നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ
പി.കെ പാറക്കടവ്
എല്ലാ അമ്മമാരുടെയും ചുണ്ടുകൾ
ശിലകളാണ്.
അവരുടെ കണ്ണുകളിൽ മുറിവുകളുടെ
അടയാളങ്ങളുണ്ട്.
അവരുടെ ഹൃദയങ്ങളിൽ ഉത്കണ്ഠ
രാവ് ഉരുവിടുന്നു:
'ഇരുളിൽ സായുധരായ ഭടന്മാർ
കൊണ്ടുപോയ നിങ്ങളുടെ മക്കളുടെ
തിരിച്ചുവരവിനെപ്പറ്റി ഒരു വാർത്തയുമില്ല'
അവരുടെ തിരിച്ചുവരവിനെപ്പറ്റി
ചിന്തിക്കുകയേ വേണ്ട.
(കാറ്റുകളുടെ പ്രവചനം- അഹമ്മദ് ഫറാസ്)
ഇത്തവണ നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മണിപ്പൂരിനെയും ഹരിയാനയെയും സംബന്ധിച്ച ചില ചോദ്യങ്ങൾ ചിന്തിക്കുന്ന, മതേതര മനസുള്ള ആരുടെയും മനസിലുണ്ടാവും.ഇക്കഴിഞ്ഞ ആഴ്ച ലോക്‌സഭയിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗം ഇന്ത്യ ഇപ്പോൾ എത്തിനിൽക്കുന്ന സ്ഥിതി വരച്ചു കാട്ടുന്നതായിരുന്നു. മണിപ്പൂരിൽ ഭാരതമാതാവാണ് കൊല്ലപ്പെട്ടതെന്നും നിങ്ങളാണ് രാജ്യം കത്തിക്കുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. മണിപ്പൂരിലെ വംശഹത്യയും കേന്ദ്രസർക്കാർ ആ വിഷയത്തിൽ പുലർത്തിക്കൊണ്ടിരിക്കുന്ന തികഞ്ഞ നിസ്സംഗതയും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ 'ഇൻഡ്യ' കൊണ്ടുവന്ന അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും, ഒരർഥത്തിൽ ഐക്യപ്രതിപക്ഷം വിജയിച്ചിരിക്കുന്നു എന്ന് പറയാം. മോദി ഭരണകൂടത്തെ ചർച്ചയിലൂടെ അവർ തുറന്നുകാണിച്ചു.
മൂന്നര മാസത്തിനിടെ പാർലമെന്റിൽ മണിപ്പൂർ വിഷയത്തിൽ മോദിക്ക് വാ തുറക്കേണ്ടിവന്നു. ജനങ്ങളെയും മാധ്യമങ്ങളെയും മാത്രമല്ല, ജനപ്രതിനിധികളും സത്യം പറയുന്നത് വിറയലോടെ കാണുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയിലുള്ളത്.
സ്വാതന്ത്ര്യത്തെക്കുറിച്ച് നാം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബുൾഡോസറുകളുപയോഗിച്ച് അധികാരികൾ ഹരിയാനയിലെ നൂഹ് റോഡിലെ ഇരുവശങ്ങളിലുമുള്ള അറുപതോളം കടകളാണ് പൊളിച്ചുനീക്കിയത്.
അവശിഷ്ടങ്ങൾക്കിടയിൽ സങ്കടം അടക്കാനാവാതെ നിൽക്കുന്ന നവാബ് ശൈഖിനെയാണ് അവിടം സന്ദർശിച്ച പ്രതിപക്ഷ എം.പിമാർ കണ്ടത്. പൊളിക്കപ്പെട്ട കടകളിൽ ചിലത് പ്രവർത്തിച്ചിരുന്നത് അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ്. മെഡിക്കൽ കോളജിനു സമീപം പള്ളിക്ക് സ്ഥലം നൽകിയതും നവാബാണ്. എല്ലാ രേഖകളോടെയും നിർമിച്ച കെട്ടിടങ്ങളാണ് ജില്ലാ അധികൃതരുടെ നിർദേശപ്രകാരം എത്തിയവർ പൊളിച്ചെറിഞ്ഞതെന്ന് നവാബ് വേദനയോടെ പറയുന്നു.
ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചുകഴിഞ്ഞു. നാം സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ട ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്?
