വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രപതി രാഷ്ട്രീയ ജനാധിപത്യം മാത്രം പോര
ന്യൂഡൽഹി • രാജ്യത്തിന്റെ ഊർജസ്വലമായ ജനാധിപത്യത്തെ താൻ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ന് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി വിടവാങ്ങൽ പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് മാത്രം തൃപ്തിപ്പെടരുതെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്.
നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമാക്കണമെന്നാണ് അംബേദ്കറുടെ വാക്കുകൾ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ജീവിതരീതി എന്നാണ് സാമൂഹിക ജനാധിപത്യം കൊണ്ട് അർഥമാക്കുന്നത്.
രാഷ്ട്രപതിയായിരുന്നപ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും പൂർണ സഹകരണവും പിന്തുണയും അനുഗ്രഹവും ലഭിച്ചു. വിദേശ സന്ദർശനവേളയിൽ പ്രവാസി ഇന്ത്യക്കാരുമായി സംസാരിക്കുമ്പോഴെല്ലാം മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹവും കരുതലും ഹൃദയത്തെ ഏറെ സ്പർശിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞു.
സ്വതന്ത്ര ഇന്ത്യക്കുവേണ്ടി, വൈവിധ്യ ആശയങ്ങളുള്ള മഹത്തായ നേതാക്കൾ നിരവധി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. നമ്മൾ അവരുടെ കാൽച്ചുവടുകൾ പിന്തുടർന്നാൽ മതി. 21ാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാൻ നമ്മുടെ രാജ്യം സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."