ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം- മുഖ്യമന്ത്രി
തിരുവനന്തപുരം: ധീര രാജ്യസ്‌നേഹികളെ അനുസ്മരിച്ചല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുള്‍പ്പെടെ ആ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യ ദിന പരേഡില്‍ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ചപ്പാടുകള്‍ ഭരണഘടനക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ സംഘര്‍ഷം ഇല്ലാത്ത നാടായി ഈ നാടിനെ മാറ്റാന്‍ കഴിഞ്ഞത് നമുക്ക് അഭിമാനമാണ്. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്ക് സമ്പത്ത് ലഭിക്കണം. അപ്പോള്‍ മാത്രമേ നേട്ടങ്ങള്‍ ജനങ്ങളിലെത്തൂ. ഐ.ടി, സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ നാം പുരോഗതിയുടെ പാതയിലാണ്. ഈ മേഖലയില്‍ ഇനിയുമേറെ മുന്നോട്ടുപോകണം. പശ്ചാത്തല സൗകര്യമാണ് എല്ലാ വികസനത്തിനും അടിസ്ഥാനം.
ആ നിലയിലാണ് കിഫ്ബി മുഖാന്തരമുള്ള പദ്ധതികള്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലും നിയമസഭാങ്കണത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷും പതാക ഉയര്‍ത്തി. വിവിധ ജില്ല ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."