സവർണ ശാസനകളെവെല്ലുവിളിച്ച വിപ്ലവകാരി
ഇ.കെ ദിനേശൻ
മഹാത്മാ അയ്യങ്കാളിയെക്കുറിച്ചുള്ള ഓർമ ഒരു രാഷ്ട്രീയ ബോധവും ബോധ്യവുമാണ്. അതിനെ ശരിയായി കാണുന്ന വിധമാണ് സമകാലത്ത് ഏതു നവോത്ഥാന മേഖലകളിലും ജാതി ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്നത്. അതാകട്ടെ പൊതുസമൂഹം അംഗീകരിക്കാത്ത സത്യമാണ്. അതുകൊണ്ടാണ് സവർണ സാംസ്കാരിക ഇടനാഴികകളിൽനിന്ന് ഇപ്പോഴും അയ്യങ്കാളിയെ കടന്നാക്രമിക്കുന്നത്. ഇതിനെ ഏതൊരു മന്ദബുദ്ധിയുടെ സാംസ്കാരികവിരുദ്ധ പ്രവർത്തനമായി എഴുതിത്തള്ളാൻ കഴിയില്ല. കാരണം, അയ്യങ്കാളിക്ക് നേരെയുള്ള വിദ്വേഷ പ്രതികരണത്തിന് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട്.
1863 ഓഗസ്റ്റ് 28നാണ് അയ്യൻ്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിക്കുന്നത്. തൻ്റെ കുട്ടിക്കാലം മുതൽ ജാതിയുടെ ക്രൂരതകൾ ഏറ്റുവാങ്ങിയാണ് അയ്യങ്കാളി വളർന്നത്. ആ ക്രൂരതയ്ക്ക് കാരണമായ മാനസികാവസ്ഥയെ ആധുനിക സമൂഹത്തിൽനിന്ന് എന്തുകൊണ്ട് നിർമാർജനം ചെയ്യാൻ കഴിയുന്നില്ല എന്നിടത്താണ് അയ്യങ്കാളിയുടെ പിറവി ദിനത്തിൻ്റെ പ്രസക്തി.
അയ്യങ്കാളിക്കെതിരേയുള്ള ഏതൊരു വിമർശനത്തെയും നിയന്ത്രിക്കുന്നത് സവർണ ബോധമാണ്. ആ ചിന്തയിൽ ജീവിക്കുന്നവർക്ക് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയൂ. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നിടത്താണ് അയ്യങ്കാളിയുടെ ജാതിക്കെതിരേയുള്ള ചെറുത്തുനിൽപ്പിനെയും അതുണ്ടാക്കിയ സാമൂഹിക ജ്ഞാന വ്യവഹാരങ്ങളെയും തിരിച്ചറിയേണ്ടത്.
അയ്യങ്കാളി ഒരു നവോത്ഥാന പോരാളിയായി രൂപപ്പെടുന്നത് സാമൂഹിക അസമത്വങ്ങളെ നിയന്ത്രിച്ച ജാതിയുടെ വർണവ്യവസ്ഥയെ പഠിച്ചിട്ടല്ല. അക്കാലങ്ങളിൽ നിലനിന്ന ജ്ഞാനാധികാരത്തിൻ്റെ ഒരു പങ്കും കരസ്ഥമാക്കിയല്ല. മറിച്ച്, നൂറ്റാണ്ടുകളായി നിലനിന്ന സവർണ ജ്ഞാന വ്യവഹാരങ്ങളിൽനിന്ന് കീഴാള സമൂഹത്തെ മാറ്റിനിർത്തിയതിന് എതിരേയുള്ള പ്രതിരോധമായാണ്. അത്തരം പോരാട്ടത്തിൻ്റെ എക്കാലത്തെയും അടയാളമാണ് അയ്യങ്കാളി എന്ന സാമൂഹിക വിപ്ലവകാരി.
