ഭീതിവിതച്ച് മഴ; പ്രളയപ്പേടിയിൽ ഡൽഹി, ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ, മധ്യപ്രദേശിൽ ഇടിമിന്നലിൽ രണ്ട് മരണം
ഭീതിവിതച്ച് മഴ; പ്രളയപ്പേടിയിൽ ഡൽഹി, ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ, മധ്യപ്രദേശിൽ ഇടിമിന്നലിൽ രണ്ട് മരണം
ന്യൂഡൽഹി: സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ ഉത്തരേന്ത്യയിലും മഴ ശക്തമാവുകയാണ്. യമുന നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി വീണ്ടും പ്രളയത്തിലേക്ക് നീങ്ങുമെന്ന് സൂചന. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും വ്യപകമായി മഴ പെയ്യുന്നുണ്ട്.
ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് യമുന നദിയിലേക്ക് ജലം കൂടുതലായി ഒഴുക്കിയതാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണമായത്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ ശക്തമായതിനെ തുടർന്നാണ് അണക്കെട്ടിൽ നിന്ന് വെള്ളം കൂടുതലായി തുറന്നുവിട്ടത്. രണ്ട് ലക്ഷം ക്യൂസെസ് വെള്ളം അധികമായി അണക്കെട്ടിൽ നിന്ന് നദിയിലേക്ക് ഒഴുക്കിയതായാണ് റിപ്പോർട്ട്.
അപകടനിലയും ഉയർന്ന് ജലം പൊങ്ങിയതോടെ കനത്ത ജാഗ്രതയിലാണ് ഡൽഹി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും മഴ ശക്തമായാൽ ഡൽഹി വീണ്ടും വെള്ളത്തിനിടയിലാകും. നിലവിൽ രണ്ട് സംസ്ഥാനങ്ങളിലും മഴ വ്യാപകമാണ്. യമുനയിലെ ജലനിരപ്പ് അപകടനിലയിലേക്ക് എത്താനാണ് സാധ്യതയെന്ന ഡൽഹി റവന്യു മന്ത്രി അതിഷി അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് എത്തുമെന്ന് കേന്ദ്ര ജലകമ്മീഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയമുണ്ടായാൽ ഡൽഹിയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.
ഉത്തർപ്രദേശിൽ കനത്ത മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് വാഹനങ്ങളടക്കം മുങ്ങി. യുപിയിൽ കോട്ടവാലി നദി കര കവിഞ്ഞൊഴുകിയതോടെ ബിജ്‌നോറിലടക്കം റോഡിൽ വെള്ളം കയറി. ഇതോടെ പ്രദേശത്ത് യാത്ര നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. നേയിഡയിലെ ഹിൻഡൻ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കാറുകളടക്കമുള്ള വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതിനിടെ, മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് ജീവഹാനി സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഛട്ടാപുരിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടർന്നു അമർനാഥ് യാത്ര നിർത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."