ദേശീയപതാക ഖാദിയല്ലാതാവുമ്പോൾ
പി. ഇസ്മായിൽ വയനാട്
എല്ലാ സ്വതന്ത്ര രാഷ്ട്രങ്ങൾക്കും സ്വന്തമായി പതാകകളുണ്ട്. ഓരോ രാജ്യത്തിന്റെയും പാരമ്പര്യവും ആത്മാവുമാണ് ദേശീയപതാകയിൽ കുടികൊള്ളുന്നത്. ഇന്ത്യയിൽ കർണാടകയിലെ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘമാണ് ഖാദി രൂപത്തിലുള്ള ദേശീയപതാകകൾ നിർമിക്കുന്നത്. ഖാദി കൊണ്ടുള്ള ദേശീയപതാക നിർമാണത്തിനു പകരം ചൈനയിൽ നിന്ന് പോളിയസ്റ്റർ പതാക ഇറക്കുമതിയിലേക്കുള്ള കേന്ദ്രഭരണകൂടത്തിന്റെ ചുവടുമാറ്റം ഞെട്ടലോടെയാണ് രാജ്യസ്‌നേഹികൾ കേട്ടത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരിൽ കേന്ദ്ര ഭരണകൂടം കൊണ്ടാടുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തുന്ന ഹർഘർ തിരംഗ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പതാക നിർമാണ രീതിയിൽ മാറ്റംവരുത്തിയത്.
ദേശീയപതാക ഖാദിയിലോ കൈത്തറിയിലോ നിർമിക്കണമെന്ന ഫ്‌ളാഗ് കോഡ് 2022 ലെ ഭേദഗതിയിലൂടെ കേന്ദ്രത്തിന്റെ ഉള്ളിലിരിപ്പാണ് പുറത്തുചാടിയത്. ഖാദി വസ്ത്ര പ്രചാരണത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കിയ ഗാന്ധിയുടെ സ്മരണകൾ മായ്ച്ചുകളയാനുള്ള അണിയറ നീക്കങ്ങളാണ് തീരുമാനത്തിൽ പ്രകടമാവുന്നത്. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ വാർഷിക കലണ്ടറിലും ഡയറിയിലും ചർക്ക നൂൽക്കുന്ന ഗാന്ധിയെ മാറ്റി മോദിയുടെ ചിത്രം തിരുകിക്കയറ്റിയതിന്റെ പുതിയ എപ്പിസോഡാണ് പോളിയസ്റ്റർ പതാക ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലും പ്രകടമാവുന്നത്.
ചർക്കയും ഖാദി വസ്ത്രനിർമാണവും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ഗാന്ധിയുടെ പ്രധാന ആയുധങ്ങളായിരുന്നു. കർഷകരെ ചൂഷണം ചെയ്ത് ഇന്ത്യയിലെ പരുത്തി കുറഞ്ഞ വിലക്ക് വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് നൂലും വസ്ത്രവുമാക്കി വലിയ വിലക്ക് ഇന്ത്യൻ വിപണിയിൽ വിൽപന നടത്തിയിരുന്ന ബ്രട്ടീഷുകാരുടെ ലാഭക്കൊയ്ത്തിനാണ് വിദേശവസ്ത്ര ബഹിഷ്‌കരണത്തിലൂടെ ഗാന്ധി കടിഞ്ഞാണിട്ടത്. സ്വന്തമായി നൂൽ നൂൽക്കാനും ഖാദി വസ്ത്രം ധരിക്കാനുമുള്ള ഗാന്ധിയുടെ ആഹ്വാനത്തിൽ ഓരോ ഗ്രാമവും സ്വയംപര്യാപ്തത കൈവരിക്കണമെന്ന സാമ്പത്തികശാസ്ത്രവും ദർശിക്കാനാവും.
ഇന്ത്യയിൽ കാർഷികമേഖലപോലെ നെയ്ത്തിലും അനുബന്ധ മേഖലകളിലുമായി ലക്ഷക്കണക്കിനാളുകളാണ് ജോലി ചെയ്യുന്നത്. ലോകതലത്തിൽ കൈത്തറി തുണിത്തരങ്ങളിൽ 95 ശതമാനവും നിർമിക്കുന്നത് ഇന്ത്യയിലാണ്. ദേശീയപതാകയോടുള്ള താൽപര്യക്കുറവ് കൊണ്ടാണ് മെയ്ക്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ഉരുവിടുന്ന പ്രധാനമന്ത്രി സ്വന്തം നാട്ടിലെ അനേക ലക്ഷം നെയ്ത്തു തൊഴിലാളികളെ മറന്ന് ദേശീയപതാക ഇറക്കുമതിക്ക് കുടപിടിക്കുന്നത്.
ഖാദിയുടെ കുത്തക തകർത്ത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ദേശീയപതാകയിൽ സംഭവിക്കാനിടയുള്ള പിഴവിന് ഉത്തരവാദിത്വം ആരേറ്റെടുക്കുമെന്ന രാജ്യസ്‌നേഹികളുടെ ചോദ്യത്തിന് മുന്നിൽ ഭരണകൂടം നാളിതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറി അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ചൈനയിൽനിന്ന് 20 കോടി പോളിയസ്റ്റർ പതാക ഇറക്കുമതി ചെയ്യുമ്പോൾ മറിയുന്ന കോടികളിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."