ലോകത്തെ ദാർശനികരെ രൂപപ്പെടുത്തുന്നതിൽ അവർ ആർജിച്ച ജ്ഞാന വ്യവഹാരങ്ങൾക്ക് നിർണായക സ്ഥാനമുണ്ട്. അതു സാധ്യമായത് അറിവ് നേടാനുള്ള അവകാശങ്ങളും അവസരങ്ങളും നിലനിന്നതു കൊണ്ടാണ്. എന്നാൽ, അറിവ് ആർജിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട കാലം. അതിനു വേണ്ട ഭൗതിക സാഹചര്യങ്ങളെ കത്തിച്ച് ചാരമാക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ഇരയായ ഒരു വ്യക്തിക്ക് എങ്ങനെ ദാർശനികനാവാൻ കഴിയും ?. ഇതേ കാലത്ത് തൻ്റെ സമകാലികരായവർ ഇത്തരം ജാതി ബന്ധിത അധികാര വ്യവസ്ഥയോട് പോരാടിയത് ഉള്ളിൽ തെളിഞ്ഞുനിന്ന അറിവിൻ്റെ ശക്തിയിലാണ്. അത് അത്തരം പരിഷ്കർത്താക്കളെ കരുത്തരാക്കി.
ശ്രീനാരായണ ഗുരുവിലും ഡോ. പൽപ്പുവിലും ചട്ടമ്പി സ്വാമികളിലും ഇതിൻ്റെ നേട്ടവും ഫലവും കണ്ടതാണ്. എന്നാൽ, അയ്യങ്കാളിയെ സംബന്ധിച്ച് ഈ ആർജിത അറിവ് എന്നത് അടിമകളായ തൻ്റെ ജനതയാണ്. അതിനെതിരേയുള്ള യുക്തിഭദ്ര പ്രതിരോധ പ്രവർത്തനം തന്നെയാണ് അദ്ദേഹം രചിച്ച കീഴാള മനുഷ്യരുടെ വിമോചന പ്രത്യയശാസ്ത്രം.
ആ പ്രത്യയശാസ്ത്രത്തെ മുൻനിർത്തി ഒരു ജനതയെ അറിവിൻ്റെ തീരത്തേക്ക് നയിക്കുക എന്നുള്ളതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. ചുറ്റിലും നിറഞ്ഞുതുളുമ്പിയ നീതി നിഷേധത്തിന്റെയും സാമൂഹിക വിവേചനത്തിന്റെയും കൊടുംചൂടിൽ അയ്യങ്കാളി കരുത്തനാവുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള വർണ വ്യവസ്ഥിതിയിൽനിന്ന് പുറപ്പെട്ട് ഇന്ത്യ മുഴുവൻ വ്യാപിച്ച ഈ വിവേചനത്തിന്റെ പ്രത്യയശാസ്ത്രമാകട്ടെ ബ്രാഹ്മണിക്കൽ സവർണ ബോധത്താൽ നിർമിക്കപ്പെട്ടതാണ്. ആ സവർണ ബോധത്തെ പിന്തുണയ്ക്കുന്ന കൊളോണിയൽ ആധിപത്യവും കീഴാള വിരുദ്ധമായിരുന്നു. അത്തരം സവർണാധികാര പരിസരത്ത് അവർ അനുഭവിക്കുന്ന പ്രിവിലേജുകൾ മേൽജാതിയുടെ സാമൂഹികാധികാരത്തെ ശക്തിപ്പെടുത്തി. ഇതെല്ലാം ജാതി മനുഷ്യരെ പൊതുഇടങ്ങളിൽനിന്ന് ഇരുട്ടിലേക്ക് തള്ളിവിടാൻ സവർണർക്ക് അധികാരം നൽകി. ഈ അധികാരത്തിന്റെ മുകളിൽ കൊളോണിയൽ അധിനിവേശം നടത്തുന്ന ചൂഷണങ്ങൾ പോലും സവർണരെ അലോസരപ്പെടുത്തിയിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ ബ്രാഹ്മണിക്കൽ ഐഡിയോളജിയിൽ വിശ്വസിക്കുന്ന സവർണാധികാരത്തിന് അയ്യങ്കാളി ഉൾപ്പെടെയുള്ളവരെ അടിത്തട്ടിലെ ജാതി മനുഷ്യർ അടിമകളായിരുന്നു.
