മോദി ഭരണം ജനങ്ങളെ പ്രതിമകളാക്കുന്നു
പ്രശാന്ത്ഭൂഷണ് / പി.കെ മുഹമ്മദ് ഹാത്തിഫ്
കോണ്‍ഗ്രസ് മുക്ത ഭാരതത്തില്‍നിന്ന് പ്രതിപക്ഷ മുക്ത ഭാരതത്തിലേക്കുള്ള വഴിയില്‍ ബി.ജെ.പി നേതൃത്വം വഴികള്‍ ഏറെ താണ്ടിയിട്ടുണ്ട്. പ്രതിരോധത്തിന്റെയും പ്രതിപശബ്ദത്തിന്റെയും ഭാഗത്ത് അവശേഷിക്കുന്നത് ഏതാനും ശബ്ദങ്ങള്‍ മാത്രമാണ്. സന്നദ്ധ സംഘടനകളെയും സാമൂഹ്യപ്രവര്‍ത്തകരെയും ശാരീരികമായും മാനിസികമായും വേട്ടയാടി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വേട്ടയാടലുകള്ക്കിടിയിലും നെഞ്ചുവരിച്ച് ജനാധിപത്യ ഇന്ത്യയ്ക്കായി ശബ്ദിക്കുന്നവരില്‍ പ്രധാനിയാണ് അഡ്വ. പ്രശാന്ത് ഭൂഷണ്. ജുഡിഷ്യറി, രാഷ്ട്രീയം ഉള്‍പ്പെടെയുള്ളവയിലെ അനീതിക്കെതിരേ, ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരില്‍ അദ്ദേഹത്തിന് മുന്‍നിരയില്‍തന്നെ ഇരിപ്പിടമുണ്ട്.
എന്തുകൊണ്ട് മോദി വിമര്‍ശകനായി
പ്രധാനമന്ത്രിക്കെതിരേ ബിര്‍ള-സഹാറ കേസുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് മോദി വിരുദ്ധനായ പ്രശാന്ത് ഭൂഷണ് സ്റ്റാറായതെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ അതല്ല. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതല്‍ അദ്ദേഹത്തിന്റെ എല്ലാതരം കള്ളത്തരങ്ങള്ക്കെതിരേയും വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് കലാപവും അതോടനുബന്ധിച്ചുള്ള വിഷയങ്ങളും കൂടുതല്‍ ചര്‍ച്ചയായപ്പോഴാണ് മോദി വിമര്‍ശകനായി മാറിയത്. വലിയ ബിസിനസുകാരനാണ് മോദി. അദ്ദേഹത്തിന്റെ കൂട്ടാളിയാണ് അമിത്ഷാ. ആര്.എസ്.എസിന്റെയും ബി.ജെ.പിയുടേയും പിന്തുണയോടെയുള്ള സാമ്പത്തിക അടിത്തറയാണ് ഇരുവരും സൃഷ്ടിച്ചെടുക്കുന്നത്. അതിനായി വര്‍ഗീത അഴിച്ചുവിട്ടും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കിയും ജുഡീഷ്യറിയെ വിലക്കെടുത്തും ഭരണഘടനാസ്ഥാപനങ്ങളെ ഉപയോഗിച്ചും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. വിമാനത്താവളം, തുറമുഖം, വൈദ്യുതി വിതരണമടക്കം സ്വകാര്യ കുത്തകയ്ക്കു തീറെഴുതിക്കൊടുത്തു. രാജ്യത്തെ വിറ്റഴിച്ചാണ് ഈ അടിത്തറ സ്ഥാപിച്ചെടുക്കുന്നത്. ആദ്യ അഞ്ചു വര്‍ഷം സാമ്പത്തികമായ അടിത്തറ കെട്ടിപ്പടുക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ഇപ്പോള്‍ രണ്ടാം ലക്ഷ്യത്തിലേക്കാണ് അവരടുക്കുന്നത്.
