മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിൽനിന്നോ ത്വലാഖിൽനിന്നോ വിലക്കാനാവില്ല
കൊച്ചി • മുസ്ലിം വ്യക്തിനിയമമനുസരിച്ച് ത്വലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള ഭർത്താക്കൻമാരുടെ അവകാശം തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശ നിഷേധമാകുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭർത്താവിൻ്റെ ത്വലാഖ് തടയണമെന്ന ഭാര്യയുടെ ആവശ്യം അനുവദിച്ച കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ഒന്നും രണ്ടും ത്വലാഖ് ചൊല്ലിക്കഴിഞ്ഞ് മൂന്നാം ത്വലാഖിന് കാത്തിരിക്കുമ്പോഴാണ് ഭാര്യയുടെ ഹരജിയിൽ കുടുംബകോടതി ത്വലാഖ് തടഞ്ഞ് ഉത്തരവിട്ടത്. മറ്റൊരു ഹരജി പരിഗണിച്ച് വിവാഹവും തടഞ്ഞു. മതപരമായ വിശ്വാസം സ്വീകരിക്കാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
വ്യക്തിനിയമ പ്രകാരമുള്ള നടപടികൾ നിയമപരമായി അംഗീകരിച്ചിരിക്കുന്നതിനാൽ അത് നിർവഹിക്കുന്നത് തടയാൻ കോടതികൾക്ക് കഴിയില്ല. ഹരജിക്കാരനെതിരായ കോടതി ഉത്തരവ് നിർഭാഗ്യകരമാണ്. ഒന്നിലേറെ വിവാഹം കഴിക്കുന്നതും വ്യക്തി നിയമ പ്രകാരം അനുവദനീയമാണ്. നിയമം സംരക്ഷണം അനുവദിക്കുമ്പോൾ അതു പ്രകാരം നടപടികൾ അനുവദിക്കാതിരിക്കാൻ കോടതിക്കാവില്ല. അധികാര പരിധി ലംഘിക്കുന്നതാണ് കുടുംബ കോടതി ഉത്തരവെന്നതിനാൽ റദ്ദാക്കുന്നതായി ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."