ക്വിറ്റ് ഇന്ത്യാ സമരത്തെ ഓർക്കുമ്പോൾ
ഹുസൈൻ രണ്ടത്താണി
രണ്ടം ലോക യുദ്ധം (1939-45) നടക്കുമ്പോഴാണ് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണ സംഭവങ്ങളിലൊന്നായിരുന്നു ഇത്. ഗാന്ധിയൻ അഹിംസയുടെ ഏറ്റവും അവസാന പ്രകടനം. തങ്ങളുടെ യുദ്ധം നാസിസത്തിനും ഫാസിസത്തിനുമെതിരേയാണെന്ന് ന്യായീകരിച്ച് ലോകത്തെ കൂടെനിർത്താൻ ഇംഗ്ലണ്ടടങ്ങുന്ന സഖ്യകക്ഷികൾ ശ്രമിച്ചപ്പോൾ ഇന്ത്യൻ നേതാക്കൾ ആദ്യം മറുത്തൊന്നും പറഞ്ഞിരുന്നില്ല. പിന്തുണ ഉറപ്പിക്കാനാണ് സർ സ്റ്റാഫോഡ് ക്രിപ്‌സിന്റെ നേതൃത്വത്തിൽ ദൗത്യ സംഘത്തെ ഇംഗ്ലണ്ട് ഇന്ത്യയിലേക്കയച്ചത്. പൂർണ സ്വാതന്ത്ര്യം തരാനാവില്ലെന്ന് ക്രിപ്‌സ് പറഞ്ഞപ്പോൾ അത് ഗാന്ധിജി അംഗീകരിച്ചില്ല. ഒട്ടും താമസിയാതെ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ(ഇന്ത്യ വിടൂ) സമരത്തിന് കോൺഗ്രസിനെ അണിനിരത്തി.സമരത്തോടനുബന്ധിച്ച് ബോംെബയിലെ ഗ്വവാലിയ ടാങ്ക് മൈതാനത്തുവച്ച് ഒാഗസ്റ്റ് എട്ടിന് ഗാന്ധിജി ചെയ്ത പ്രസംഗത്തിൽ തന്റെ ക്ഷമയുടെ അവസാന പരീക്ഷണമാണ് ഈ സമരമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു: 'ഇവിടെ ഒരു മന്ത്രമുണ്ട്. ഒരു ചെറിയ മന്ത്രം. അത് ഞാൻ നിങ്ങൾക്ക് തരികയാണ്. അത് നിങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കുക. എന്നാൽ ഓരോ ശ്വാസത്തിലും നിങ്ങളത് പ്രകടിപ്പിച്ചുകൊണ്ടിരിക്കും.പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (കരോ യാ മരോ) എന്നതാണ് ഈ മന്ത്രം. ഒന്നുകിൽ നിങ്ങൾ ഇന്ത്യയെ സ്വതന്ത്രമാക്കുക. അല്ലെങ്കിൽ അതിനുവേണ്ടി ശ്രമിച്ചുകൊണ്ട് മരിക്കുക. അടിമത്തം ശാശ്വതമാക്കുന്നത് കാണാൻ വേണ്ടി നിങ്ങൾ ജീവിക്കരുത്'. ഈ പ്രഖ്യാപനം അഹിംസയുടേതാണെന്ന് പറഞ്ഞുകൂടാ. രക്തസാക്ഷിയാകാനാണ് ഗാന്ധിജി ആവശ്യപ്പെടുന്നത്. തന്റെ മുൻ നിലപാടുകളിലെ ഒരു തിരുത്തു കൂടിയായിരുന്നു ഇത്. ഒന്നാം ലോക യുദ്ധകാലത്ത് യുദ്ധത്തെ പിന്തുണക്കാൻ ഇറങ്ങിത്തിരിച്ചത് തെറ്റായിരുന്നു എന്നതിൽ നിന്നുള്ള ഗാന്ധിജിയുടെ മനംമാറ്റവും ക്വിറ്റ് ഇന്ത്യ ബോധ്യപ്പെടുത്തുന്നു.
