ചരിത്രം കുറിക്കുമോ ഋഷി സുനക്; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിന്റെ അവസാന റൗണ്ട് പോരാട്ടത്തില്‍
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവസാന റൗണ്ട് പോരാട്ടത്തിലേക്ക് ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനക് യോഗ്യത നേടി. വിദേശസെക്രട്ടറി ലിസ് ട്രസ് ആണ് അവസാന റൗണ്ടില്‍ സുനകിന്റെ എതിരാളി.
ഇവരില്‍ ആരാകണം അടുത്ത പ്രധാനമന്ത്രിയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്തംബര്‍ അഞ്ചിനാണ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുന്നത്.
ടോറി എം.പിമാരുടെ അഞ്ചാമത്തെയും അവസാനത്തെയും റൗണ്ടില്‍ 137വോട്ടുകള്‍ നേടിയാണ് സുനക് അവസാന ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 പേരുടെ പിന്തുണയാണ് ലഭിച്ചത്. 105 വോട്ടുകള്‍ മാത്രം നേടിയ പെന്നി മോര്‍ഡോണ്ട് പുറത്തായി. ഇതുവരെ എല്ലാ റൗണ്ടിലും മുന്നിലെത്തിയ സുനക് ചൊവ്വാഴ്ച വരെ നേടിയ 118 വോട്ടിനൊപ്പം 19 എണ്ണം കൂടി ചേര്‍ത്താണ് 137ലെത്തിയത്.
തിങ്കളാഴ്ച ബി.ബി.സിയില്‍ നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ സുനകും ട്രസ്സും വാദമുഖങ്ങള്‍ പങ്കുവെക്കും. വോട്ടെടുപ്പില്‍ ഋഷി സുനക്ക് ജയിച്ചാല്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യത്തെ ഏഷ്യന്‍ വംശജനായ പ്രധാനമന്ത്രിയാകും.
സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബില്‍ നിന്ന് ആഫ്രിക്കയിലേക്ക് കുടിയേറിയ കുടുംബം ആണ് റിഷിയുടെത്.
ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവച്ച ധനമന്ത്രിയാണ് റിഷി സുനക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷി സുനകിന്റെ ഭാര്യ. ബോറിസ് ജോണ്‍സനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ രാജി പരമ്പരയ്ക്ക് തുടക്കമിട്ടത് റിഷി സുനക് ആയിരുന്നതിനാല്‍ തന്നെ ജോണ്‍സണ്‍ അനുകൂലികളുടെ കടുത്ത എതിര്‍പ്പ് റിഷി സുനക് നേരിടുന്നുണ്ട്. ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഒരാള്‍ കൂടിയാണ് റിഷി സുനക്.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ഇന്ത്യക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തിന്റെ ഉന്നത പദവിയിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ വംശജനാകും റിഷി സുനക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."