തന്റേതല്ലാത്ത കാരണത്താൽ അറിവ് നിഷേധത്തിന്റെ ഇരയായിരുന്നു അയ്യങ്കാളി. എന്നിട്ടും സാമൂഹിക വിപ്ലവത്തിന്റെ ദാർശനിക ഊർജത്തെ കണ്ടെത്താൻ അയ്യങ്കാളിക്ക് കഴിഞ്ഞു. തനിക്ക് മുന്നിൽ ഇരയാക്കപ്പെട്ട മനുഷ്യരുടെ കറുത്തിരുണ്ട രൂപാകൃതിയിൽനിന്ന് തിരസ്കൃതരായ മനുഷ്യരുടെ പൗരാവകാശ നിഷേധങ്ങളിൽ നിന്നുമാണ് അതിൻ്റെ പിറവി. പ്രാഥമികമായി മനുഷ്യനു ലഭിക്കേണ്ട വഴി നടക്കാനുള്ള സ്വാതന്ത്ര്യം, വസ്ത്രം ധരിക്കാനുള്ള അവകാശം, പരസ്പരം ഇടപഴകിയുള്ള ജീവിതം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശ നിഷേധങ്ങളെ അയ്യങ്കാളി നോക്കി നിന്നില്ല. അതിനു കാരണമായ സവർണ പ്രത്യയശാസ്ത്രത്തിന്റെ ആദികാരണങ്ങളെ കീറിമുറിച്ച് പരിശോധിച്ചില്ല. തൻ്റെ ജനതയ്ക്ക് മുന്നിൽ ഉയർന്ന ജാതി മതിലുകളെ തകർക്കാൻ സവർണ ജാതിയുടെ പ്രത്യയശാസ്ത്രത്തെ പഠിച്ചില്ല. പകരം മേൽജാതി ഉണ്ടാക്കിയ വിവേചനങ്ങളുടെ യാഥാർഥ്യങ്ങളെ നേരിൽകണ്ട് മനസിലാക്കി. അത് അനുഭവിച്ചു. അതിനെ മറികടക്കാനുള്ള മാനസിക ആർജവവും ശാരീരികമായ കരുത്തും നേടി. ഇതിനെ കൃത്യമായി പ്രായോഗവൽക്കരിക്കാൻ ആവശ്യമായ സംഘടനാ ബോധം അയ്യങ്കാളിയിൽ കുഞ്ഞുനാളിലെ രൂപപ്പെട്ടിരുന്നു.
2023ൽ വില്ലുവണ്ടി യാത്ര നടന്നിട്ട് 130 വർഷം തികയുകയാണ്. തൻ്റെ 30ാമത്തെ വയസിൽ 1893ലാണ് സവർണാധികാരത്തെ ഞെട്ടിച്ച ആ യാത്ര. ശാരീരിക ബലംകൊണ്ടും മനസിൻ്റെ ദൃഢനിശ്ചയം കൊണ്ടും സംഭവിച്ചതാണെങ്കിലും അതുണ്ടാക്കിയ സാമൂഹ്യ അവബോധം ചെറുതല്ല. സവർണാധികാര സാമൂഹിക വ്യവസ്ഥയിൽ അരികു വൽക്കരിക്കപ്പെട്ടുപോയ മനുഷ്യർക്ക് എങ്ങനെ സംഘടിത സമൂഹമായി മാറാം എന്നു പഠിപ്പിച്ചിട്ടുണ്ട് വില്ലുവണ്ടി യാത്ര. ആ സംഘബലം നൂറ്റാണ്ടുകളായി നിലനിന്ന നീതി നിഷേധത്തെ മറികടക്കാനുള്ള വഴിയായി മാറി. വഴി നടക്കാൻ വേണ്ടി മാത്രമാണ് വില്ലുവണ്ടി യാത്ര എന്ന നിഗമനത്തെ ആ വണ്ടിയുടെ രൂപം തന്നെ തിരുത്തുന്നുണ്ട്.
