സഊദിയിൽ മതിൽ ഇടിഞ്ഞ് വീണ് മലയാളി മരിച്ചു
റിയാദ്: മതിൽ ഇടിഞ്ഞ് വീണ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയുമായിരുന്നു.
ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ടെന്നതിനാൽ വിദഗ്ധ ചികിത്സക്കായി അൽ ഉബൈദ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിന് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.
പരേതരായ മുഹമ്മദ് റഷീദ് – സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."