ഗാന്ധിജി നയിച്ച ഖിലാഫത് നിസ്സഹകരണ പ്രസ്ഥാനത്തോളം ശക്തി ക്വിറ്റ് ഇന്ത്യക്കുണ്ടായില്ല. പലരും ഈ സമരത്തിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് റഷ്യ നാസികൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ചപ്പോൾ അതിന് പിന്തുണ നൽകിയ കമ്യൂണിസ്റ്റുകൾ പ്രത്യക്ഷ സമരങ്ങൾ തൽക്കാലത്തേക്ക് വേണ്ടെന്നുവച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ കീഴിൽ വലിയ വിഭാഗം ഗാന്ധിയൻ നയങ്ങളിൽ വിശ്വസിച്ചില്ല. മുസ്‌ലിം ലീഗും സമരത്തിൽനിന്ന് വിട്ടുനിന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലും നേതാക്കളുടെ അറസ്റ്റും കോൺഗ്രസ് അറിയാതെ തന്നെ സമരത്തെ ശക്തമാക്കി. ഗാന്ധിജിയെ അറസ്റ്റ് ചെയ്തതാണ് സാധാരണ ജനങ്ങളെ സമരത്തിലേക്ക് ഇറക്കിയത്. നാടൊട്ടുക്കും ബ്രിട്ടീഷുകാർക്ക് മുന്നറിയിപ്പ് നൽകാൻ മാത്രം ശക്തമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം.
അടിച്ചമർത്തൽ നയത്തിനെതിരേ ബ്രിട്ടീഷ് ഭാഗത്തുനിന്ന് പോലും വിമർശനമുണ്ടായി. രാജകുമാരി അമൃത കൗറിനോട് ചെയ്ത ക്രൂരതകളിൽ പ്രതിഷേധിച്ച് മൂൺ എന്ന ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് സ്ഥാനം രാജിവച്ചു. ബ്രിട്ടീഷ് പത്രങ്ങളിലും പ്രതിഷേധ വാർത്തവന്നു. കറാച്ചിയിൽ റെയിൽ പ്ലേറ്റ് ഇളക്കിയതിന് ഹെമു കർലാസി എന്ന കുട്ടിയെ തൂക്കിക്കൊന്നു. നിരപരാധികളെയും വെറുതെ വിട്ടില്ല. കൊൽക്കത്തയിൽ ഗ്രാമങ്ങളിൽ കയറിയ പട്ടാളം ഒറ്റദിവസംകൊണ്ട് 46 സ്ത്രീകളെ അംഗഭംഗം വരുത്തി. ഹോം ഡിപ്പാർട്ട്‌മെന്റ് ഇന്ത്യാ സെക്രട്ടറിക്കയച്ച കത്തിൽ 790 പേർ മരിച്ചുവെന്നാണ് പറയുന്നത്. പതിമൂവായിരത്തോളം പേരെ അറസ്റ്റ് ചെയ്തുവെന്നും. ഈ കണക്കൊന്നും ശരിയല്ല. പലയിടത്തും കബന്ധങ്ങൾ കുന്നുകൂടിയിരുന്നു. കൊല്ലപ്പെട്ടവരത്രയും പട്ടാളത്തിൻ്റെയും പൊലിസിൻ്റെയും അതിക്രമത്തിൻ്റെയും വെടിവയ്പിൻ്റെയും ഇരകളാണ്. ബ്രിട്ടീഷുകാർക്ക് ഈയിനത്തിൽ ചെലവായ മുഴുവൻ പണവും പിഴയായി പിരിച്ചെടുത്തു.
