HOME
DETAILS

മാപ്പിള സ്ത്രീയുടെ വൈജ്ഞാനിക പാരമ്പര്യം

  
backup
August 07 2022 | 19:08 PM

863456312-2022-august-08

ഡോ. മോയിന്‍ ഹുദവി മലയമ്മ


ചരിത്ര ബോധത്തിന്റെ അഭാവമാണ് കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ സാക്ഷരതയെയും വൈജ്ഞാനിക ഉണര്‍വിനെയും ചേലക്കാടന്‍ ആയിശയിലേക്കും മാളിയേക്കല്‍ മറിയുമ്മയിലേക്കും മാത്രം ചുരുക്കി പറയാന്‍ പലരെയും ഇന്നും ധൃഷ്ടരാക്കുന്നത്. അറിവുകേടിന്റെയും ആവിഷ്‌കാര നിഷേധത്തിന്റെയും ചുമരുകള്‍ക്കുള്ളില്‍ പുറം ലോകം കാണാതെ തളച്ചിടപ്പെട്ടവളായി മുഖ്യാധാരാ സിനിമകളും നാടകങ്ങളും സാഹിത്യങ്ങളും മുസ്‌ലിം സ്ത്രീയെ ആവിഷ്‌കരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. 'പുരോഗമന' ലിബറല്‍ ഇടങ്ങളില്‍നിന്നു പലപ്പോഴായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരുതരം 'ആറാം നൂറ്റാണ്ടു' വിളിയുടെ ഭാഗമായി തന്നെയാണ് ഇത്തരം 'യാഥാസ്ഥിതിക വിലക്കുകള്‍' ചാടിയുള്ള 'പുരോഗമന' പെണ്ണാഘോഷങ്ങളും ഉണ്ടാകുന്നത്.


കേരള മുസ്‌ലിംകള്‍ക്കിടയിലെ വൈജ്ഞാനിക പൊതുമണ്ഡലം രൂപപ്പെട്ടുവന്ന കാലം മുതല്‍ തന്നെ സ്ത്രീയും അതിന്റെ അനിവാര്യ ഭാഗമായിട്ടുണ്ട്. സഹോദര സമുദായങ്ങളെക്കാള്‍ സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ മെച്ചപ്പെട്ട പദവി തുടക്കം മുതല്‍തന്നെ അവര്‍ ആസ്വദിച്ചു. അറിവാര്‍ജ്ജന വഴിയില്‍ സ്ത്രീയെ മാത്രം വേലിക്കെട്ടിനപ്പുറം നിര്‍ത്തുന്ന ഒരു 'പാരമ്പര്യം' കേരളത്തിലുണ്ടായിരുന്നില്ലെന്ന് 18, 19 നൂറ്റാണ്ടുകള്‍ മുതലുള്ള ചരിത്രം വ്യക്തമാക്കുന്നു.
1868ല്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രിന്റ് തുടങ്ങിയതു മുതലാണ് ഭൗതിക സാങ്കേതികത്വങ്ങളോടെയുള്ള വിദ്യാഭ്യാസത്തിന്റെ സാര്‍വത്രീകരണമുണ്ടാകുന്നത്. അതിനു മുമ്പ് ഓറല്‍ ട്രഡീഷനും മാനുസ്‌ക്രിപ്റ്റ് സംസ്‌കാരവുമാണ് പൊതുവെ നിലന്നിരുന്നത്. പുസ്തകങ്ങള്‍ പകര്‍ത്തിയെഴുതലും പ്രചരിപ്പിക്കലും കുലത്തൊഴിലാക്കിയ ധാരാളം കുടുംബങ്ങള്‍ തന്നെ അക്കാലത്ത് ഇവിടെയുണ്ടായിരുന്നു. അറബിയും അറബിമലയാളവുമായിരുന്നുവല്ലോ ആദ്യ കാലങ്ങളില്‍ മാപ്പിളമാര്‍ക്കിടയിലെ പ്രധാന വ്യവഹാര ഭാഷകള്‍. ഇക്കാലത്ത് സജീവമായ പഠന പ്രവണതയും വായനാ സംസ്‌കാരവും മാപ്പിളമാര്‍ക്കിടയിലുണ്ടായിരുന്നുവെന്നത് അനിഷേധ്യമാണ്. പ്രിന്റ് കൂടി ആരംഭിച്ചതോടെ വിവിധ അച്ചുകൂടങ്ങളില്‍നിന്നായി നൂറുക്കണക്കിനു പുസ്തകങ്ങളാണ് പുറത്തുവന്നത്. മതപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളോടൊപ്പം വൈദ്യം, ചരിത്രം, ഭാഷ തുടങ്ങിയ മേഖലകളിലെല്ലാം സ്പര്‍ശിക്കുന്നതായിരുന്നു ഈ സാഹിത്യങ്ങള്‍. സ്ത്രീകളായിരുന്നു ഈ പുസ്തകങ്ങളുടെ വലിയൊരു ശതമാനം വായനക്കാരും. അറബി ഭാഷ ഉന്നത ഉലമ വിഭാഗങ്ങള്‍ക്കിടയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഇക്കാലത്ത് അറബിമലയാളം പോലെയൊരു ഭാഷാ രൂപം വികസിക്കുന്നതുതന്നെ സാധാരണക്കാരെയും പ്രത്യേകിച്ച് സ്ത്രീകളെയും വിദ്യയഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായാണ്. സ്ത്രീകളെ കേന്ദ്രീകരിച്ച് വീടു വീടാന്തരം കയറിയിറങ്ങിയുള്ള പുസ്തക വില്‍പനക്കാരെ കുറിച്ചുപോലും മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ സി.എന്‍ അഹ്മദ് മൗലവിയും കെ.കെ കരീം മാഷും സൂചിപ്പിക്കുന്നുണ്ട്.


