വിവാദം വേണ്ട, മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത് ഒറ്റക്കെട്ടായി; പുതുപ്പള്ളി സ്ഥാനാര്‍ഥി ചര്‍ച്ച അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ്
വിവാദം വേണ്ട, മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചത് ഒറ്റക്കെട്ടായി; പുതുപ്പള്ളി സ്ഥാനാര്‍ഥി ചര്‍ച്ച അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഘടകകക്ഷി നേതാക്കള്‍ അടക്കം എല്ലാവരും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പാണിത്. സംസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപിക്കും. അതിനുള്ള അവകാശം ദയവ് ചെയ്ത് തരണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ ഉയര്‍ന്ന വിവാദം അനാവശ്യമെന്നും സതീശന്‍ വ്യക്തമാക്കി. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ വിളിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചതാണ്. ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടിയായതിനാലാണ് എല്ലാ മേഖലയില്‍പ്പെട്ട പ്രമുഖരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രിയെ അനുസ്മരണത്തിലേക്ക് ക്ഷണിക്കരുതായിരുന്നു എന്ന് കെ. സുധാകരനും സതീശനുമടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകരണം. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ കാര്യം ജനമധ്യത്തില്‍ ചര്‍ച്ചയാണ്. ഇക്കാര്യം ഉമ്മന്‍ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിയമസഭയില്‍ താന്‍ ഉന്നയിച്ചിട്ടുണ്ട്. സത്യം വിജയിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് പോലെ അവസാനം സത്യം വിജയിച്ചെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മുക്തരായിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ കല്ലറ അടക്കും മുമ്പ് രാഷ്ട്രീയ വിവാദമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് കൃത്യമായി പറയുമെന്നും സതീശന്‍ വ്യക്തമാക്കി.
എം.സി റോഡിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടതിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മോശമായി പ്രതികരിച്ചതിനെ കുറിച്ചും സതീശന്‍ പ്രതികരിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അവരുടെ ചുറ്റുമുള്ളവരുടെ നിലവാരം എന്താണെന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചുറ്റുമുള്ളവരുടെ നിലവാരം ഇതാണെന്ന് ജനങ്ങള്‍ അളക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സ്റ്റാഫ് ആണ് നിലവാരമില്ലാത്ത എഫ്.ബി പോസ്റ്റിട്ടാല്‍ അയാള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുമെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ പുറത്താകുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."