ഇസ്രായേല്‍ 1,977 ഏക്കര്‍ ഫലസ്തീനി ഭൂമി കൂടി കൈയേറി ഇവിടെ കുടിയേറ്റ വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്കിലെ മാലെ അദുമിം പ്രദേശത്ത് 300 ഹെക്ടര്‍ (740 ഏക്കര്‍) കൈയേറിയതിന് പിന്നാലെ 1,977 ഏക്കര്‍ ഭൂമികൂടി കൈയേറി ഇസ്രായേല്‍. ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 800 ഹെക്ടര്‍ ഭൂമിയാണ് കൈയേറിയത്. ഇവിടെ കുടിയേറ്റ വീടുകള്‍ നിര്‍മിക്കുമെന്നും ഇത് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചെന്നും ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചകള്‍ക്കായി ഇസ്രായേലിലെത്തിയതിന് പിന്നാലെയാണ് ഭൂമി കൈയേറിയ കാര്യം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഗസ്സയിലെ കൂട്ടക്കുരുതിക്കും വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിനുമെതിരേ അന്താരാഷ്ട്ര എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് നീക്കം.
ജൂദിയയുടെയും സമരിയയുടെയും (വെസ്റ്റ് ബാങ്കിന്റെ ബൈബ്ള്‍ നാമം) ഇസ്രായേലിന്റെ മുഴുവനും അവകാശങ്ങള്‍ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിനകത്തും പുറത്തും ഉണ്ടെങ്കിലും കഠിനാധ്വാനത്തിലൂടെയും തന്ത്രപരമായ രീതിയിലും രാജ്യത്തുടനീളം കുടിയേറ്റം നടപ്പാക്കുമെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രായേലി മന്ത്രിസഭയിലെ കടുത്ത വലതുപക്ഷ പ്രതിനിധിയാണ് സ്‌മോട്രിച്ച്.
വെസ്റ്റ് ബാങ്കിലെ മാലെ അദുമിം പ്രദേശത്ത് 300 ഹെക്ടര്‍ (740 ഏക്കര്‍) കൈയേറിയതിന് പിന്നാലെയാണ് ജോര്‍ദാന്‍ താഴ്വരയിലെ 1,977 ഏക്കര്‍ കൈയേറിയത്. സ്വതന്ത്ര ഫലസ്തീനിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കണക്കാക്കുന്ന പ്രദേശമാണിത്. 1993ലെ ഓസ്ലോ ഉടമ്പടിക്ക് ശേഷം ഇത്രയധികം ഫലസ്തീനിഭൂമി ഒറ്റയടിക്ക് പിടിച്ചെടുക്കുന്നത് ഇതാദ്യമായാണെന്ന് ഇസ്രായേലി കുടിയേറ്റ നിരീക്ഷണ സംഘടനയായ പീസ് നൗ പറഞ്ഞു.
വെസ്റ്റ് ബാങ്കില്‍ ഇനി ഇസ്രായേല്‍ കുടിയേറ്റം വ്യാപിപ്പിക്കരുതെന്ന് യു.എസ് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റ കോളനികള്‍ സ്ഥാപിക്കുന്നതും വിപുലീകരണവും അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം മേധാവി വോള്‍ക്കര്‍ ടര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിന്റെ കുറ്റകൃത്യത്തിന് മുന്നില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുകയാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.ഭൂമി പിടിച്ചെടുക്കുന്നതിനെയും അനധികൃത കുടിയേറ്റ വീടുകള്‍ നിര്‍മിക്കുന്നതിനെയും ഫലസ്തീന്‍ ഭരണകൂടം അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."