ഗസ്സാ ആക്രമണത്തെ അപലപിച്ച് സഊദി, യു.എ.ഇ
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ് • ഗസ്സ മുനമ്പില്‍ ഇസ്റാഈൽ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സഊദി. ഫലസ്തീന് ജനതയ്ക്കൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അക്രമങ്ങളില്‍നിന്ന് സിവിലിയന്മാരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സഊദി ആവശ്യപ്പെട്ടു.
ഗസ്സയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യു.എ.ഇ ഭരണകൂടവും ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയരക്ടര്‍ അഫ്ര മഹാഷ് അല്‍ ഹമേലി പറഞ്ഞു.
ഇസ്റാഈൽ ആക്രമണത്തെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും അറബ് പാർലമെന്റും അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്റാഈൽ അന്താരാഷ്ട്ര നിയമങ്ങൾ നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ഒ.ഐ.സി കുറ്റപ്പെടുത്തി. രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഇസ്റാഈലിന് മാത്രമായിരിക്കുമെന്നും സംഘടന വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ ചാര്‍ട്ടറും നഗ്നമായി ലംഘിച്ച് ഗസ്സയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്റാഈൽ വ്യോമാക്രമണങ്ങള്‍ നടത്തുകയാണെന്ന് അറബ് പാർലമെന്റ് ആരോപിച്ചു.
നിരായുധരായ ഫലസ്തീനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."