അയ്യങ്കാളിയുടെ ദാർശനിക സ്വഭാവത്തെ അടയാളപ്പെടുത്തുന്നതാണ് തനിക്ക് നിഷേധിക്കപ്പെട്ട അറിവിൻ്റെ ലോകത്തേക്ക് തന്റെ സമുദായത്തെ എത്തിക്കാനുള്ള ധീരമായ തീരുമാനം. അതിന് മുമ്പ് 1904ൽ അയ്യങ്കാളി നേതൃത്വം നൽകിയ കാർഷിക സമരം പള്ളിക്കൂട അധികാരത്തിനു വേണ്ടിയാണ്. ആ സമരം മൂന്നു വർഷം വരെ നീണ്ടുനിന്നു. ഇതിനിടയിൽ 1906ൽ പുലയർക്ക് വേണമെങ്കിൽ സ്കൂൾ നടത്താം എന്ന് സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, ഈ ശ്രമത്തെ സവർണ ജാതി വിഭാഗം പരാജയപ്പെടുത്തുന്നത് സ്കൂളിന് തീ കൊളുത്തിക്കൊണ്ടാണ്.
നിഷേധിക്കപ്പെട്ട നീതി തിരിച്ചെടുക്കാൻ അയ്യങ്കാളി പിന്നീട് ഒരുങ്ങുന്നത് വ്യക്തി എന്ന അർഥത്തിലല്ല. ഒരു സമൂഹം എന്ന അർഥത്തിൽ തൻ്റെ ജനതയെ സംഘബോധമുള്ള സംഘടനാ കരുത്തിലേക്ക് നയിച്ചുകൊണ്ടാണ്. ഒരുപക്ഷേ, കേരളത്തിലെ മുഖ്യ ചരിത്രകാരന്മാർ എല്ലാം ബോധപൂർവം തിരസ്കരിച്ച ആ കാർഷിക സമരം ചരിത്രപ്രസിദ്ധമാണ്. ഒരാളിൽനിന്ന് പലരിലേക്ക് സമരത്തിൻ്റെ സന്ദേശം എത്തിച്ചു. കർഷകർ പാടങ്ങളിൽ ഇറങ്ങാതെ സ്വന്തം സമൂഹത്തെ സംഘബലമുള്ളവരാക്കി മാറ്റാൻ അയ്യങ്കാളിക്ക് കഴിഞ്ഞു. മാത്രമല്ല, മണ്ണിൽകുഴി കുഴിച്ച് ഇലയിൽ കഞ്ഞി വിളമ്പി വിശപ്പ് മാറ്റിയ ജനതയ്ക്ക് അതുപോലും നഷ്ടമാകുന്ന സാഹചര്യം. ആ മനുഷ്യരെ തളരാത്ത പോരാട്ടവീര്യത്തിലേക്ക് അയ്യങ്കാളി നയിക്കുന്നത് മറ്റൊരു തൊഴിൽ മേഖലയിലേക്ക് അവരെ നയിച്ചു കൊണ്ടാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുമായി ഉണ്ടാക്കിയ വിനിമയത്തിന്റെ അടിസ്ഥാനത്തിൽ അതിജീവനത്തിന്റെ പുതിയ പാത അയ്യങ്കാളിക്ക് തുറക്കാൻ കഴിഞ്ഞു. അവർ മത്സ്യത്തൊഴിലാളികളായി. സാധാരണയായി ഒരാളുടെ മനസിൽ രൂപംകൊള്ളാൻ സാധ്യതയുള്ള ചിന്തയല്ല ഇതൊന്നും. അവിടെയാണ് അയ്യങ്കാളി എന്ന ദാർശനിക മനുഷ്യൻ്റെ ചിന്താമണ്ഡലത്തെ തിരിച്ചറിയേണ്ടത്.
നൂറ്റാണ്ടുകളായി അടിമകളാക്കി വച്ച ജനതയെ സമര സജ്ജരാക്കി മുന്നോട്ടു പോയത് പിന്നീട് കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തെ പോലും സ്വാധീനിച്ചു. അതിൻ്റെ തെളിവാണ് ഇന്നും അയ്യങ്കാളിക്കെതിരേ ഉയരുന്ന ആക്രമണം. എന്നാൽ, കല്ലെറിയുന്നവർക്ക് ഇപ്പോഴും അറിയില്ല ആരാണ് മഹാത്മ അയ്യങ്കാളിയെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."