പ്രതിപക്ഷ പ്രതിഷേധം
സ്വന്തം ലേഖകൻ
തിരുവനന്തപുരം • വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം നിയമസഭയിൽ അടിയന്തിര പ്രമേയമായി ഉന്നയിച്ച് പ്രതിപക്ഷം. എം.വിൻസന്റാണ് പ്രമേയ നോട്ടിസിന് അനുമതി തേടിയത്.
സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളോട് ഒരു ആശ്വാസവാക്കുപോലും പറഞ്ഞില്ലെന്ന് എം. വിൻസന്റ് പറഞ്ഞു. 245 കുടുംബങ്ങൾ കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിൽ വർഷങ്ങളായി കഴിയുകയാണ്. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പാണ് ആ ഗോഡൗണെന്നും വിൻസെന്റ് പറഞ്ഞു.
ഇപ്പോഴത്തെ സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമായി പങ്കെടുക്കുന്നതല്ലെന്നും ചില സ്ഥലങ്ങളിൽ മുൻകൂട്ടി തയാറാക്കിയ സമരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്കു തയാറാണ്. വിഴിഞ്ഞം പോലുള്ള പദ്ധതികൾ നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമർദവുമാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ പദ്ധതി പരിഗണനയിലാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ അടിയന്തിരമായി വാടകവീട്ടിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. നിർമാണം നിർത്തിയാൽ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സമരം ആസൂത്രിതമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പുറത്തുനിന്ന് ആളെ കൊണ്ടുവന്നാണ് സമരം നടത്തുന്നതെന്ന് പറയുന്നതും ഗൂഢാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാർഹമാണ്.
സമരം നടക്കുന്നതു കൊണ്ടാണ് വലിയതുറയിലെ സിമന്റ് ഗോഡൗണിൽ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്കു പറയേണ്ടി വന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തിര പരിഹാരം വേണമെന്നും മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."