ഗാന്ധിയില്‍നിന്ന്
ഗോഡ്സേയിലേക്കുള്ള മാറ്റം
ഗാന്ധിയില്‍നിന്ന് ഗോഡ്സെയിലേക്ക് പോകുന്ന മാറ്റമാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. പ്രതിമ രാഷ്ട്രീയം തലപൊക്കിവരികയും ജനക്ഷേമ രാഷ്ട്രീയം കുഴിച്ചു മൂടുകയും ചെയ്തു. കോടികള്‍ മുടക്കി നിര്‍മിച്ച പട്ടേല്‍ പ്രതിമയും പാര്‍ലമെന്റ് മന്ദിരത്തിലെ അശോകസ്തംഭവും ഇതാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന പുതിയ ഇന്ത്യയാണിത്. എല്ലാവരേയും പ്രതിമകളാക്കി തിരിച്ചുള്ള പ്രതികരണങ്ങളെ തച്ചുടക്കുക എന്നതു തന്നെയാണ് പ്രതിമ രാഷ്ട്രീയത്തിലൂടെ മോദിയും സംഘ്പരിവാറും പറയുന്നതും. യഥാര്‍ഥ അശോക സ്തംഭത്തിലെ സിംഹവും മോദിയുടെ അശോക സ്തംഭത്തിലെ സിംഹവും ഗാന്ധിയില്‍ നിന്ന് ഗോഡ്സെ കാലത്തേക്കുള്ള മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള കടന്നുകയറ്റം നടക്കുന്നുണ്ട്. സര്‍വകലാശാലകളെല്ലാം ആര്.എസ്.എസ് അജന്‍ഡയിലേക്ക് വഴുതി വീണു. ആര്.എസ്.എസോ ബി.ജെ.പിയോ ആണെങ്കില്‍ യോഗ്യത ഇല്ലാതെ തന്നെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ആയി നിയമിക്കപ്പെടുന്ന സ്ഥിതിയാണ്.
ഗുജറാത്ത് കലാപത്തില്‍
ക്ലീന്‍ചിറ്റും മോദിയുടെ പകയും
ഗുജറാത്ത് കലാപത്തില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ വീടും സ്വത്തും ഉപേക്ഷിച്ച് അഭയാര്‍ഥികളായി ഓടിപ്പോയി. ഇരകളും വേട്ടക്കാരും എല്ലാം മറന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ്. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വഴങ്ങാത്ത ഉദ്യോഗസ്ഥരോടും ആക്ടിവിസ്റ്റുകളോടുമുള്ള വിദ്വേഷം മോദി സര്‍ക്കാര്‍ ഇനിയും ഉപേക്ഷിച്ചിട്ടില്ല. ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെയും ഐ.പി.എസുകാരായ ആര്.ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും അറസ്റ്റ് ചെയ്തത് പൊതുസമൂഹത്തെ ഭീതിപ്പെടുത്തുന്നതാണ്. അറസ്റ്റ് വ്യക്തമാക്കുന്നത് മോദിയുടെ ഒടുങ്ങാത്ത പകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സംസാരിക്കുന്നവരുടെ നാവ് പറിച്ചെറിയുകയും എഴുതുന്നവരുടെ കൈ വെട്ടിക്കളയുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്ക് ശുദ്ധിപത്രം നല്‍കാത്തതിന്റെ പേരിലാണ് പൊലിസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. കലാപത്തിന് പരിപൂര്‍ണ ഉത്തരവാദിയായ മോദിയെ കുറ്റവിമുക്തനാക്കാന്‍ കോടതികളെയും പൊലിസിനെയും ഐ.എ.എസ് ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തിയാണ് മോദി ക്ലീന്‍ ചിറ്റ് സമ്പാദിച്ചത്. നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കുന്നതിനെതിരേ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹസാന് ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി നല്കിയ പരാതിയിലാണ് മൂന്നു പേരും വേട്ടക്കാരനായ മോദിയെ സഹായിക്കാതെ ഇരയായ ജാഫ്രിക്ക് വേണ്ടി നിര്‍ഭയമായി നിലപാടെടുത്തത്.
ന്യൂനപക്ഷ വേട്ട,
ബുള്‍ഡോസര്‍ രാഷ്ട്രീയം
പൗരന്റെ മൗലികാവകാശങ്ങളെ പോലും മാനിക്കാന്‍ ഫാസിറ്റ് ഭരണകൂടം തയാറാകുന്നില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെപ്പോലും ചെറിയ കാരണങ്ങള്‍ പറഞ്ഞ് വേട്ടയാടുകയും ബുള്‍ഡോസര്‍ രാഷ്ട്രീയത്തിലൂടെ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. മുസ്ലിംകള് ഉള്‍പ്പെടെ ന്യൂനപക്ഷ സമൂഹത്തിന് നീതി ലഭിക്കുന്നില്ല. അവര്‍ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണെന്ന് വ്യക്തമാകുകയാണ്. ദേശ സുരക്ഷ മറയാക്കിയാണ് ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത്. സ്വത്വം നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുക എന്നതാണ് എന്റെ തീരുമാനം. അതിനായി ദലിത് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നീതി ലഭിക്കും വരെ പോരാടാന്‍ തന്നെയാണ് തീരുമാനം. ദേശ സുരക്ഷ മറയാക്കി കേന്ദ്രം കോടതിയിലെത്തുമ്പോള്‍ കോടതിയും അത് അംഗീകരിക്കുകയാണ്. ഇത് വലിയ അപകടമാണ്.
