സിവിൽകോഡ് വിവാദത്തിലെ അപായഗർത്തങ്ങൾ
കാസിം ഇരിക്കൂർ
ഏകീകൃത സിവിൽകോഡിനെക്കുറിച്ചുള്ള ചർച്ച സജീവമാകുമ്പോൾ ചരിത്രം അതിൻ്റെ എല്ലാ വിഹ്വലതകളോടുകൂടി ആവർത്തിക്കപ്പെടുകയാണ്. ആസൂത്രിതമായ ഒരു രാഷ്ട്രീയ കരുനീക്കത്തിൻ്റെ ഭാഗമാണിതെന്ന് തുടക്കത്തലേ തിരിച്ചറിയപ്പെട്ടത് നന്നായി. 1980കളുടെ രണ്ടാം പാദത്തിൽ ഷാബാനുബീഗം കേസിൻ്റെ വിധിയും തുടർന്ന് കെട്ടഴിഞ്ഞുവീണ ശരീഅത്ത് വിവാദവും ഒടുവിൽ രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വനിത നിയമവുമൊക്കയാണല്ലോ അതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീനമായി കിടന്ന, ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ ഭൂതത്തെ കുടത്തിൽനിന്ന് തുറന്നുവിട്ടത്. രാമജന്മഭൂമി പ്രക്ഷോഭത്തിന് ഇന്ധനമായി വർത്തിച്ചതാവട്ടെ കോൺഗ്രസ് സർക്കാർ ‘മുസ്ലിം മതമൗലികവാദി’കൾക്ക് മുന്നിൽ കീഴടങ്ങിയെന്ന കുപ്രചാരണം ഉൽപാദിപ്പിച്ച രോഷവും പ്രതിഷേധവുമൊക്കെയാണ്.
അതുവരെ രണ്ട് ലോക്സഭ സീറ്റിൽ ഒതുങ്ങിക്കഴിഞ്ഞ ബി.ജെ.പിക്ക് അടിത്തറ വികസിപ്പിക്കാനും അംഗബലം വർധിപ്പിക്കാനുമുള്ള മണ്ണ് പാകപ്പെടുത്തിക്കൊടുത്തതും 1996ആയപ്പോഴേക്കും അധികാരം എത്തിപ്പിടിക്കാൻ കരുത്തേകിയതും എൺപതുകളുടെ ഒടുവിൽ സംഭരിച്ചുതുടങ്ങിയ വർഗീയ പിന്തുണ രാഷ്ട്രീയമായി വിനിയോഗിക്കപ്പെട്ടപ്പോഴാണ്. മതഭിന്നതയാണ് രാജ്യത്തിൻ്റെ വിഭജനത്തിലേക്ക് നയിച്ചതെങ്കിൽ സാമൂഹിക വിഭജനവും വർഗീയതയുടെ ഫലപ്രദമായ പ്രയോഗവത്കരണവുമാണ് ആർ.എസ്.എസിൻ്റെ കൈകളിൽ രാജ്യാധികാരം കൊണ്ടെത്തിച്ചത്. മോദി ഭരണത്തിൻ്റെ മൂന്നാമൂഴം ഉറപ്പിക്കാൻ മറ്റൊരു മതവിഷയം തന്നെ ആർ.എസ്.എസിന് പുറത്തെടുക്കേണ്ടിവന്നത് രാഷ്ട്രീയമായി അവർ എന്തുമാത്രം പാപ്പരാണെന്ന് വിളിച്ചുപറയുന്നു.
മോദിയുടെ വിതണ്ഡവാദങ്ങൾ
ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭരിക്കുന്നവരുടെ കൈകളിലെ ജനാധിപത്യവിധ്വംസക ആയുധങ്ങളാക്കി മാറ്റിയെടുത്ത, മോദി വാഴുന്ന ഈ കെട്ടകാലത്ത് നിയമ കമ്മിഷൻ മാത്രം നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് കരുതുന്നത് മൗഢ്യമാണല്ലോ. വിശിഷ്യാ, സംഘ്പരിവാർ അജൻഡകൾ നടപ്പാക്കാൻ ആവേശം കാട്ടിയ കർണാടക മുൻ ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി ലോ കമ്മിഷന് നേതൃത്വം നൽകുമ്പോൾ. 21ാം നിയമ കമ്മിഷൻ ഈ വിഷയത്തിൽ സമർപ്പിച്ച യുക്തിഭദ്രവും നിഷ്പക്ഷവുമായ റിപ്പോർട്ട് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടും മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുമാറ് ഏകീകൃത സിവിൽകോഡ് വിഷയം വീണ്ടും എടുത്തിട്ടത് ആസൂത്രിതമാണെന്നേ വിശ്വസിക്കാനാവൂ.
