കാലാവസ്ഥാ വ്യതിയാനം: ആഗോളതല സഹകരണവുമായി യു.എ.ഇ
ദുബൈ:കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ദുബൈയുടെ പിന്തുണ. ആഗോള ബഹിരാകാശ സംഘടനയായ സ്‌പേസ് ക്ലൈമറ്റ് ഒബ്‌സര്‍വേറ്ററി( എസ്.സി.ഒ)യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം. ദുബൈയുടെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ഇതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പുവച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കാലാവസ്ഥാവ്യതിയാനം നിരീക്ഷിക്കാന്‍ ഉപഗ്രഹ വിവരങ്ങള്‍ സഹായകമാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് യു.എ.ഇയുടെ ഡി.എം.സാറ്റ് വണ്‍ വിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം വായുമലിനീകരണത്തിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് മനസ്സിലാക്കാനും ഈ ഉപഗ്രഹത്തിലൂടെ സാധിക്കും. കാലാവസ്ഥാവ്യതിയാനവും ആഘാതവും നിരീക്ഷിക്കുന്നതിനുള്ള ആഗോളശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സാധ്യമായ സംഭാവനകള്‍ ഇതിന്റെ സഹായത്തോടെ ചെയ്യുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ മേധാവി സലിം അല്‍ മര്‍റി വ്യക്തമാക്കി.
യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രണ്ടുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ ബഹിരാകാശരംഗത്തെ പുതിയ സംരംഭങ്ങളില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നീങ്ങുമെന്ന് പ്രസ്താവിച്ചിരുന്നു. ഭൗമനിരീക്ഷണം, കാലാവസ്ഥാവെല്ലുവിളികള്‍ നേരിടല്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍, ചാന്ദ്രദൗത്യം, മറ്റ് ബഹിരാകാശദൗത്യങ്ങള്‍ എന്നിവയില്‍ സഹകരിക്കുമെന്നും ഫ്രാന്‍സ് അറിയിച്ചിരുന്നു. അതിനിടെ യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് നവംബറില്‍ വിക്ഷേപണം നടത്തുമെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."