ചോദ്യം ചെയ്യപ്പെടുന്ന
മാധ്യമസ്വാതന്ത്ര്യം
മാധ്യമസ്വാതന്ത്ര്യം ഇന്ത്യയില്‍ കടുത്ത ഭീഷണി നേരിടുന്ന കാലമാണ്. നിരവധി മാധ്യമ സ്ഥാപനങ്ങളെ പ്രലോഭനത്തിലൂടെ വശംവദരാക്കി. അത് പല വിധത്തിലാണ്. കീഴടങ്ങാത്തവര്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ കൊടുക്കാത്തതാണ് ഒരു രീതി. ഇഷ്ടമാധ്യമങ്ങള്ക്ക് ഭരണത്തിലുള്ളവര്‍ വാര്‍ത്താ എക്സ്ക്ലൂസിവും അഭിമുഖങ്ങളും പ്രത്യേകമായി നല്കി. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റര്‍മാര്‍ക്കും ചാനല്‍ ആങ്കര്മാര്ക്കുമൊക്കെ പാക്കറ്റുകള്‍ അയച്ചും 'ഗോദി മീഡിയ' സൃഷ്ടിച്ചു. വഴിക്കുവരാത്തവര്ക്കു നേരെ പലവിധ ഭീഷണികളായി. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ആദായനികുതി വകുപ്പു മുതല്‍ എന്‍.ഐ.എ വരെ അത്തരക്കാരെ വളഞ്ഞു. അതുകൊണ്ടും നിയന്ത്രണത്തില്‍ വരാത്തവരെയാണ് നിരോധിക്കുന്നത്. കേരളത്തിലെ ചാനലിനെ വിലക്കിയതും ഇതിന്റെ ഭാഗമാണ്. സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടുകൊണ്ടിരിക്കുകയാണ്. വളരെ അപകടകരമായ സാഹചര്യത്തിലാണ് നമ്മള്. മാധ്യമ സ്വാതന്ത്ര്യത്തിന് അവസാനമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സത്യം പറഞ്ഞതിനും യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാണിക്കുന്നതും വലിയ തെറ്റായി മാറിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുകയാണ്. മുഹമ്മദ് സുബൈര്‍ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിരവധി കേസുകളാണ് സുബൈറിനെതിരേ ചുമത്തപ്പെട്ടത്. മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനടക്കം നിരവധി പേരാണ് കാടന്‍ നിയമത്തിന്റെ ഇരകളായിരിക്കുന്നത്.
ഭരണകൂടത്തെ എതിര്‍ത്ത ആക്റ്റിവിസ്റ്റുകളടക്കം അയ്യായിരത്തോളം പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. സര്‍ക്കാരിനെതിരെ പോസ്റ്ററൊട്ടിക്കുന്നവരെ പോലും ജയിലിലടക്കുകയാണ് മോദി. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ബലിയാടുകളാക്കാനും സര്‍ക്കാര്‍ യു.എ.പി.എ പോലുള്ള നിര്‍ദയമായ നിയമങ്ങള്‍ സര്‍വ വ്യാപകമായി ഉപയോഗിച്ചുകൊണ്ടേയിരിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ക്കും പൊതുസമൂഹത്തിനുമായി ശബ്ദമുയര്‍ത്തുന്നവരെ കാടന്‍ നിയമങ്ങള്‍ ഉപയോഗിച്ച് നിശ്ശബ്ദരാക്കാനാണ് ശ്രമം. ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ജീവിക്കാനുള്ള അവാകശവും സ്വാതന്ത്ര്യവുമാണ് ആക്രമിക്കപ്പെടുന്നത്. നിരപരാധികള്‍ ജാമ്യംപോലും ലഭിക്കാതെ ശിക്ഷയനുഭവിക്കപ്പെടുന്നു.
സാധാരണക്കാര്‍ക്ക്
ജുഡിഷ്യറി അപ്രാപ്യമോ
രാജ്യത്തെ 80 ശതമാനം പേര്‍ക്കും ജുഡീഷ്യല്‍ സംവിധാനത്തെ സമീപിക്കാനാവുന്നില്ല. ഏതെങ്കിലും അഭിഭാഷകന്റെ സഹായത്താലേ ഇവര്‍ക്ക് നീതിന്യായ വ്യവസ്ഥയെ സമീപിക്കാനാവൂ. എന്നാല്‍, ഉയര്‍ന്ന ഫീസ് ഉള്‍പ്പെടെ കാരണങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നു. കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസമാണ് മറ്റൊരു പ്രശ്നം. ഒരു വര്‍ഷത്തിനകമെങ്കിലും കേസുകളില്‍ തീര്‍പ്പുണ്ടാക്കാനുള്ള സംവിധാനം വേണം. 2006ല്‍ സുപ്രിംകോടതി പൊലിസ് പരിഷ്കരണത്തിന് നിര്‍ദേശിച്ചിരുന്നെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഭീകരവാദ കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും നിരപരാധികളാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന ഭൂരിഭാഗം മുസ്ലിംകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. നീതി കാത്ത് അനേകം വിചാരണത്തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. പൊലിസ് ഉദ്യോഗസ്ഥര്‍ പോലും പക്ഷപാതപരമായാണ് പെരുമാറുന്നത്. നീതി എല്ലാവര്ക്കും ലഭ്യമാകുന്ന രീതിയില്‍ പൊലിസ്, ജുഡിഷ്യല്‍ വ്യവസ്ഥകള്‍ പരിഷ്കരിക്കണം. മനുഷ്യാവകാശങ്ങളുമായും നിയമവാഴ്ചയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സാധാരണക്കാര്‍ക്ക് ജുഡീഷ്യറി അപ്രാപ്യമാവും. നിരവധി കേസുകളില്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. പിന്നെയെങ്ങനെ സാധാരണക്കാര്‍ ജുഡിഷ്യറിയെ വിശ്വസിക്കും.