രാജ്യത്തിന് മൊത്തം ബാധകമായ പൊതുസിവിൽ കോഡല്ല, പ്രത്യുത വിവിധ വ്യക്തിനിയമങ്ങളിൽ കടന്നുകൂടിയ വിവേചന വ്യവസ്ഥകൾ ദൂരീകരിക്കാനുള്ള പരിഷ്കരണ ശ്രമങ്ങളാണ് വേണ്ടതെന്ന കമ്മിഷൻ്റെ കണ്ടെത്തൽ വിഷയത്തിൻ്റെ മർമം തൊട്ടറിഞ്ഞുള്ളതാണ്.
ആ റിപ്പോർട്ടോടെ പൊതു സിവിൽകോഡ് അധ്യായം അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്നാണ് ഇപ്പോഴത്തെ പടപ്പുറപ്പാട്. ഈ വിഷയത്തിൽ ലോ കമ്മിഷൻ സമുദായ നേതാക്കളിൽനിന്നും വ്യക്തികളിൽനിന്നും ഒരു മാസത്തിനകം അഭിപ്രായനിർദേശങ്ങൾ തേടിയപ്പോൾ തന്നെ അത്യാഹിതം മണത്തറിഞ്ഞവരുടെ ഉത്ക്കണ്ഠ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകൾ. സംഘ്പരിവാർ വീക്ഷണകോണിലുടെ എങ്ങനെ ഒരു വിഷയത്തെ വളച്ചൊടിച്ച് അവതരിപ്പിക്കാം എന്നതിൻ്റെ മുന്തിയ ഉദാഹരണം കൂടിയാണ് നരേന്ദ്രമോദി എന്ന ‘പ്രചാരകി’ൻ്റെ വിചിത്രവാദങ്ങൾ. അതും രണ്ടുമാസമായി കത്തിയെരിയുന്ന മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ മൗനീബാബയായി തുടരുമ്പോൾ.
ഒരു രാജ്യത്തിന് രണ്ട് നിയമങ്ങൾ പറ്റില്ല എന്ന മോദിയുടെ വാചാടോപം ശുദ്ധഭോഷ്ക്കാണ്. ‘ലീഗൽ പ്ലൂരലിസം’ ബഹുസ്വരസമൂഹത്തിൻ്റെ സവിശേഷതയാണെന്ന യാഥാർഥ്യം മോദിയുടെ പരിമിതജ്ഞാനത്തിന് പുറത്താണ്. മധ്യപ്രദേശിൽ ബൂത്തുതല യോഗത്തിൽ അദ്ദേഹം അദ്ദേഹം പറഞ്ഞത് കേട്ടില്ലേ? ‘നിങ്ങൾ പറയൂ, ഒരു വീട്ടിൽ ഒരംഗത്തിന് ഒരു നിയമവും മറ്റൊരു അംഗത്തിന് മറ്റൊരു നിയമവും എങ്ങനെ അനുവദിക്കാനാവും? അങ്ങനെ ഒരു വീട്ടിന് പ്രവർത്തിക്കാനാവുമോ? അങ്ങനെ ദ്വന്ദനിയമ വ്യവസ്ഥ കൊണ്ട് എങ്ങനെ ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവും? ഇന്ത്യൻ ഭരണഘടനയിൽ എല്ലാവർക്കും ഒരേ അവകാശമാണെന്ന് പരാമർശിക്കുന്നുണ്ടെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട്’. 142കോടി മനുഷ്യർ ജീവിക്കുന്ന വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ ഒരു മഹാരാജ്യത്തിൻ്റെ സങ്കീർണമായ സാമൂഹികാവസ്ഥയെ എത്ര ലാഘവത്തോടെയാണ് പ്രധാനമന്ത്രി വിശദീകരിച്ചത്?
ലോകം വൈവിധ്യങ്ങളെ കൊണ്ടാടുകയും വിവിധ ജനതതികളുടെ സാംസ്കാരിക സ്വത്വങ്ങൾ പരിരക്ഷിക്കാൻ രാഷ്ട്രാന്തരീയ ഉടമ്പടികൾക്ക് രൂപം കൊടുക്കുകയും ചെയ്യുമ്പോഴാണ് ഒരു ഭരണാധികാരിയിൽനിന്ന് ഇമ്മട്ടിലുള്ള ജൽപനങ്ങൾ കേൾക്കേണ്ടിവരുന്നത്.
സ്വയം നശിക്കാൻ ഏത് പാർട്ടിയുടെ പ്രേരണയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് മുസ്ലിംകൾ മനസ്സിലാക്കണമെന്നും ഏത് പാർട്ടിയാണ് തങ്ങളെ ചൂഷണം ചെയ്യുന്നതെന്ന് തിരിച്ചറിയണമെന്നും മോദി തട്ടിവിടുമ്പോൾ, പൊതു സിവിൽകോഡിനെതിരായ ന്യൂനപക്ഷങ്ങളുടെ പ്രതിരോധം ആരുടെയൊക്കെയോ പ്രേരണമൂലമാണെന്നും അല്ലാതെ മുസ്ലിംകൾക്ക് ഈ വിഷയത്തിൽ എതിർപ്പില്ലെന്നും വരുത്തിത്തീർക്കാനുള്ള സൃഗാലബുദ്ധിയാണ് പ്രയോഗിക്കുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും മാത്രമല്ല, വിവിധ ഗോത്ര-വർഗ വിഭാഗങ്ങളും ആദിവാസികളും ചാതുർവർണ വ്യവസ്ഥയുടെ പീഡനനങ്ങൾ ഏറ്റുവാങ്ങുന്ന ജനകോടികളും മതേതര വിശ്വാസികളും ഏകീകൃത സിവിൽകോഡ് എന്ന ആശയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നുണ്ടെന്ന വാസ്തവം മോദി മറച്ചുപിടിക്കുകയാണ്.
