വേലന്താവളം പുഴപ്പാലത്തിലൂടെ ഭാരം കൂടിയ ചരക്ക് ലോറികള്‍ക്ക് നിരോധനം
കൊഴിഞ്ഞാമ്പാറ: വേലന്താവളം പുഴപ്പാലത്തിലൂടെ ഭാരം കൂടിയ ചരക്കു ലോറികള്‍ സഞ്ചരിക്കുന്നത് പൊതുമരാമത്ത് അധികൃതര്‍ നിരോധിച്ചു. മള്‍ട്ടി ആക്‌സിന്‍ ലോറികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തി പുഴയുടെ ഇരുഭാഗത്തും അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ചരക്കുലോറികള്‍ സഞ്ചരിക്കുമ്പോള്‍ പാലത്തിനു കുലുക്കം ഉണ്ടാകുന്നതായും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ വേലന്താവളം പ്രേംജിത്ത് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ പരിശോധന നടത്തി കുലുക്കം ബോധ്യമായതിനെത്തുടര്‍ന്നാണ് ചരക്കുലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ബ്രിഡ്ജ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് പാലത്തിനു ബലക്ഷയം ഉണ്ടോയെന്നു പരിശോധിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. 1986 ലാണ് പാലം നിര്‍മിച്ചത്. എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ രേഖകള്‍ പരിശോധിക്കുന്നതിനു ചരക്കുകടത്തു വാഹനങ്ങള്‍ പാലത്തിലാണ് നിര്‍ത്തിയിടുന്നത്. അമ്പതോളം കോളജ് ബസുകള്‍ ഉള്‍പ്പെടെയുള്ളവയും വിനോദസഞ്ചാരികളും ഈ പാലം വഴിയാണ് സഞ്ചരിക്കുന്നത്. സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട പുഴപ്പാലത്തിന്റെ കോടുപാടുകള്‍ എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ ചിറ്റൂര്‍ താലൂക്കില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്ര നില്‍ക്കും.
ചരക്കുലോറികള്‍ നിര്‍ത്തുന്നത് ഒഴിവാക്കാന്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ പൊതുമരാമത്ത് അറിയിപ്പു നല്‍കിയതായും സൂചനയുണ്ട്. മേനോന്‍പാറ പുഴപ്പാലം തകര്‍ന്നപ്പോള്‍ ഒന്നരവര്‍ഷം ആര്‍വി പുതൂര്‍ വഴി വാഹനസഞ്ചാരത്തിനു സാധ്യതയുണ്ടായിരുന്നു. എന്നാല്‍ വേലന്താവളം പുഴപ്പാലത്തില്‍ ഗതാഗതം നിര്‍ത്തേണ്ട സാഹചര്യമുണ്ടായാല്‍ കോയമ്പത്തൂരുമായുള്ള സഞ്ചാര സൗകര്യം തന്നെ നഷ്ടമാകും. കലക്ടറുടെ അനുമതിയോടെയാണ് പാലത്തിന് ഇരുവശത്തും ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള പാലത്തിനു സമീപത്തായി മറ്റൊരു പാലം നിര്‍മിച്ച് വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."