ചോദ്യം ചെയ്യപ്പെടുന്ന
നിയമവ്യവസ്ഥ
ജുഡിഷ്യറിപോലും ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. വിമര്‍ശിച്ചപ്പോള്‍ അഭിഭാഷകനായ എനിക്കെതിരേ കോടതിയലക്ഷ്യം ചുമത്തി. ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടലടക്കം ജുഡിഷ്യറി നേരിടുന്ന വെല്ലുവിളിയാണ്. കൊളീജിയം പത്തുപേരെ ശിപാര്‍ശ ചെയ്താല്‍ സര്‍ക്കാര്‍ തങ്ങള്‍ക്കു താല്പര്യമുള്ള മൂന്നുപേരെ നിയമിച്ച് ബാക്കിയുള്ളവരുടെ കാര്യത്തില്‍ അനാവശ്യ കാലതാമസമുണ്ടാക്കുകയാണു ചെയ്യുന്നത്. ജുഡിഷ്യറി പൂര്‍ണമായും സ്വതന്ത്രമാവണം. ജഡ്ജിമാരെ നിയമിക്കുന്നതിനും വിധികള്‍ പരിശോധിക്കുന്നതിനും സ്ഥിരം സംവിധാനം വേണം. സുപ്രിംകോടതിയിലെത്തുന്ന കേസുകള്‍ ഏതു ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാത്രം തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ചീഫ് ജസ്റ്റിസിനൊപ്പം അഞ്ചു മുതിര്‍ന്ന ജഡ്ജിമാര്‍ കൂടി ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ച് ഇക്കാര്യം തീരുമാനിക്കാത്ത പക്ഷം ചില സ്ഥാപിത താല്പര്യങ്ങള് ഇതിലേക്കു കടന്നുവരും. ജനങ്ങളുടെ മൗലികാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിലും ജുഡിഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ജുഡിഷ്യറിയുടെ പൂര്‍ണ പരിഷ്കരണത്തിന് ജനകീയ കാംപയിന് ശക്തമാക്കേണ്ടിയിരിക്കുന്നു.
പാര്‍ലമെന്റില്‍
വാക്കുകളുടെ നിരോധനം
രാജ്യത്ത് പ്രതിപക്ഷം എന്നത് ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ ഐക്യത്തെ പോലും അവര്‍ ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പല നയങ്ങളും. ഭരണഘടനാ സ്ഥാപനങ്ങളെ ഉപകരണങ്ങളാക്കി മാറ്റിയാണ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ മോദിക്കെതിരേ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് നിരോധനപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ മോദി എന്ന വാക്കാണ് ആദ്യം നിരോധിക്കപ്പെടേണ്ടത്. ഒരു ചര്‍ച്ചയും കൂടാതെ രണ്ടും മൂന്നും മിനിട്ടുകൊണ്ടാണ് പാര്‍ലമെന്റ് പല നിയമങ്ങളും പാസാക്കുന്നത്. പാര്‍ലമെന്ററി സമിതികള്‍ക്ക് പൊതുജനാഭിപ്രായം തേടാന്‍ പോലും അവസരമില്ല.
പ്രതിപക്ഷത്തേയും പ്രതിപക്ഷ ഐക്യത്തേയും ഇല്ലാതാക്കിയാല്‍ സര്‍വാധിപത്യം സ്ഥാപിക്കാമെന്നാണ് മോദിഷാ കൂട്ടുകെട്ട് കരുതുന്നത്. എന്നാല്‍ പ്രതിപക്ഷം കേവലം പാര്‍ലമെന്റിലുള്ള എം.പിമാര്‍ മാത്രമല്ലെന്ന് തിരിച്ചറിയാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ക്രിയാത്മകമായ ഒരു വലിയ ജനക്കൂട്ടമാണ് ഏറ്റവും വലിയ പ്രതിപക്ഷം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."