സാധ്യതകളുടെ അക്കാദമിക്കൽ ലോകം
കണ്ണിൽ കാണുന്നത് വിശ്വസിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ചിത്രങ്ങളും വിഡിയോകളും രണ്ടാമതൊരു ചിന്തയില്ലാതെ യാഥാർഥ്യമായി കരുതി. ഫോട്ടോഷേപ്പും മറ്റു സോഫ്റ്റ്വെയറുകളും വന്നതോടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) കൂടി കടന്നുവന്നതോടെ കാര്യങ്ങൾ ലളിതമായെന്നു പറയാം, പ്രയാസമാണെന്നും പറയാം. വിദ്യാഭ്യാസ രംഗത്ത് കൂടുതലൊന്നും കേട്ടുകേൾവിയില്ലാത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പഠിക്കാൻ കേരളത്തിലും സ്ഥാപനങ്ങൾ വന്നുകഴിഞ്ഞു. സാങ്കേതിക മുന്നേറ്റങ്ങളുടെ ആത്മാവായ ഈ നിർമിതബുദ്ധി അടങ്ങുന്ന അത്യാധുനിക ലാബ് ഒരുങ്ങുകയാണ് കോട്ടക്കൽ പുതുപ്പറമ്പ് മലബാർ വാഫി ഇന്റർനാഷനൽ സ്കൂളിൽ. 1,500 ചതുരശ്ര അടി വിസ്തീർണമുള്ള ലാബാണിവിടെ ഒരുക്കുന്നത്. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെയും സംവിധാനങ്ങളെയും യഥാസമയം വിദ്യാർഥികളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലാബിന്റെ പ്രത്യേകത.
റോബോട്ട്, ത്രീഡി പ്രിന്റർ, എ.ആർ, വി.ആർ തുടങ്ങിയവയോടെ ഒരുക്കിയ എ.ഐ ലാബ് പരിശീലനത്തിലൂടെയും അനുബന്ധ പഠനപ്രവർത്തനങ്ങളിലൂടെയും അടുത്ത വർഷത്തിനുള്ളിൽ എ.ഐ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് പ്രാപ്തരായ വിദ്യാർഥികളെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് സ്കൂൾ അധികൃതർ പദ്ധതിയുമായി രംഗത്തുവന്നത്. വിദ്യാഭ്യാസ രംഗത്തു വലിയൊരു കുതിച്ചുചാട്ടത്തിനു വഴിവയ്ക്കാവുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്. ഇത്തരം ലാബുകളുടേതാണ് ഇനി അക്കാദമിക്കൽ ലോകം. ഗൂഗിൾ മാപ്പ്, മൊബൈൽ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങി എല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും.
കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിന്റെ ഉപവിഭാഗമായ വാഫി എക്സ്പാൻഷൻ ബ്യൂറോ വിഭാവനം ചെയ്യുന്ന നവീന വിദ്യാഭ്യാസ പദ്ധതി പിന്തുടരുന്ന കേരളത്തിലെ പ്രഥമ വിദ്യാലയംകൂടിയാണ് മലബാർ വാഫി ഇന്റർനാഷനൽ സ്കൂൾ. ശാരീരികവും മാനസികവും ബൗദ്ധികവുമായ ശാക്തീകരണത്തിലൂടെ പുതിയ തലമുറയെ ഉയർന്ന അക്കാദമിക നിലവാരവും പ്രതിബദ്ധതയുമുള്ള മാതൃകാ പൗരന്മാരാക്കുക എന്നതാണ് ഇത്തരം പദ്ധതികൾകൊണ്ട് ലക്ഷ്യമിടുന്നത്.
ഉയർന്ന മാനവിക ചിന്ത, സ്വത്വവിചാരം, ദേശീയബോധം തുടങ്ങിയ സർവാംഗീകൃത മൂല്യങ്ങളാണ് വിദ്യാലയത്തിന്റെ മുദ്ര. മുസ്ലിം വിദ്യാർഥികൾക്കു ചിട്ടയായ മതവിദ്യാഭ്യാസം നൽകുന്നതും സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണെന്ന് മാനേജ്മെന്റ് പറയുന്നു. പ്ലസ്ടു സയൻസിൽ രണ്ട് ബാച്ച്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നിവയിൽ ഓരോ ബാച്ചുകളുമുള്ള വിദ്യാലയത്തിൽ സി.എ, സി.പി.ടി.എ, സിവിൽ സർവിസ് ഫൗണ്ടേഷൻ, എച്ച്.എസ്.ഇ.ഇ, സി.യു.ഇ.ടി, ക്ലാറ്റ് ഫൗണ്ടേഷൻ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യവും കാംപസിലുണ്ട്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് അവരുടെ അഭിരുചികൾക്കനുസൃതമായ പ്രൊഫഷനൽ കോഴ്സുകൾ നൽകുന്നതിനായി വേറെയും സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്.
1989ൽ മലപ്പുറം ജില്ലയിലെ സൂപ്പി ബസാറിലെ വാടകക്കെട്ടിടത്തിൽ 450 കുട്ടികളുമായി ആരംഭിച്ചതായിരുന്നു സ്ഥാപനത്തിന്റെ ആദ്യരൂപമായ മലബാർ ഇംഗ്ലിഷ് സ്കൂൾ. 2001 ജനുവരി 22ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പുതുപറമ്പിൽ സ്വന്തം സ്ഥലത്തു പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ഒരുവർഷം കൊണ്ട് അര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം സ്കൂൾ അവിടേക്ക് മാറ്റി.
പ്ലേഗ്രൗണ്ട്, ടർഫ്, കെ ജി പാർക്ക്, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, ഡിജിറ്റൽ ക്ലാസ് റൂം, ലൈബ്രറി ലാബ് തുടങ്ങിയ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 15 വർഷമായി എസ്.എസ്.എൽ.സിയിൽ നൂറു ശതമാനം വിജയം കൈവരിച്ചു വരുന്നതോടൊപ്പം ആർട്സിലും സ്പോർട്സിലും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലും മികച്ച നേട്ടം കരസ്ഥമാക്കുന്നുമുണ്ട്. 12 ഏക്കർ ഭൂമിയിൽ ഒരു ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ഈവർഷം വാഫി ഇന്റർനാഷനൽ സ്കൂളായി ഉയർത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ ചെറുപ്പളശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐഡിയൽ കാംപസ് ഇതിന്റെ സഹോദര സ്ഥാപനമാണ്.
ഡി.എൽഎഡ്, ബി.എഡ്, യു.ജി, പി.ജി തുടങ്ങി ഒട്ടേറെ കോഴ്സുകൾ 12 ഏക്കറിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലുണ്ട്. പാലക്കാട് ജില്ലയിലെ ഏക ഇഗ്നോ സ്റ്റഡി സെന്റർ ആൻഡ് എക്സാം സെന്ററും ഈ കാംപസിലാണ്. മുവ്വായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനം കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ ശ്രദ്ധേയമായ സ്ഥാപനമാണ്. മലപ്പുറം കോട്ടക്കലിൽ പ്രവർത്തിക്കുന്ന, ലോറൽ മെർകുറി ആക്കിക്കാദമിയാണ് മറ്റൊരു സഹസ്ഥാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."