ബാലിയ, മിഡ്‌നാപൂർ, സത്താറ തുടങ്ങിയ സ്ഥലങ്ങളിൽ കലാപകാരികൾ റേഡിയോ നിലയങ്ങൾ തുടങ്ങിയിരുന്നു. പലേടത്തും സമാന്തര സർക്കാരുകൾ സ്ഥാപിച്ചിരുന്നു. റാം മനോഹർ ലോഹ്യ, സുചേതാ കൃപലാനി, ഉഷാ മേത്ത എന്നിവർ ഈ വക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗാന്ധിജി, അരുണാ ആസഫലി, സരോജിനി നായിഡു, കസ്തൂർബാ, ജയപ്രകാശ് നാരായൺ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആഗാഖാൻ കൊട്ടാരത്തിലാണ് ഗാന്ധിയെ തടങ്കലിൽ വച്ചത്. അവിടെ ഗാന്ധിജി ഉപവാസം ആരംഭിച്ചു. അക്രമങ്ങളെ അപലപിക്കാൻ ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം പോരാളികളെയും രക്തസാക്ഷികളെയും അഭിനന്ദിക്കുകയാണ് ചെയ്തത്. ഒപ്പം ബ്രിട്ടീഷ് അതിക്രമങ്ങളെ രൂക്ഷമായി അപലപിച്ചു. ഉപവാസം പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ഊർജം പകർന്നു. ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ നാടൊട്ടുക്കും വിവിധ മതക്കാർ പ്രാർഥന നടത്തി. പലയിടത്തും സമരം ശക്തിപ്പെട്ടു. ഗാന്ധി മരിച്ചോട്ടെ എന്നുവരെ ബ്രിട്ടീഷ് കേന്ദ്രങ്ങളിൽ ആലോചനയുണ്ടായി. എന്നാൽ അത് കൂടുതൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആറ്റ്‌ലി പ്രഭു മുന്നറിയിപ്പ് നൽകി. ബോംബെ, മദ്രാസ്, കൊൽക്കത്ത ഗവർണർമാർ ഗാന്ധിജിക്ക് സംരക്ഷണം കൊടുക്കുന്നതിന് എതിരായി നിന്നു. സമരം അടച്ചമർത്തപ്പെട്ടപ്പോൾ ഒത്തുതീർപ്പിന് പല നേതാക്കളും തയാറായി. ജിന്നയുമായി സംസാരിക്കാൻ ഗാന്ധിജി ആഗ്രഹിച്ചു. പക്ഷേ, കൂടിക്കാഴ്ചക്ക് സർക്കാർ സമ്മതിച്ചില്ല. 1944ലാണ് ഗാന്ധിജിയെ സ്വതന്ത്രനാക്കിയത്.
കേരളത്തിലെ പോരാട്ടം
സംഘടനാരംഗത്ത് വിഭാഗീയതയും അസ്വാരസ്യങ്ങളും നടക്കുമ്പോഴാണ് കേരളത്തിലും ക്വിറ്റ് സമരത്തിന്റെ വിളിവരുന്നത്. മലബാറിലൊഴികെ മറ്റൊരിടത്തും ക്വിറ്റ് ഇന്ത്യാ സമരം തിളങ്ങിയില്ല. മലബാറിൽ കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്രാപിച്ചിരുന്നതിനാൽ കർഷകരും തൊഴിലാളികളും സമരരംഗത്ത് നേരത്തെ സജീവമായി. ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ വേളയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. കെ. കേളപ്പൻ, ടി.കെ നാരായണ മേനോൻ, കെ. മാധവ മേനോൻ, പി.കെ മൊയ്തീൻ കുട്ടി, കെ. കുട്ടിമാളു അമ്മ, അമ്പലക്കാട്ടു കരുണാകര മേനോൻ, ആർ. രാഘവ മേനോൻ, എം.പി നാരായണ മേനോൻ തുടങ്ങിയവർ ജയിലിലായി. അബ്ദുറഹ്മാൻ സാഹിബ് നേരത്തെ തന്നെ ജയിലിലാണ്. പല നേതാക്കളെയും വീട്ടുതടങ്കലിൽ വച്ചു. കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കും പൂട്ടുവീണു. അറസ്റ്റിനെതിരേ കോഴിക്കോട്ട് വമ്പിച്ച പ്രതിഷേധം. കമ്യൂണിസ്റ്റ് പാർട്ടി, ആസാദ് മുസ്‌ലിം കോൺഫറൻസ്, കേന്ദ്ര തൊഴിലാളി യൂനിയൻ, കോഴിക്കോട് വിദ്യാർഥി