ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് പൂര്‍ണം
കോഴിക്കോട്: ജില്ലാ മോട്ടോര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. പണിമുടക്കിയ തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് പിന്‍വലിക്കുക, മാംഗോ കാബ് ടാക്‌സി സര്‍വിസ് നിര്‍ത്തലാക്കുക, തൊഴിലാളികളുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ നടന്ന പണിമുടക്ക് നഗര ജീവിതത്തെ കാര്യമായിതന്നെ ബാധിച്ചു. ഓട്ടോ തൊഴിലാളികളും ടാക്‌സി ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളായതാണ് ജനത്തെ വലച്ചത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയ്‌നിറങ്ങിയവരും പുതിയ ബസ് സ്റ്റാന്‍ഡിലും മറ്റും ബസിറങ്ങി ചെറിയ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടവരും ഓട്ടോറിക്ഷ കിട്ടാതെ വലഞ്ഞു. റോഡിലും കാര്യമായ തിരക്കനുഭവപ്പെട്ടില്ല. ഇതിനിടെ നഗരത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഓട്ടം പോകാനൊരുങ്ങിയ മാംഗോ കാബ് ടാക്‌സി തടഞ്ഞതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി. കോഴിക്കോട് മാവൂര്‍ റോഡിലാണ് സംഭവം നടന്നത്. പൊലിസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ബി.എം.എസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. അഡ്വ. എം. രാജന്‍ അധ്യക്ഷനായി. കെ.സി രാമചന്ദ്രന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, യു.എ ഗഫൂര്‍, പി.കെ നാസര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."