എതിർ ശബ്ദങ്ങളെ, തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിനെ എങ്ങനെയാണ് ഒരു വിഭാഗം കാണുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ലോകപ്രശസ്ത ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ എഴുതിയത് നോക്കൂ: 'എന്റെ ഏതെങ്കിലും ഒരു പംക്തിയിൽ ഹിന്ദുത്വ, ഗുരുഗോൾവാക്കർ, ഗുജറാത്ത്, അയോധ്യ ഇവയെ ഏതെങ്കിലും തരത്തിൽ പരാമർശിച്ചിട്ടുണ്ടെന്നിരിക്കട്ടെ, പ്രാതലിന്റെ സമയമാവുമ്പോഴേക്കും എന്റെ ഇൻബോക്‌സ് അല്ലെങ്കിൽ പത്രത്തിന്റെ വെബ്‌സൈറ്റിലെ 'അഭിപ്രായങ്ങൾ' വേദനിക്കുന്ന, പരാതിപ്പെടുന്ന അല്ലെങ്കിൽ തീർത്തും മോശമായ ഭാഷയിലുള്ള കത്തുകളാൽ നിറയും. ഒരു ഉദാഹരണം ഇതാ: നിങ്ങൾ മറ്റേതോ ഗ്രഹത്തിലാണ് ജീവിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.
ഒരു ചരിത്രകാരനായ നിങ്ങൾ ഇന്ത്യയുടെ അഖണ്ഡഭീകരവാദി ഇസ്‌ലാമിക ചെകുത്താനായ പാകിസ്താനിൽനിന്ന് അപകടം നേരിടുമ്പോൾ ഒരു ചരിത്രകാരനായ നിങ്ങൾ നിസ്സാരവിഷയങ്ങളെച്ചൊല്ലി വാചകക്കസർത്തു നടത്തുകയാണ്… നിങ്ങളെപ്പോലെയുള്ള കപട ചരിത്രകാരന്മാർ പാരിതോഷികങ്ങളും പ്രതിഫലവും പറ്റിക്കൊണ്ട് പാശ്ചാത്യ മാധ്യമങ്ങളിൽ ഇന്ത്യയെ കളങ്കപ്പെടുത്തുകയാണ്.
രാമചന്ദ്ര എന്നത് തീർത്തും ഒരു ഹിന്ദുപേരാണ്. ദയവായി ആ നാമത്തെ അപമാനിക്കരുത്, റഹീമെന്നോ റഹ്മാനെന്നോ പേരുമാറ്റിക്കൊണ്ട് നിങ്ങളുടെ മതേതരത്വം പ്രദർശിപ്പിച്ചോളൂ. ഏതായാലും സനാതന ധർമത്തിന് നിങ്ങളെപ്പോലുള്ള ഭീരുക്കളെ ആവശ്യമില്ല(ഹിന്ദുത്വത്തിന്റെ വെറുപ്പെഴുത്തുകൾ-ദേശസ്‌നേഹികളും പക്ഷപാതികളും- രാമചന്ദ്രഗുഹ).
ഇങ്ങനെയാണ് സത്യം ധീരമായി തുറന്നെഴുതുമ്പോൾ വെറുപ്പിന്റെ വിചാരധാരക്കാർ പ്രതികരിക്കുന്നത്. സന്തോഷകരമായ ഒരു കാര്യം വളരെച്ചെറിയ, സംഘ്പരിവാറിന്റെ കെണിയിലകപ്പെട്ട കുറച്ച് പേരൊഴികെ ഹിന്ദു സമുദായത്തിലെ വൻഭൂരിപക്ഷവും മതസൗഹാർദം കാത്തുസൂക്ഷിക്കുന്നവരാണ്. സഹിഷ്ണുയുള്ളവരാണ്.
ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും ഫെഡറലിസവും തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.
കഥയും കാര്യവും
ഉദാരമതിയായ ചെന്നായ ചെമ്മരിയാടിനെ ക്ഷണിച്ചു: ഒരു സന്ദർശനംകൊണ്ട് ഞങ്ങളുടെ വീടിനെ ആദരിക്കില്ലേ?
നിങ്ങളുടെ വീട്ടിൽ വരുന്നതുകൊണ്ട് ഞങ്ങളും ആദരിക്കപ്പെടുമായിരുന്നു; അത് നിങ്ങളുടെ ആമാശയം ആയിരുന്നെങ്കിൽ! ചെമ്മരിയാട് മറുപടി പറഞ്ഞു.
(ചെന്നായയും ചെമ്മരിയാടും- ഖലീൽ ജിബ്രാൻ)
Content Highlights:Today's Article About Independence Day
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."