ദോഹയില്‍ ലോകകപ്പ്: ദുബൈ ഫുട്‌ബോള്‍ ഹോട്ടലില്‍ രാപാര്‍ക്കല്‍
ദുബൈ: ഖത്തറില്‍ ലോകകപ്പ്. താമസം ദുബൈയിലെ ഫുട്‌ബോള്‍ ഹോട്ടലില്‍.ലോകകപ്പ് അടുത്തിരിക്കെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസിക്കാനും സൗകര്യപ്രദമായി ദോഹയിലേക്ക് പോകാനുമായി ദുബൈയില്‍ പണിത ആദ്യ ഫുട്‌ബോള്‍ തീം ഹോട്ടല്‍ നവംബറില്‍ തുറക്കും. ദുബൈ പാം ജുമൈറയിലാണ് എന്‍.എച്ച് ദുബൈ ദി പാം ഹോട്ടല്‍ പണിതിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ 533 മുറികള്‍ ഇവിടെയുണ്ടാവും. മറ്റ് അനവധി ഓഫറുകളും ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഇവിടെ ഉണ്ടാവും.
ഒരു മണിക്കൂര്‍ യാത്രയില്‍ ദോഹയിലെത്താനുള്ള സൗകര്യം കളിക്കമ്പക്കാരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും എന്നാണ് കരുതുന്നത്. ലോകകപ്പ് ടിക്കറ്റ് വില്‍പ്പന തകൃതിയായി നടന്നു കൊണ്ടിരിക്കയാണ്. ആഗസ്ത് 16 ന് അവസാനിക്കും. ഇതുവരെ 18 ലക്ഷം ടൂര്‍ണമെന്റ് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. നവംബര്‍ 21നാണ് ലോകം കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്. ഖത്തറില്‍ ബുക്കിങ് നേരത്തെതന്നെ തുടങ്ങിയതിനാല്‍ അടുത്ത താമസയിടം എന്ന നിലയിലാണ് ആളുകള്‍ ദുബൈ തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം യു.എ.ഇ.യില്‍ തങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ പല പ്രമുഖ ഹോട്ടലുകളിലും 70 ശതമാനത്തിലേറെ ബുക്കിങ് പൂര്‍ത്തിയായി. യു.എ.ഇ.യില്‍നിന്ന് ഓരോ ദിവസവും കളികാണാന്‍ പോകാന്‍ വിവിധ വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."