ ആട് എന്ന നോവൽ അതിൻ്റെ മികച്ച അവതരണമാണ്. അതിലെ സാമൂഹ്യ വിമർശനമാകട്ടെ വെളിച്ചത്തിന് എന്തു വെളിച്ചം എന്ന് പ്രഖ്യാപിക്കുന്നു. ബാല്യകാലസഖിയും പ്രേമലേഖനവും ൻ്റുപ്പുപ്പാക്കൊരാന ണ്ടാർന്ന് തുടങ്ങിയ നോവൽ വഴി ബഷീർ സൃഷ്ടിച്ച നവോഥാന വെളിച്ചം മലയാള സാഹിത്യത്തെ ഇപ്പോഴും സമ്പന്നമാക്കുകയാണ്.
Content Highlights:Today's Article About Basheer
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."