പൂ ചോദിച്ചപ്പോള്‍ പൂക്കാലം നല്‍കി പ്രവര്‍ത്തകര്‍; മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനത്തിനായി ഒരു മാസം കൊണ്ട് പിരിച്ചത് 26.77 കോടി, ലക്ഷ്യമിട്ടത് 25 കോടി
പൂ ചോദിച്ചപ്പോള്‍ പൂക്കാലം നല്‍കി പ്രവര്‍ത്തകര്‍; മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനത്തിനായി ഒരു മാസം കൊണ്ട് പിരിച്ചത് 26.77 കോടി, ലക്ഷ്യമിട്ടത് 25 കോടി
മലപ്പുറം: മുസ്‌ലിം ലീഗ് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഖാഇദെ മില്ലത്ത് ദേശീയ ആസ്ഥാന മന്ദിരത്തിനുവേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ ധനസമാഹരണം അവസാനിച്ചു. നേരത്തെ ലക്ഷ്യമിട്ട 25 കോടിയും കടന്ന് 26,77,58,592 കോടി രൂപയാണ് ഓണ്‍ലൈന്‍ വഴി സമാഹരിച്ചത്. ക്യാംപയിനിന്റെ സമാപനം ഇന്നലെ രാത്രി മലപ്പുറം ലീഗ് ഹൗസില്‍ നടന്നു.
കഴിഞ്ഞ 75 വര്‍ഷമായി ചെന്നൈ മണ്ണടിയിലാണ് മുസ്‌ലിം ലീഗിന്റെ ദേശീയ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്കുമുന്‍പ് ചെന്നൈയില്‍ നടന്ന പാര്‍ട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലാണ് ഡല്‍ഹിയില്‍ പുതിയ ആസ്ഥാനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതുവഴി ഉത്തരേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനാണ് ലീഗ് തീരുമാനം.
ആസ്ഥാനം ആരംഭിക്കുന്നതിലേക്ക് കേരളത്തിന്റെ സംഭാവനയായാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ധനസഹായത്തിന് ആഹ്വാനം നല്‍കിയത്. ആഹ്വാനം പ്രവര്‍ത്തകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വെറും ഒരു മാസം കൊണ്ട് 26.77 കോടി രൂപയാണ് പിരിച്ചെടുത്തത്. ലീഗ് പ്രവര്‍ത്തകരുടെ മാത്രമല്ല ഇതര രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരുടെയും സംഭാവന ലഭിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഐകൃത്തിന്റെ വിജയമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'മുപ്പത്തൊന്ന് ദിനരാത്രങ്ങളായി മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടിക്കു വേണ്ടി ചലിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ ആ ലക്ഷ്യത്തിലേക്ക് നാം കുതിച്ചെത്തി. നമ്മുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെടുകയാണ്. ഖാഇദെ മില്ലത്ത് കൈമാറിയ ഈ പതാക ഇനി രാജ്യതലസ്ഥാനത്ത് അഭിമാനത്തോടെ പാറിപ്പറക്കും.
രാജ്യത്തെ പീഡിതരും അസംഘടിതരും ഹതാശരുമായ ജനങ്ങള്‍ക്ക് വേണ്ടി ശക്തമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ശബ്ദം ഉയരുക തന്നെ ചെയ്യും. രാജ്യവ്യാപകമായി സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ ആസ്ഥാന മന്ദിരം കാരണമാകും.
ഈ മുന്നേറ്റം നിങ്ങളുടെ ഓരോരുത്തരുടെയും വിയര്‍പ്പിന്റെ ഫലമാണ്. സാധാരണക്കാരായ പ്രവര്‍ത്തകരും മുസ്‌ലിംലീഗിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട പൊതുസമൂഹവും ഈ ക്യാമ്പയിന്‍ വലിയ രീതിയില്‍ വിജയിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു. പ്രവര്‍ത്തകരും പൊതുസമൂഹവും എത്രത്തോളം ഈ സംഘടനയെ സ്‌നേഹിക്കുന്നു എന്ന് തെളിയിക്കപ്പെട്ട ദിവസങ്ങളാണ് കടന്നുപോയത്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനു വേണ്ടി നിങ്ങള്‍ ഓരോരുത്തരോടും ഹൃദയത്തില്‍നിന്ന് നന്ദി അറിയിക്കുന്നു' സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."