വിദേശ പഠനം നിങ്ങളുടെ സ്വപ്‌നമാണോ? പ്രവേശന നടപടികളെക്കുറിച്ച് ഇനി ആശങ്ക വേണ്ട; ഇന്ത്യ ഗ്രാജ്വേറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്നുതന്നെ അപേക്ഷിച്ചോളൂ
വിദേശ പഠനം നിങ്ങളുടെ സ്വപ്‌നമാണോ? പ്രവേശന നടപടികളെക്കുറിച്ച് ഇനി ആശങ്ക വേണ്ട; ഇന്ത്യ ഗ്രാജ്വേറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്നുതന്നെ അപേക്ഷിച്ചോളൂ
ഇന്ത്യയില്‍ നിന്ന് വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി കുടിയേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മലയാളികളടക്കമുള്ള വിദ്യാര്‍ഥികളില്‍ പലരും യു.കെ, യു.എസ്.എ, യൂറോപ്പ് എന്നിവിടങ്ങളിലെ കോളജുകളില്‍ മികച്ച സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ പഠനം നടത്തി വരുന്നുണ്ട്. വിദേശ പഠനം സ്വപ്‌നം കാണുന്നവരില്‍ പലര്‍ക്കും പ്രവേശന നടപടികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും കൃത്യമായ ധാരണയില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണവും ഈ അറിവില്ലായ്മ തന്നെയാണ്. എന്നാല്‍ ഇനി മുതല്‍ അത്തരം സംശയങ്ങള്‍ ഓര്‍ത്ത് നിങ്ങള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ല.
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രൊജക്ട് എജ്യൂ ആക്‌സസിന് കീഴിലുള്ള ഇന്ത്യ ഗ്രാജ്വേറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാം 2023-24 ലേക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. യു.കെ, യു.എസ്.എ, യൂറോപ്പ്, ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പി.എച്ച്.ഡി ഉള്‍പ്പെടെയുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി പ്രവേശനം ആഗ്രഹിക്കുന്ന പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്ന പദ്ധതിയാണിത്. പ്രവേശന നടപടികള്‍ക്ക് പുറമെ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും ഇന്ത്യ ഗ്രാജ്വേറ്റ് പ്രോഗ്രാമിന് കീഴില്‍ നല്‍കുന്നുണ്ട്. ആഗസ്റ്റ് 20 ആണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി. വിദേശ യൂണിവേഴ്‌സിറ്റികളിലെ പ്രവേശനത്തിനും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായി ബന്ധപ്പെട്ട ഓരോ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക വണ്‍ ടു വണ്‍ പരിശീലനമാണ് പ്രോഗ്രാമിലൂടെ നല്‍കുന്നത്. കൂട്ടത്തില്‍ വിദേശ കലാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുമായി സംവദിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.
യോഗ്യത
- ഇന്ത്യയിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദം പൂര്‍ത്തിയക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പ്രോഗ്രാമിന് അപേക്ഷിക്കാം
- യു.കെ, യു.എസ്.എ, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ 2024 സെപ്റ്റംബറില്‍ ആരംഭിക്കുന്ന പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നവരാണ് അപേക്ഷിക്കേണ്ടത്.
- ഇന്ത്യ ഗ്രാജ്വേറ്റ് മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ 2023 ജൂണില്‍ നടത്തിയ ആദ്യ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരായിരിക്കരുത്.
- ദളിത്-ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍, മുസ്‌ലിം വിദ്യാര്‍ഥികള്‍, കശ്മീരി വിദ്യാര്‍ഥികള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ സാധിക്കുക.
- മേല്‍ പറഞ്ഞ വിഭാഗങ്ങള്‍ക്ക് പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ഭൂമി ശാസ്ത്ര പരമായി പിന്നോക്കം നില്‍ക്കുന്നവര്‍, ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, എല്‍.ജി.ബി.ടി.ക്യൂ.ഐ. പ്ലസ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
- https://www.projecteduaccess.com/indiagraduatementorshipprogramme എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
- വ്യക്തിഗത വിവരങ്ങള്‍, കോണ്‍ടാക്ട് ഡീറ്റെയ്ല്‍സ്, മാതാപിതാക്കളുടെ വിദ്യാഭ്യാസ വിവരങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവ അപേക്ഷ ഫോമില്‍ രേഖപ്പെടുത്തണം.
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വിവരങ്ങള്‍, സി.വി എന്നിവ സൈറ്റില്‍ അപ് ലോഡ് ചെയ്യണം.
ആഗസ്റ്റ് 20 ഞായറാഴ്ച്ച രാത്രി 11.59 വരെ നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."