അറബിമലയാളത്തില്‍ സജീവമായി എഴുത്തും വായനയും നടത്താനുള്ള വിദ്യാഭ്യാസം അന്നവര്‍ക്ക് ഉണ്ടായിരുന്നു. പദ്യരൂപമാണ് ഇക്കാലത്തെ പ്രധാന ആശയ സംവേദന രീതി എന്നതിനാല്‍ വൈജ്ഞാനിക വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പദ്യകൃതികള്‍ സ്ത്രീകള്‍ മനഃപാഠമാക്കല്‍ പതിവായിരുന്നു. നികാഹ് മാലയും നിസ്‌കാരപ്പാട്ടും പഠിച്ച് അവര്‍ അനുഷ്ഠാനങ്ങളുടെ കര്‍മശാസ്ത്രം ആര്‍ജിച്ചിരുന്നു. ഖദീജ ബീവി വഫാത്ത് മാലയും വലിയ നസ്വീഹത്ത് മാലയും ഉദ്ധരിച്ച് അവര്‍ കുടുംബത്തിലും കല്ല്യാണ വീടുകളിലും സഹജനങ്ങളെ ഉപദേശിച്ചിരുന്നു. വ്യവസ്ഥാപിതമായ മദ്‌റസകള്‍ വികസിച്ചിട്ടില്ലാത്ത അക്കാലത്ത് സഞ്ചരിക്കുന്ന മദ്‌റസകളായിരുന്നു ഇത്തരം സമ്പന്നമായ പദ്യ-ഗദ്യ അറബിമലയാളം കൃതികള്‍. ഇക്കാലത്ത് നൂറു ശതമാനം സാക്ഷരരായിരുന്നു മാപ്പിള സ്ത്രീകള്‍.