യൂനിയൻ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ക്രിസ്ത്യൻ കോളജ്, സാമൂതിരി കോളജ്, ഗണപത് ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ജാഥയിൽ സജീവമായി. ജില്ലാ മജിസ്‌ട്രേറ്റ് മക്കിവൻ മലബാർ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇത് ലംഘിച്ച് പ്രതിഷേധങ്ങൾ നടന്നു. പലയിടത്തും വ്യാപക അറസ്റ്റുകൾ. കുറുമ്പ്രനാട് താലൂക്കിലെ പ്രക്ഷോഭകർ ഉള്ള്യേരി പാലം തകർത്തു. സർക്കാർ കേന്ദ്രങ്ങളും കള്ളു ഷാപ്പുകളും പിക്കറ്റിങ്ങ് നടത്തി. പാലങ്ങൾ ബോംബുവച്ചു തകർക്കാനുള്ള നീക്കമുണ്ടായി. കീഴരിയൂർ ബോംബ് കേസിൽ കെ.ബി മേനോൻ, എൻ.എ കൃഷ്ണൻ നായർ, വി.എ കേശവൻ നായർ, ഡി. ജയദേവ റാവു, എൻ.പി മുഹമ്മദ്, ഓടായപ്പുറം ചേക്കുട്ടി, അബ്ദുല്ലക്കോയ തങ്ങൾ, മുഹമ്മദ് നഹ, പി. മമ്മുട്ടി, കെ.ടി അലവി, കെ. നാരായണൻ, കുഞ്ഞിരാമക്കിടാവ് എന്നിവരെ അറസ്റ്റ് ചെയ്തു. സമരത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കോഴിക്കോട്ട് നിന്ന് സ്വതന്ത്ര ഭാരതം എന്ന പത്രം പ്രസിദ്ധീകരിച്ചു. അവിടെ നിന്നാണ് ഇ. മൊയ്തു മൗലവിയേയും സംഘത്തെയും അറസ്റ്റ് ചെയ്തത്.
ഫറോക്ക് പാലം പൊളിക്കാൻ ശ്രമിച്ച കേസ്, ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് കത്തിച്ച കേസ്, നടുവണ്ണൂർ സബ് രജിസ്ട്രാർ ഓഫിസ് പിക്കറ്റിങ്ങ് കേസ്, ഫറോക്ക് ടെലഗ്രാഫ് കമ്പി മുറിക്കേസ് തുടങ്ങിവയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഒരു കേസിലും പെടാത്തവരെയും അറസ്റ്റ് ചെയ്തു. പാലക്കാട്ടും സമരം ശക്തമായിരുന്നു. എന്നാൽ മുസ്‌ലിം ലീഗിന്റെ ആഹ്വാന പ്രകാരം മാപ്പിളമാരധികവും സമരത്തിൽ നിന്ന് വിട്ടുനിന്നു. മലബാർ സമരത്തിലേത് പോലെ കോൺഗ്രസ് തങ്ങളെ വഞ്ചിച്ചേക്കുമെന്ന സംശയവും മാപ്പിളമാരെ പിടികൂടിയിരുന്നു. കോൺഗ്രസ് നേതാക്കൾ പലരും സമരത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു.
വർഷങ്ങൾക്കിപ്പുറം പ്രധാനമന്ത്രി മോദിജി സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം കേമമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചരിത്രത്തെ തങ്ങൾക്കനുകൂലമാക്കുന്നതിൻ്റെ ഭാഗമാവും ഇത്. മോദിജിയുടെ രാഷ്ട്രീയ ഗുരുക്കൻമാരോ സംഘ്പരിവാരത്തിലെ സംഘടനകളോ സ്വാതന്ത്ര്യ സമരത്തിലോ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലോ പങ്കെടുത്തിട്ടില്ല. അവയെ അംഗീകരിച്ചിട്ടുമില്ല. ആർ.എസ്.എസ് നേതാക്കളായ ഹെ്ഡ്‌ഗേവാർ, ഗോൾവാൾക്കർ, ദേവറസ് എന്നിവരൊന്നും ബ്രിട്ടീഷ് വിരുദ്ധ സമരത്തെ അംഗീകരിച്ചിട്ടില്ല. ഹിന്ദു മഹാസഭ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർത്തെന്ന് മാത്രമല്ല; സമരം നടക്കുമ്പോഴും ഷേറെ ബംഗാൾ ഫസ്‌ലുൽ ഹഖുമായി ചേർന്ന് ബ്രിട്ടീഷ് സഹായത്തോടെ ഭരണം പങ്കിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."