ഇ.ഡിക്ക് കീഴിലെ ഇന്ത്യ
രാഷ്ട്രീയ താൽപര്യങ്ങൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കാലത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്ക് അറസ്റ്റ് ചെയ്യാനും സ്വത്തു കണ്ടുകെട്ടാനും പരിശോധന നടത്തി പിടിച്ചെടുക്കാനും അനുമതി നൽകുന്ന വകുപ്പുകളുടെ ഭരണഘടനാസാധുത സുപ്രിംകോടതി ശരിവച്ചിരിക്കുന്നത്. വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയ ജഡ്ജി എ.എം ഖാൻവിൽക്കർ തൊട്ടുപിന്നാലെ സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. സുപ്രിംകോടതി ജഡ്ജിയെന്ന നിലയിൽ ആറുവർഷ കരിയറിലെ ഭൂരിഭാഗം കാലവും കോടതിയിലെ നിശബ്ദ സാന്നിധ്യമായിരുന്നു എ.എം ഖാൻവിൽക്കർ. എന്നാൽ അവസാനകാലത്ത് പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏതാനും വിധികൾ പുറപ്പെടുവിച്ചാണ് സുപ്രിംകോടതിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയത്. സന്നദ്ധ സംഘടനകളെ ഇല്ലായ്മ ചെയ്യാൻ മോദി സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവനാ നിയന്ത്രണ നിയമത്തെ അനുകൂലിച്ചുള്ള വിധി മുതൽ സാക്കിയാ ജഫ്രി കേസ് വിധി വരെ, ഇ.ഡി വിധിക്കു മുമ്പും പുനരവലോകനം ചെയ്യപ്പെടേണ്ട ഉത്തരവുകൾ ഖാൻവിൽക്കറിൻ്റേതായി വേറെയുമുണ്ട്.
സാക്കിയ കേസിലെ വിധിയാണ് ഗുജറാത്തിലെ ഇരകൾക്കുവേണ്ടി പൊരുതിയ ടീസ്റ്റ സെതൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും പോലുള്ളവരെ ജയിലിലെത്തിയച്ചത്. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച പുട്ടസ്വാമി കേസ് അടക്കമുള്ള സുപ്രിംകോടതി വിധികളെയും ജുഡിഷ്യൽ സംവിധാനത്തിന്റെ അന്തഃസത്തയെയും ചോദ്യം ചെയ്യുന്നതാണ് ഇ.ഡി കേസിലെ വിധിയെന്ന് പറയാതിരിക്കാൻ വയ്യ. വ്യാപകമായി ദുരുപയോഗം ചെയ്യുന്ന ഒരു ഏജൻസിയുടെ അധികാരങ്ങൾ ശരിവയ്ക്കുക മാത്രമല്ല, അവർക്ക് കൂടുതൽ അധികാരങ്ങൾ നൽകുക കൂടി ചെയ്തിരിക്കുന്നു. കള്ളപ്പണത്തിലൂടെ നേടിയത് കളങ്കമില്ലാത്തതായി അവതരിപ്പിച്ചാലും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കാമെന്ന ഉത്തരവാണ് ഇതിലൊന്ന്. വരുമാനം മറച്ചുവയ്ക്കുകയോ കള്ളപ്പണം കൈവശം വയ്ക്കുകയോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കുന്നതിന് തുല്യമാകുമെന്നും, അറസ്റ്റ് ചെയ്യുന്നതിന്റെ പൂർണവിവരങ്ങൾ കുറ്റാരോപിതരോട് വെളിപ്പെടുത്താൻ ഇ.ഡിക്ക് ബാധ്യതയില്ലെന്നും ഉത്തരവ് പറയുന്നു. എഫ്.ഐ.ആറിന് പകരമായി ഇ.ഡി രജിസ്റ്റർ ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് കേസിൽ ഇരയാക്കപ്പെടുന്നയാൾക്ക് നൽകേണ്ടതില്ല.
എഫ്.ഐ.ആറിന്റെ പകർപ്പ് കുറ്റാരോപിതന് നൽകണമെന്നതുപോലുള്ള സി.ആർ.പി.സിയിലെ വ്യവസ്ഥകൾ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിന് ബാധകമല്ലെന്നാണ് പറയുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ പൊലിസല്ലെന്നും കേസ് രജിസ്റ്റർ ചെയ്യുമ്പോൾ പൊലിസിനുള്ള ഉത്തരവാദിത്വം ഇ.ഡിക്കില്ലെന്നുമാണ് ഇതിന് കാരണമായി പറയുന്നത്. ഇ.ഡിക്ക് അധികാരങ്ങളുണ്ട്, എന്നാൽ ഉത്തരവാദിത്വങ്ങളില്ലെന്ന വിചിത്രവാദമാണിത്. അതായത് യാതൊരു തെളിവുമില്ലാതെ ആരോപണങ്ങൾ കൊണ്ട് മാത്രം ഇ.ഡിക്ക് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനും വീട്ടിൽക്കയറി പരിശോധന നടത്താനുമെല്ലാം കഴിയും. ഇ.ഡി ഉദ്യോഗസ്ഥർ പൊലിസല്ലാത്തതിനാൽ നിയമത്തിലെ 50ാം വകുപ്പ് പ്രകാരം അവർ രേഖപ്പെടുത്തിയ മൊഴികൾ മൗലികാവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 20 (3) വകുപ്പിന്റെ പരിധിയിൽ വരില്ലെന്നും ഇ.ഡി കസ്റ്റഡിയിൽ നൽകിയ മൊഴി കോടതിക്ക് അംഗീകരിക്കാമെന്നും ഉത്തരവിലുണ്ട്. സമ്മർദമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ പൊലിസ് കസ്റ്റഡിയിൽ നൽകുന്ന മൊഴി കോടതി തെളിവായി പരിഗണിക്കേണ്ടതില്ലെന്ന നീതിന്യായ വ്യവസ്ഥക്ക് വിരുദ്ധമാണിത്. അറസ്റ്റ് ചെയ്യപ്പെടുന്നയാൾക്ക് മൗലികാവകാശങ്ങൾ വകവച്ചു കൊടുക്കേണ്ടതില്ലെന്ന് സാരം.
