വൈദ്യുതിയില്ലാത്ത വീടുകളുടെ കരട് പട്ടിക സെപ്റ്റംബര്‍ ഒമ്പതിന്: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യൂതീകരണ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഇല്ലാത്ത വീടുകളുടെ കരട് പട്ടിക സെപ്റ്റംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്തിമപട്ടിക സെപ്റ്റംബര്‍ ഇരുപതോടെ തയാറാകും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്ഷന്‍ ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കും.
ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് വൈദ്യുതിയില്ലാത്ത വീടുകളുടെ കണക്കെടുപ്പു നടത്തുക. വനാന്തരങ്ങളില്‍ സൗരോര്‍ജ വൈദ്യുതിക്കായി സംവിധാനമൊരുക്കും. നിലവിലുള്ളവയും പുതുതായി സ്ഥാപിക്കുന്നവയുമായ സൗരോര്‍ജ യൂനിറ്റുകള്‍ കാര്യക്ഷമമാക്കുന്നതിന് വൈദ്യുതി ബോര്‍ഡിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ കെ. മുരളീധരന്‍, ബി. സത്യന്‍, സി.കെ. ഹരീന്ദ്രന്‍, വി. ജോയി, കെ. ആന്‍സലന്‍, അഡ്വ. ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ബിജു.വി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."