പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടെന്ന് സുപ്രിം കോടതി
പ്രിയ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രിം കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ യു.ജ.ിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ജോസഫ് സ്‌കറിയും നല്‍കിയ ഹരജികളില്‍ സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കോടതി വ്യക്തമാക്കി. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയ വര്‍ഗീസിന് ആറ് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനം മരവിപ്പിക്കണമെന്ന് യു.ജി.സിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കെ.എം.നടരാജ് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനോടകം അസോസിയേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിച്ചിതായി പ്രിയയുടെ അഭിഭാഷകരായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സുപ്രിംകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രന്‍, അഭിഭാഷകന്‍ അതുല്‍ വിനോദ് എന്നിവരാണ് ജോസഫ് സ്‌കറിയക്ക് വേണ്ടി ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."