കുറ്റം ചെയ്തില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം കുറ്റാരോപിതർക്കാകുന്ന നിയമത്തിന്റെ 24ാം വകുപ്പാണ് ഇതിൽ മനുഷ്യാവകാശ വിരുദ്ധമായ മറ്റൊരു വ്യവസ്ഥ. ഇ.ഡിക്ക് വെറുതെ ആരോപണങ്ങൾ ഉന്നയിക്കുകയേ വേണ്ടൂ. ചെയ്തില്ലെന്ന് തെളിയിക്കേണ്ടത് സ്വത്ത് മുഴുവൻ നഷ്ടപ്പെട്ട് ജയിലിൽ കിടക്കുന്നയാളുടെ ഉത്തരവാദിത്വമാകും. ടാഡ പോലുള്ള, പിൻവലിച്ച കരിനിയമങ്ങളിൽ മാത്രമാണ് ഇത്തരത്തിലൊരു വ്യവസ്ഥയുണ്ടായിരുന്നത്. കേസുകളിൽ ജാമ്യം നൽകുന്നതിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തുന്ന 45ാം വകുപ്പും കോടതി ശരിവച്ചിട്ടുണ്ട്. പ്രതിയുടെ ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്താൽ പ്രതി കുറ്റക്കാരനല്ലെന്നും അയാൾ അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്നും വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ കോടതിക്ക് ജാമ്യം അനുവദിക്കാൻ പാടുള്ളൂ എന്നാണ് വിധി പറയുന്നത്. കുറ്റത്തിന്റെ ഗൗരവം സാധാരണ കേസുകളിൽ ജാമ്യം നിഷേധിക്കാനുള്ള കാരണമായി പരിഗണിക്കാറില്ല. പ്രതി രാജ്യം വിടാനോ തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടോ എന്നാണ് കോടതി നോക്കുക. ഇവിടെ ജാമ്യം ലഭിക്കണമെങ്കിൽപ്പോലും നിരപരാധിയാണെന്ന ബോധ്യം കോടതിക്കുണ്ടായിരിക്കണം. ജാമ്യത്തിലായിരിക്കുമ്പോൾ സമാനമായ കുറ്റം ചെയ്യില്ലെന്ന ഉറപ്പുമുണ്ടാകണം.
താൽക്കാലികമായി കണ്ടുകെട്ടിയ സ്വത്തുകൾ ഉപയോഗിക്കുന്നതിൽ കുറ്റാരോപിതരെ വിലക്കരുതെന്ന് ഉത്തരവിലുണ്ടെങ്കിലും അന്തിമ കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിക്കും വരെയുള്ള കാലയളവിൽ മാത്രമാണിത്. ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം ഔപചാരിക ഉത്തരവ് പുറപ്പെടുവിക്കാതെ തന്നെ ഇ.ഡിക്ക് താൽക്കാലികമായ കണ്ടുകെട്ടലുകൾ നടത്താം. ഇത് സൂക്ഷ്മതയോടെ നടത്തേണ്ടതാണെന്ന അഭിപ്രായം മാത്രമാണ് കോടതി ഉത്തരവിലുള്ളത്. ഇത്തരത്തിൽ സ്വത്ത് കണ്ടുകെട്ടുകയും പിന്നീട് ഈ സ്വത്ത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമല്ലെന്ന് വിചാരണക്കോടതി കണ്ടെത്തുകയും ചെയ്താൽ വേഗത്തിൽ ഉടമകൾക്ക് തിരികെ നൽകണമെന്ന് മാത്രമാണ് ഉത്തരവിൽ പറയുന്നത്. കുറ്റാരോപിതനുണ്ടാകുന്ന നഷ്ടങ്ങൾ എങ്ങനെ നികത്തുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിട്ടില്ല. രാഷ്ട്രീയ എതിരാളികൾക്കെതിരേ ഇ.ഡിയെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കാലത്ത് നീതി തേടിയെത്തിയ ഹരജിക്കാരുടെ ആശങ്കകളെയായിരുന്നു കോടതി അഭിമുഖീകരിക്കേണ്ടിയിരുന്നത്. വ്യക്തിസ്വാതന്ത്ര്യവും പൗരാവകാശവും ഉയർത്തിപ്പിടിക്കുന്ന വിധിയാണ് പുറപ്പെടുവിക്കേണ്ടിയിരുന്നത്. നിലവിലെ വിധി വേട്ടക്കാർക്കാണ് ആവേശം പകരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."