ഗദ്യരൂപത്തില്‍ എഴുതപ്പെട്ടിരുന്ന വേറെയും ധാരാളം കൃതികള്‍ അവരുടെ പ്രധാന വൈജ്ഞാനിക സ്രോതസായി വര്‍ത്തിച്ചു. പൂവാര്‍ മുഹമ്മദ് നൂഹ് മുസ്‌ലിയാര്‍ എഴുതിയ ഫത്ഹു സ്വമദും (1880) പാടൂര്‍ കോയക്കുട്ടി തങ്ങള്‍ രചിച്ച വൈതുല്യം തർജുമയും ശുജാഇ മൊയ്തു മുസ്‌ലിയാര്‍ രചിച്ച നഹ്ജു ദഖാഇഖും (1883) തുടങ്ങിയുള്ള മതപഠന ഗ്രന്ഥങ്ങള്‍ വ്യാപകമായി ആശ്രയിക്കപ്പെട്ടു. സ്ത്രീകളെ മാത്രം വിദ്യയഭ്യസിപ്പിക്കുന്നതിന്റെ ഭാഗമായി 1800 കളുടെ അവസാനങ്ങളിലും 1900 ന്റെ തുടക്കത്തിലും മാത്രം ധാരാളം ഗദ്യകൃതികള്‍ വിരചിതമായിട്ടുണ്ട്. 1885ല്‍ അരയാലപ്പുറത്ത് കുഞ്ഞമ്മദിന്റെ അച്ചുകൂടത്തില്‍ മുദ്രണം ചെയ്യപ്പെട്ട അതിശയം തര്‍ജുമ ഒരു ഉദാഹരണമാണ്. 1888 ല്‍ തലശ്ശേരിയില്‍ അച്ചടിച്ചടിക്കപ്പെട്ട ഉംദതുന്നിസാ മറ്റൊരു രചനയാണ്. ഇഅ്‌ലാമുന്നിസാഅ്, തുഹ്ഫതുന്നിസാഅ് തുടങ്ങിയവയും സ്ത്രീകളെ മാത്രം എജ്യുക്കേറ്റ് ചെയ്യുന്നതിനു വിരചിതമായ പഴയ കാല കൃതികളാണ്.


1893ല്‍ തലശ്ശേരി മള്ഹറുല്‍ മുഹിമ്മാത്ത് പ്രസില്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട അറബിമലയാളത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പഠന സഹായി ഇതിനു ഏറ്റവും വലിയ തെളിവാണ്. അന്നുതന്നെ മാപ്പിളമാര്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ മുന്നോട്ടു വന്നിരുന്നുവെന്ന് ഇത് മനസിലാക്കിത്തരുന്നു. ബ്രിട്ടിഷുകാരോടുള്ള വെറുപ്പിന്റെ ഭാഗമായി അവരുടെ ഭാഷയെ പോലും ബഹിഷ്‌കരിക്കാന്‍ മാപ്പിളമാര്‍ ഒരു വേള തയാറായി എന്നത് കൊളോണിയലിസത്തോടുള്ള അവരുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു മാത്രമാണ്. അതുതന്നെ ഒരു പൊതു തീരുമാനമോ ഔദ്യോഗിക പ്രഖ്യാപനമോ ആയിരുന്നില്ല. ഒരു ഭാഷ എന്ന നിലക്ക് ഇംഗ്ലീഷും മലയാളവും പഠിക്കാനും പഠിപ്പിക്കാനും അവര്‍ എക്കാലത്തും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 1800ന്റെ അവസാനങ്ങളില്‍ ജീവിക്കുകയും തൊള്ളായിരത്തിന്റെ ആദ്യ ദശകങ്ങളില്‍ മരിക്കുകയും ചെയ്ത പാലകത്ത് മൊയ്തീന്‍ കുട്ടി വൈദ്യര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിവച്ച വൈദ്യകുറിപ്പുകള്‍ ഇതിനുള്ള തെളിവാണ്.
1924ല്‍ സമസ്തയുടെ സ്ഥാപകന്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം കോളജിന്റെ മൂന്നാം വാര്‍ഷിക യോഗത്തില്‍ പാസാക്കപ്പെട്ട 27 ാമത്തെ പ്രമേയം 'കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മലയാളം, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകള്‍ പഠിക്കാന്‍ ഒരു നിശാപാഠശാല ഏർപ്പെടുത്തിതരാന്‍ പൊന്നാനി താലൂക്ക് ബോര്‍ഡിനോട് ഈ യോഗം ആവശ്യപ്പെടുന്നു' എന്നാണ്. ഇംഗ്ലീഷ് ഭാഷാ പഠനം വളരെ നേരത്തെ തന്നെ കേരളത്തിലെ മുസ്‌ലിം നേതൃത്വം ഒരു അജൻഡയായി കണ്ടിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. 1928ല്‍ അറബിമലയാളത്തില്‍ വിരചിതമായ പ്രഥമ മലബാര്‍ ചരിത്രം കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍ തയാറാക്കിയത് ഇംഗ്ലീഷ്, പേര്‍ഷ്യന്‍, സംസ്‌കൃതം ഭാഷകളിലെ വിവിധ റഫറന്‍സുകളെ ഉപജീവിച്ചുകൊണ്ടായിരുന്നു.


