കെ.എസ്.യു നേതൃത്വം മുതല്‍ മുഖ്യമന്ത്രി പദംവരെ, ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ യാത്ര
കെ.എസ്.യു നേതൃത്വം മുതല്‍ മുഖ്യമന്ത്രി പദംവരെ, ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ യാത്ര
1970നും വളരെ മുമ്പേ കെ.എസ്.യുവിലൂടെ കടന്നുവന്ന്, നീണ്ട കാലഘട്ടത്തിലൂടെ സ്വന്തം പ്രസക്തി തെളിയിക്കുകയും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. എപ്പോഴും ജനങ്ങളോടൊപ്പം നിന്ന്, അവരുടെ പ്രശ്‌നങ്ങളും പരാതികളും സങ്കടങ്ങളും കേട്ട് അതൊക്കെ പരിഹരിക്കാന്‍ രാഷ്ട്രീയവഴികള്‍ കണ്ടെത്തിയ, ജനനായകന്‍ എന്ന പേര് അന്വര്‍ഥമാക്കിയ നേതാവാണദ്ദേഹം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി തുടങ്ങി പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും എം.എല്‍.എ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായുമെല്ലാം പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടി നിലപാടിനാലും രാഷ്ട്രീയത്തിനാലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ഏറെ സ്വാധീനിച്ചു.
1970ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ചാണ്ടി ആദ്യമായി കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍നിന്ന്. അന്ന് ഉമ്മന്‍ ചാണ്ടിക്ക് 27 വയസ്. എ.കെ ആന്റണി, എ.സി ഷണ്‍മുഖദാസ്, കൊട്ടറ ഗോപാലകൃഷ്ണന്‍, എന്‍. രാമകൃഷ്ണന്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ആ തെരഞ്ഞെടുപ്പില്‍ നിയമസഭയിലെത്തി. എല്ലാവരും 30 വയസില്‍ താഴെയുള്ളവര്‍. കേരള നിയമസഭയിലെ കോണ്‍ഗ്രസ് ബെഞ്ചുകളില്‍ യുവത്വം വെട്ടിത്തിളങ്ങുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടതും 1970ല്‍ തന്നെ.
ഐക്യ കേരളത്തിന്റെ ജനാധിപത്യ ഭരണക്രമം തുടങ്ങുന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിലൂടെയാണ്. 1957ല്‍ ആ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തെയും ഭൂപരിഷ്‌ക്കരണത്തെയും കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഉടലെടുത്ത സമുദായശക്തികള്‍ എതിര്‍ത്തു. എന്‍.എസ്.എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനും കൂടി ചേര്‍ന്നതോടെ ഇ.എം.എസ് സര്‍ക്കാരിനെതിരേയുള്ള സമരം വിമോചന സമരമായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 1958 കാലത്ത് കുട്ടനാട്ടില്‍ ബോട്ട് യാത്രക്കൂലി വര്‍ധിപ്പിച്ചതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ സമരം കെ.എസ്.യുവിന്റെ വളര്‍ച്ചയ്ക്കും കാരണമായി. ആ കാലത്താണ് കുട്ടനാട്ടിലെ ജലഗതാഗതം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. ബോട്ട് യാത്ര ജലഗതാഗത കോര്‍പറേഷനു കീഴിലാക്കി. കടത്തുകൂലി ഒരണയായിരുന്നത് (ഒരണ എന്നാല്‍ ആറു പൈസ) പത്തു പൈസയാക്കി വര്‍ധിപ്പിച്ചു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. കൂട്ടംകൂട്ടമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കുചേര്‍ന്നതോടെ സമരം അതിവേഗം വ്യാപിച്ചു. പൊലിസ് സമരത്തെ ശക്തമായി നേരിട്ടു. 'ഒരണാ സമരം' എന്ന പേരില്‍ അറിയപ്പെട്ട ഈ വിദ്യാര്‍ഥി സമരമാണ് കെ.എസ്.യുവിന്റെ വളര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ആ സമരത്തിലൂടെ ഉദിച്ചുയര്‍ന്ന ആദ്യ നേതാവാണ് പിന്നീട് വയലാര്‍ രവി എന്ന പേരില്‍ അറിയപ്പെട്ട എം.കെ രവീന്ദ്രന്‍. തൊട്ടുപിന്നാലെ എ.കെ ആന്റണി, അതു കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി. കേരള രാഷ്ട്രീയത്തിന് കെ.എസ്.യു നല്‍കിയ മൂന്നു നേതാക്കള്‍.
കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും പുതിയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ സംഘടനാരൂപം നല്‍കിയത് എം.എ ജോണ്‍ ആയിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയിട്ടുകൊണ്ട് വിദ്യാര്‍ഥിയുവജന സംഘടനകളായി കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും വളര്‍ന്നു. കെ.എസ്.യുവിന്റെയും പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും പ്രസിഡന്റായി ഉമ്മന്‍ ചാണ്ടി വളര്‍ന്നത് ഒരു കൊടുങ്കാറ്റുപോലെ. എ.കെ ആന്റണിക്കു തൊട്ടുപിന്നാലെ. എപ്പോഴും ആന്റണിക്കു തൊട്ടുതാഴെ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നു. സംഘടനയിലും ഭരണത്തിലും താക്കോല്‍ സ്ഥാനങ്ങള്‍ യുവാക്കള്‍ കൈക്കലാക്കണമെന്ന് ക്യാംപുകളിലും സ്റ്റഡി ക്ലാസുകളിലും എം.എ ജോണിനെപ്പോലെയുള്ള നേതാക്കള്‍ ആഹ്വാനം ചെയ്തു. മുതിര്‍ന്നനിര നേതാക്കളെ വെട്ടിമാറ്റി യുവനേതൃനിര കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നു. എ.കെ ആന്റണി മുന്നില്‍ തൊട്ടുപിന്നാലെ രണ്ടാമനായി ഉമ്മന്‍ ചാണ്ടി. സി.പി.എം, സി.പി.ഐ എന്നിങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നെങ്കിലും 1967ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് സി.പി.ഐ മുസ്ലിം ലീഗ് എന്നിങ്ങനെ ഏഴു കക്ഷികളെ കൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കി കേരള ഭരണം പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗബലം വെറും ഒമ്പതായി കുറഞ്ഞു. ഒമ്പതംഗ നിയമസഭാ കക്ഷിയുടെ നേതാവായ ഉയര്‍ന്ന കെ. കരുണാകരന്‍ അവിടെ നിന്നു കോണ്‍ഗ്രസിനെ പിടിച്ചുയര്‍ത്തി. സി.പി.ഐയെയും മുസ്ലിം ലീഗിനെയും കൂട്ടുപിടിച്ച് കരുണാകരന്‍ മുന്നേറുന്നതാണ് പിന്നെ കേരളം കണ്ടത്. സി.പി.ഐ നേതാവ് സി. അച്യുതമേനോനെ കൊണ്ടുവന്ന് മുഖ്യമന്ത്രിപദം ഏല്‍പ്പിച്ചുകൊടുക്കാനും കരുണാകരന്‍തന്നെ മുന്നില്‍നിന്നു.
നിലയുറപ്പിക്കുന്നതും ഇരുവരുടെയും നേതൃത്വത്തില്‍ രണ്ടു പ്രബല ഗ്രൂപ്പുകള്‍ രൂപമെടുക്കുന്നതുമാണ് കേരള രാഷ്ട്രീയം പിന്നീടു കണ്ടത്. അപ്പോഴെല്ലാം ആന്റണി മുന്നില്‍നിന്നു പട നയിച്ചു. തൊട്ടുപിന്നില്‍ ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. രണ്ടാമനായിത്തന്നെ. ആന്റണിക്ക് എല്ലാ ഒത്താശകളും ചെയ്തുകൊണ്ട്. ഇന്നത്തെ യു.ഡി.എഫിനു തുടക്കം കുറിച്ചത് കരുണാകരനാണ്. അതിനദ്ദേഹത്തിനു തുണയായത് കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും. മലബാര്‍ പ്രദേശത്ത് മുസ്ലിം ലീഗും മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസും മുന്നണിക്ക് അടിത്തറയായി. കരുണാകരന്‍ ഒരുവശത്ത് കെ.എം മാണിയെയും മറുവശത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെയും തുണയായി നിര്‍ത്തി. യു.ഡി.എഫിന്റെ ആണിക്കല്ലുകളായി നിലകൊണ്ടു ഈ മൂവര്‍ സംഘം. കോണ്‍ഗ്രസില്‍ ആന്റണിപക്ഷം വളരുകയായിരുന്നു. ആദര്‍ശ ധീരതയുടെയും ഇടതുപക്ഷ ചിന്തയുടെയും കരുത്തില്‍ എ.കെ ആന്റണി മുന്നില്‍ നിന്നു. കരുണാകരനെ എപ്പോഴും തിരുത്തുന്ന ശക്തിയായി ആന്റണിയും കൂട്ടരും വളര്‍ന്നു. എപ്പോഴും രണ്ടാമനായി ഉമ്മന്‍ ചാണ്ടി ആന്റണിക്കൊപ്പം നിന്നു. കരുണാകരപക്ഷവും ആന്റണി പക്ഷവും ഏറ്റുമുട്ടിക്കൊണ്ടിരുന്നുവെങ്കിലും ഒന്നിടവിട്ട കൃത്യമായ ഇടവേളകളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തുകൊണ്ടിരുന്നു. അങ്ങനെ 1991ല്‍ വീണ്ടും ഭരണം യു.ഡി.എഫിന,് കരുണാകരന്‍ മുഖ്യമന്ത്രി.
സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെക്കാള്‍ മുഖ്യമന്ത്രി കരുണാകരന്‍ പേടിച്ചത് കോണ്‍ഗ്രസിനുള്ളില്‍ തനിക്കെതിരേ ഉയര്‍ന്നുകൊണ്ടിരുന്ന കരുനീക്കങ്ങളെയായിരുന്നു. ആന്റണിയുടെ 1994ലെ ഐ.എസ്.ആര്‍.ഒ ചാരക്കേസ് കോണ്‍ഗ്രസിനുള്ളില്‍ സംഘര്‍ഷം വളര്‍ത്തി. അതിനും മുമ്പു കരണാകരന്റെ സ്വന്തം ചേരിയില്‍ മുറുമുറുപ്പുയര്‍ന്നിരുന്നു. ജി. കാര്‍ത്തികേയന്‍, എം.ഐ ഷാനവാസ്, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട തിരുത്തല്‍വാദികളുടെ സംഘം പിന്നീട് ആന്റണി പക്ഷത്തോടു ചേര്‍ന്നു. കരുണാകരനെതിരേയുള്ള നീക്കം ശക്തമായി. എല്ലാറ്റിനും അണിയറയില്‍ നിന്നു ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ ചാണ്ടി. ആദ്യം പി.കെ കുഞ്ഞാലിക്കുട്ടിയുമായി ധാരണയിലെത്തി അദ്ദേഹം. പിന്നീട് കെ.എം മാണി, ടി.എം ജേക്കബ് എന്നിങ്ങനെ. അവസാനം കരുണാകരനോടൊപ്പം നില്‍ക്കാനുണ്ടായിരുന്നത് സി.എം.പി നേതാവ് എം.വി രാഘവന്‍ മാത്രം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ നിന്ന് കരണാകരന്റെ പ്രധാന അനുയായികളില്‍ ചിലരെക്കൂടി അടര്‍ത്തിയെടുത്ത് ഉമ്മന്‍ ചാണ്ടി കരുണാകരനെ ഒറ്റപ്പെടുത്തി. പ്രധാനമന്ത്രി പി.വി നരസിംഹ റാവുവും അകന്നതോടെ മുഖ്യമന്ത്രി കരുണാകരന്‍ തികച്ചും നിസഹായനായി. ആ പതനം ദയനീയമായിരുന്നു. ഒരു വമ്പന്റെ പതനം.
1995 മാര്‍ച്ച് 16ന് കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായി. 1969ല്‍ കരുണാകരന്‍ തുന്നിക്കൂട്ടിയ യു.ഡി.എഫ് എന്ന മുന്നണിയുടെ നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ കൈകളിലമര്‍ന്നു. മുഖ്യമന്ത്രി സ്ഥാനം കരുണാകര പക്ഷത്തു നിന്ന് ആന്റണിപക്ഷം പിടിച്ചെടുക്കുകയായിരുന്നു. എങ്കിലും അടുത്ത ഭരണം ഇടതു മുന്നണിയുടേതായിരുന്നു. വീണ്ടും 2001ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായി. പക്ഷേ 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ആന്റണി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. പിന്നെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി. എക്കാലത്തും ആന്റണിക്കു താഴെ രണ്ടാമനാകാന്‍ വിധിക്കപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടി അങ്ങനെ ഒടുവില്‍ ഒന്നാമാവുകയാണ്. അപ്പോഴും ഒന്നാമനു തുണയായി കെ.എം മാണിയും പി.കെ കുഞ്ഞാലിക്കുട്ടിയും. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുമുന്നണി ഭരണം പിടിച്ചെങ്കിലും 2011ല്‍ ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി.
മുഖ്യമന്ത്രിയായപ്പോഴും ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ആര്‍ക്കും ഏതു സമയത്തും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. എന്തു സങ്കടവും പറയാമായിരുന്നു. എവിടെ ചെന്നാലും ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിക്കു ചുറ്റും കൂടും. ആവലാതികള്‍ നിരത്തും. നിവേദനങ്ങള്‍ നല്‍കും. അവയ്‌ക്കൊക്കെ പരിഹാരം കാണാന്‍ പിന്നെയും പിന്നെയും പരിശ്രമിക്കും. ഒപ്പം രാപകലില്ലാതെ നെട്ടോട്ടമോടും. അങ്ങനെ ഓടിനടന്ന് ജനങ്ങളെ കണ്ട് അവര്‍ക്കുവേണ്ടി രാഷ്ട്രീയം പൊരുതി ഒരു നേതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."