താനും പാർട്ടിയും അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയും വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടി മാനസികമായി ഇന്ത്യയെ വിഭജിക്കുകയുമാണ് മോദി ലക്ഷ്യമിടുന്നത്. ഒമ്പത് വർഷത്തെ ബി.ജെ.പി ഭരണത്തിൽ 20കോടി വരുന്ന മുസ്ലിംകളുടെ പൗരത്വാവകാശത്തിനു നേരെ വാളോങ്ങുകയും അധികാരത്തിൻ്റെ ഇടനാഴിയിൽനിന്നും ജനപ്രതിനിധിസഭകളിൽനിന്നും അവരെ പൂർണമായും അകറ്റിനിർത്തുകയും ന്യൂറംബെർഗ് മാതൃകയിൽ വിവേചനപരമായ നിയമങ്ങൾ ചുട്ടെടുത്ത് അവരുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്ത ഒരു ഭരണാധികാരിയാണ് ഭരണഘടനയിൽ മൃതാക്ഷരമായി മാറിയ തുല്യതയെകുറിച്ച് വേദമോതുന്നത്.
കാത്തിരിക്കുന്ന ചതിക്കുഴികൾ
ഏക സിവിൽകോഡ് വിവാദത്തെ ഹിന്ദു–മുസ്ലിം പ്രശ്നമായി വളർത്തിയെടുക്കാനും അതുവഴി വർഗീയ ധ്രുവീകരണം പാരമ്യതയിലെത്തിക്കാനുമുള്ള മോദിയുടെയും സംഘ്പരിവാറിൻ്റെയും അവരെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും അജൻഡ മുസ്ലിംകളടക്കമുള്ളവർ തുടക്കത്തിലേ തിരിച്ചറിഞ്ഞത് ആശ്വാസകരമാണ്. രണ്ടാം ശരീഅത്ത് വിവാദമാണ് ആർ.എസ്.എസ് സ്വപ്നം കാണുന്നത് എന്ന യാഥാർഥ്യം മനസിലാക്കി ഏക സിവിൽകോഡ് വിഷയം തെരുവിലേക്ക് വലിച്ചിഴക്കാൻ തങ്ങളില്ല എന്ന് മുസ്ലിം നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത് ബൂദ്ധിപൂർവ നീക്കമാണ്.
ആർ.എസ്.എസിൻ്റെ കുതന്ത്രങ്ങൾ തിരിച്ചറിയപ്പെടാതെ പോയാൽ പാർശ്വവത്കൃത സമൂഹത്തിന് അവരുടെ വ്യക്തിനിയമങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന് മാത്രമല്ല മോദിയുടെ മൂന്നാംമൂഴം ഉറപ്പിക്കുന്ന സാഹചര്യം വന്നുപെടുകയും ചെയ്യുമെന്ന് നേരത്തേ അവർ തിരിച്ചറിഞ്ഞു. പൊതുതെരഞ്ഞെടുപ്പിൻ്റെ പാദപതനം കേട്ടുതുടങ്ങിയ ഈ ഘട്ടത്തിൽ മറ്റൊരു ശരീഅത്ത് വിവാദത്തിലൂടെ ഹൈന്ദവ വോട്ടിൻ്റെ ഏകീകരണമാണ് സംഘ്പരിവാർ ഉന്നമിടുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ പാർട്ടികൾ ഐക്യസ്വരം ഉയർത്തിയ നിർണായക ഘട്ടത്തിൽ.
മതേതര കക്ഷികളുടെ നേതൃത്വത്തിലാവണം ഈ വിഷയത്തിലുള്ള പോരാട്ടം. കാതുകുത്തുന്നിടത്തുനിന്ന് ഇറച്ചിവാരാൻ ആരും തുനിയരുത്. ചിന്തകനായ ഇംതിയാസ് അഹമ്മദ് പലപ്പോഴും ഓർമപ്പെടുത്താറുള്ള ഒരു കാര്യമുണ്ട്: ഭൂരിപക്ഷ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുന്ന സംരക്ഷണ മാർഗത്തെക്കുറിച്ച് ചിന്തിക്കരുത്. പൊതു സിവിൽകോഡ് എന്ന ആശയം ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനും സാംസ്കാരികവകാശങ്ങൾക്കും എതിരാണെന്ന പോയൻ്റിൽ ഉൗന്നിയാവണം ഏത് പ്രചാരണവും.
Content Highlights:today's article written by kasim irikkur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."