1951ല്‍ രൂപീകൃതമായ സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടാമത്തെ സ്ഥാപനം തന്നെ പറവണ്ണ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച മദ്‌റസതുല്‍ ബനാത്താണ് എന്നത് സ്ത്രീ വിദ്യാഭ്യാസത്തിന്റെ ചരിത്രം പറഞ്ഞുതരുന്നുണ്ട്. മാപ്പിള സാഹിത്യ മേഖലയിലും മുസ്‌ലിം സ്ത്രീ വളരെ നേരത്തെ തന്നെ വിഷയീഭവിച്ചത് കാണാം. ഖാസിയാരകത്ത് കുഞ്ഞാവയുടെ താഹിറാത്ത് മാലയും ഉമ്മഹാത്ത് മാലയും വന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. കാഞ്ഞിരാല കുഞ്ഞിരായിന്റെ ആയിശ മാലയും ഇതേ സമയത്തു തന്നെ പുറത്തുവന്നു. അതേ സമയം പി.കെ ഹലീമ, ബി. ആയിശക്കുട്ടി, നടുത്തോപ്പില്‍ വി. ആയിശക്കുട്ടി, തലശ്ശേരി കുണ്ടില്‍ കുഞ്ഞാമിന, സി.എച്ച് കുഞ്ഞായിശ, കെ.ടി ആസിയ, കെ.ടി സൈനബ, പുത്തൂര്‍ ആമിന തുടങ്ങി അറബിമലയാള പദ്യ സാഹിത്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ധാരാളം പേരുകള്‍ വേറെയുമുണ്ട്.


ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള മത ഗ്രന്ഥങ്ങളെ അധ്യാപനം നടത്തിയിരുന്ന മാപ്പിള പണ്ഡിതകളും ഇവിടെ കടന്നു പോയിട്ടുണ്ട്. 1950 കള്‍ക്കപ്പുറത്ത് മലബാറിലെ ഓത്തുപള്ളികളില്‍ മതം പഠിപ്പിച്ചിരുന്ന സ്ത്രീകളെയും ധാരാളമായി കണ്ടെത്താന്‍ കഴിയും. മതം അനുശാസിക്കുന്ന അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലം ജാജ്ജ്വല്യമാനമാക്കിയ ധാരാളം സ്ത്രീ രത്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് കേരള മുസ്‌ലിം ചരിത്രമെന്നു ചുരുക്കം. സമ്പന്നമായ ഈ ചരിത്രത്തെ കുറിച്ച അജ്ഞതയാണ് മാപ്പിള സ്ത്രീയുടെ ഇന്നലെകളെ ഇരുട്ടാക്കുന്ന വിധത്തിലുള്ള പുതിയ കാല 'ആഖ്യാനങ്ങള്‍' ഉരുവം കൊള്ളുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago