ഡൽഹി നോക്കി ബംഗാൾ കടുവ
ഗിരീഷ് കെ. നായർ
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന് നിരവധി കാരണങ്ങളുണ്ട്. അതെല്ലാം അറിയാവുന്നതുകൊണ്ട് പാർട്ടി ഏറെ നേരത്തെ തെരഞ്ഞെടുപ്പിന് കളമൊരുക്കൽ തുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴും പാദമൂന്നി ചലിക്കാനുള്ള ശേഷി കൈവരിച്ചിട്ടില്ലാത്ത പ്രതിപക്ഷം പലപ്പോഴും വിവിധ തട്ടുകളിലാവുന്നത് നിത്യകാഴ്ചയാണ്. പ്രതിപക്ഷ പാർട്ടികളുടെ സംയോജന പ്രഖ്യാപനമെന്താണെങ്കിലും ഒറ്റയാൾ പോരാട്ടത്തിന് ഉറച്ചിരിക്കുന്ന ഒരാളുണ്ട് രാജ്യത്ത്. ബംഗാൾ കടുവയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മമത ബാനർജി. ഛത്തിസ്ഗഡിലും മഹാരാഷ്ട്രയിലും ബി.ജെ.പിയുടെ പരിപ്പ് വേകുമെങ്കിലും ബംഗാളിൽ അതു നടക്കില്ലെന്ന് മമത മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങൾ രാജ്യം കണ്ടതാണല്ലോ.
മമത ഏറെക്കാലമായി ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. പ്രതിപക്ഷം ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളും ബി.ജെ.പിയുടെ തന്ത്രശാലികളുടെ മുന്നിൽ അടിപതറിയപ്പോഴും തലയുയർത്തി നിന്നതിന്റെ ക്രെഡിറ്റ് മമതയ്ക്കു മാത്രമാണ്. ഇപ്പോൾ മമത ശ്രദ്ധാകേന്ദ്രമാകുന്നത് മഹാരാഷ്ട്ര പിടിച്ചെടുത്തതിനു പിന്നാലെ ബംഗാളിനെ ലക്ഷ്യമിടുന്ന ബി.ജെ.പിക്കെതിരേ കടുത്ത പ്രതികരണം നടത്തി എന്നതുമാത്രമല്ല, 2024ലെ തെരഞ്ഞെടുപ്പിനു തങ്ങളും ഒരുങ്ങുന്നു എന്ന സന്ദേശത്താലുമാണ്.
യുവാക്കളെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒരു ഡൽഹി മാർച്ച് കൊൽക്കത്തയിൽനിന്ന് നയിക്കുമെന്നും മമത പ്രഖ്യാപിച്ചു. ഇത് ബി.ജെ.പിയെ ഭയപ്പെടുത്തും എന്നുറപ്പ്. മമതയുടെ ശിങ്കിടികളിൽ പ്രധാനിയും മന്ത്രിയുമായ പാർഥ ചാറ്റർജിയെ അഴിമതിക്കേസിൽ ജയിലിലടച്ചപ്പോൾത്തന്നെ ആ ഭയപ്പാട് വ്യക്തവുമായി. ഇ.ഡി, സി.ബി.ഐ തുടങ്ങി കേന്ദ്ര ഏജൻസികൾ ബംഗാളിൽ വിഹരിക്കുകയുമാണ്. മമതയുടെ ചിറകരിയാൻ ഇത് പര്യാപ്തമാകില്ലെന്നും ബി.ജെ.പിക്കറിയാം. മമതയുടെ പേരിൽ അഴിമതി ആരോപിച്ച്, അവരുടെ പിന്തുണക്കാരെയെല്ലാം മറുകണ്ടം ചാടിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഇതാണ് കടുത്ത ഭാഷയിൽ പ്രതിരോധം തീർക്കാൻ മമതയെ പ്രേരിപ്പിച്ചതെങ്കിലും അവർ ആ പ്രതിരോധം 2024ലേക്ക് നീട്ടാനുള്ള പുറപ്പാടിലാണ്.
മമത ശക്തമായി പ്രതികരിക്കാൻ രാഷ്ട്രീയ കാരണങ്ങൾ കൂടാതെ മറ്റൊരു പ്രധാനകാര്യമുണ്ട്. കഴിഞ്ഞ ദിവസം ജി.എസ്.ടി കൂട്ടുക വഴി ഒട്ടുമിക്ക ഭക്ഷണ സാധനങ്ങൾക്കും വില കൂടി. ബംഗാളിൽ പ്രധാനം അരിമലരാണ്, പ്രധാന പൂജാദ്രവ്യവുമാണ്. ഇതിന് നികുതി ചുമത്തിയതിനെതിരേ അവിടെ വൻ പ്രതിഷേധമുണ്ട്. മമത ഇത്തവണ ബി.ജെ.പിക്കെതിരേ പ്രതികരണത്തിന് അരങ്ങൊരുക്കിയപ്പോൾ കൈയിൽ അരിമലരും കരുതി നാടകീയമായാണ് രംഗപ്രവേശം ചെയ്തത്. മുമ്പ് പാചക വാതകത്തിന് വില കൂട്ടിയപ്പോൾ ഗ്യാസ് കുറ്റിയുമായി സ്‌റ്റേജിലെത്തിയ മമതയെ ആരും മറന്നിട്ടുമില്ല. ഇതൊക്കെ മമതയോട് ജനങ്ങൾക്ക് മമത ഉണ്ടാക്കുന്നതാണ്.
അടുത്ത തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും ആ സമയത്ത് വിഘടിക്കാതെ ബി.ജെ.പിയെ തറപറ്റിക്കണമെന്നുമാണ് മമത പറയുന്നത്. പ്രതിപക്ഷത്തിന് എത്രകണ്ട് സംയുക്തമാകാൻ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. പക്ഷേ മമത യുദ്ധം തുടങ്ങിക്കഴിഞ്ഞു. ബംഗാളിൽ കോൺഗ്രസും മമത തന്നെയാണ്. കാരണം 1993 ജൂലൈ 21ന് മമത യുത്ത് കോൺഗ്രസ് നേതാവായിരിക്കേയാണ് അവിടെ സി.പി.എമ്മിന്റെ പൊലിസ് വെടിവയ്പിൽ 13 കോൺഗ്രസുകാർ രക്തസാക്ഷികളായത്. 1998ൽ തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചശേഷവും മമത രക്തസാക്ഷി ദിനം കൃത്യമായി ആചരിച്ചുപോരുന്നുണ്ട്. ഇത് കോൺഗ്രസിന് മമതയോടുള്ള രോഷം വർധിപ്പിച്ചിട്ടുണ്ട്. മമതയുടെ പ്രഖ്യാപനത്തിന് കോൺഗ്രസ് കാതുകൊടുക്കുമോ എന്നാണ് അറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."