വിടപറഞ്ഞത് നാദാപുരത്തെ സൗമ്യനായ നേതാവ്
നാദാപുരം: രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങള്‍ കൊണ്ടു ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചയാളായിരുന്നു ഇന്നലെ അന്തരിച്ച സി. കുമാരന്‍. സൗമ്യശീലം കൊണ്ടു വലിയൊരു സുഹൃദ്‌വലയത്തെ തന്നിലേക്ക് ആകര്‍ഷിച്ച അദ്ദേഹം കല്ലാച്ചി അങ്ങാടിയിലെ നിറസാന്നിധ്യമായിരുന്നു. രണ്ടു തവണ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ചു വിജയിച്ചിട്ടുണ്ട്.
കുമാരന്റെ മാലതി മെഡിക്കല്‍ ഷോപ്പ് ഒരുകാലത്തു രാഷ്ട്രീയ സംവാദങ്ങളുടെ സ്ഥിരംവേദിയായിരുന്നു. എന്നാല്‍, രാഷ്ട്രീയം മുഖ്യസേവന മേഖലയാക്കിയതോടെ കട അടച്ചുപൂട്ടേണ്ടി വന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിടയില്‍ മരുന്നുകട അടച്ചുപൂട്ടേണ്ടി വന്നെങ്കിലും മാലതി എന്ന സ്ഥാനപ്പേരു മാറ്റമില്ലാതെ തുടര്‍ന്നു. നാദാപുരം മേഖലയില്‍ സി.പി.എമ്മിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നു വലതുപക്ഷത്തു നിലയുറപ്പിച്ച അപൂര്‍വം നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കുമാരന്‍.
രണ്ടു മാസം മുന്‍പു വയറിനു ബാധിച്ച അസുഖത്തെ തുടര്‍ന്നു കിടപ്പിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ച് വടകര ആശുപത്രിയില്‍ വച്ചു മരിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്നലെ ഒരു മണിവരെ കല്ലാച്ചിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. വൈകിട്ടു നടന്ന അനുശോചന യോഗത്തില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, വി.പി കുഞ്ഞികൃഷ്ണന്‍, സി.എച്ച് ബാലകൃഷ്ണന്‍, സൂപ്പി നരിക്കാട്ടേരി, എം.പി സൂപ്പി, അഡ്വ. എ. സജീവന്‍, കെ.എം രഘുനാഥ്, സി.വി കുഞ്ഞികൃഷ്ണന്‍, രജീന്ദ്രന്‍ കപ്പള്ളി, ടി.കെ രാജന്‍ മാസ്റ്റര്‍, കരിമ്പില്‍ ദിവാകരന്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കെ.ടി.കെ ചന്ദ്രന്‍, വത്സരാജ് മണലാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."