തൂക്കുകയറിനു മുന്നിലും അന്ത്യാഭിലാഷം 'സ്വാതന്ത്ര്യം'
കണ്ണൂർ ജയിലിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ താമസിപ്പിച്ച സെല്ലിൽ തൂക്കിലേറ്റുന്നതിന്റെ തലേദിവസം ജയിലധികൃതർ കുഞ്ഞിക്കാദറിനോട് അന്ത്യാഭിലാഷം എന്താണെന്ന് ചോദിച്ചു. കുഞ്ഞിക്കാദർ പറഞ്ഞു; 'ഇന്ത്യയുടെ സ്വാതന്ത്ര്യം'. തൂക്കുകയർ മുഖാമുഖമെത്തിയപ്പോഴും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെട്ടത് മലപ്പുറം താനൂരിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഉമൈത്താന്റകത്ത് പുത്തൻവീട്ടിൽ കുഞ്ഞിക്കാദറെന്ന യോദ്ധാവാണ്.
ബഹുഭാഷാ പണ്ഡിതൻ കുഞ്ഞിക്കാദർ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു. തിരൂരങ്ങാടി പള്ളി വളഞ്ഞ ബ്രിട്ടീഷ് പട്ടാളത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് താനൂർ വലിയകുളങ്ങര പള്ളിയിൽനിന്ന് കുഞ്ഞിക്കാദറിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വളണ്ടിയർമാർ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. പന്തരങ്ങാടിയിലെത്തിയപ്പോൾ ബ്രിട്ടീഷ് സേന കുഞ്ഞിക്കാദറിന്റെ പ്രകടനക്കാരെ നേരിട്ടു. പരപ്പനങ്ങാടി പള്ളിക്കു മുന്നിൽ നിരവധി തവണ പ്രകടനക്കാർക്കു നേരെ വെടിയുതിർത്തു. പലരും വെടിയേറ്റ് മരിച്ചു. എന്നിട്ടും പ്രകടനക്കാർ പിരിഞ്ഞുപോകാൻ തയാറായില്ല. ഇതോടെ കുഞ്ഞിക്കാദറിനെ അറസ്റ്റു ചെയ്യാൻ പൊലിസ് തീരുമാനിച്ചു. ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടായിരുന്ന ആമു സൗഹൃദം നടിച്ച്, പ്രകടനക്കാരോട് പിരിഞ്ഞുപോകാൻ പറയണമെന്ന് കുഞ്ഞിക്കാദറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം അപ്രകാരം ചെയ്തു. തിരിച്ചുപോകാനൊരുങ്ങിയ കുഞ്ഞിക്കാദറിനെയും മറ്റു 40 പേരെയും ആമുവിന്റെ പൊലിസ് കസ്റ്റഡിയിലെടുത്തു. 1921 സെപ്റ്റംബർ ആറിന് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റത്തിന് തൂക്കിലേറ്റാൻ പട്ടാളക്കോടതി വിധിച്ചു. ഇതോടെ കണ്ണൂർ ജയിലിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ സെല്ലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 26 ന് ജയിലിൽ വച്ച് തൂക്കിക്കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."