പത്ത് വർഷത്തിനിടെ മുങ്ങി മരിച്ചത് 25 ലക്ഷത്തിലേറെപ്പേർ; കൂടുതലും കുട്ടികൾ
പത്ത് വർഷത്തിനിടെ മുങ്ങി മരിച്ചത് 25 ലക്ഷത്തിലേറെപ്പേർ; കൂടുതലും കുട്ടികൾ
മുങ്ങി മരണങ്ങൾ നമ്മുടെ നാട്ടിൽ ഒരു തുടർസംഭവമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നിരവധി പേരാണ് ഓരോ വർഷവും മുങ്ങി മരിക്കുന്നത്. എന്നാൽ ഇത്തരം അപകടങ്ങൾ ഗൗരവകരമായി നമ്മളോ ഭരണകൂടമോ എടുക്കാറില്ല. ഓരോ മുങ്ങിമരണവും ഒറ്റപ്പെട്ട സംഭവമായാണ് നാം കാണുന്നത്. മുങ്ങി മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയും ഉണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ മുങ്ങിമരണങ്ങളിൽ ജീവിതം നഷ്ടമാകുന്നത് അനേകം ലക്ഷം പേർക്കാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിൽ 25 ലക്ഷത്തിലേറെ ആളുകളാണ് മരിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) തന്നെ പുറത്തുവിട്ട കണക്ക് പ്രകാരമാണ് ഇത്രയധികം ആളുകൾ മരിച്ചത്. അതായത് ശരാശരി ഒരു വർഷം മുങ്ങിമരിക്കുന്നത് രണ്ടര ലക്ഷത്തിലേറെ ആളുകളാണ്. ഒരു മഹാമാരി പിടിച്ച് മരിക്കുന്നതിലേറെ ആളുകളാണ് ലോകം മുഴുവൻ വെള്ളത്തിൽ വീണ് മരിക്കുന്നത്.
മരിക്കുന്നവരിൽ ഭൂരിഭാഗവും 1 നും 9 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2023-ലെ മുങ്ങിമരണം തടയുന്നതിനുള്ള ലോക ദിനത്തോടനുബന്ധിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ് മുങ്ങിമരണം സംബന്ധിച്ച കാര്യങ്ങൾ യു.എൻ വ്യക്തമാക്കുന്നത്. മുങ്ങിമരിക്കുന്നത് ഒരു പൊതു പ്രശ്നമാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.
25 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ ഈ അപകടം മാരകമായ ഒന്നാണ്. പക്ഷേ ഇക്കാര്യം ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ മരണങ്ങളിൽ ഭൂരിഭാഗവും ദാരിദ്ര്യ രാജ്യങ്ങളിലോ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലോ ആണ് സംഭവിച്ചത്. 90% മരണങ്ങളും ഇത്തരം രാജ്യങ്ങളിലാണ്.
ഒരു വയസിനും ഒമ്പത് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ മുങ്ങിമരിക്കാനുള്ള സാധ്യത ഏറെയാണ്. ഒരു തലമുറ തന്നെയാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ട് മരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഇത് ഭാവി തലമുറകളെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.
നീന്തൽ കഴിവുകൾ പഠിപ്പിക്കുക, ശിശുപരിപാലനം നൽകുക തുടങ്ങിയ പ്രതിരോധ നടപടികളിലെ നിക്ഷേപം വർധിപ്പിച്ചാൽ 2025-ഓടെ ലോകമെമ്പാടുമുള്ള 774,000-ലധികം കുട്ടികളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് 400 ബില്യൺ ഡോളറിലധികം വരുന്ന സാമ്പത്തിക നഷ്ടം തടയുമെന്നും കൂട്ടിച്ചേർത്തു.
നീന്തൽ ഉൾപ്പെടെയുള്ള അടിസ്ഥാന കഴിവുകൾ കുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തുന്നതാണ് ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട കണക്കുകൾ. പല സ്‌കൂളുകളിലും നീന്തൽ നിർബന്ധമായും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം ഇടങ്ങളിലും ഇതുപോലുള്ള യാതൊരു പരിശീലനവും നൽകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."