ഗതാഗത പരിഷ്‌കാരം; മഞ്ചേരിയില്‍ യാത്ര ഇപ്പോഴും ദുരിതം
മഞ്ചേരി: മഞ്ചേരിയില്‍ ഗതാഗത പരിഷ്‌കാരം നിലവില്‍ വന്നെങ്കിലും യാത്രക്കാര്‍ക്ക് ഇപ്പോഴും ദുരിതംതന്നെ. മഞ്ചേരിയിലെ രണ്ടുബസ് സ്റ്റാന്റുകളിലേക്ക് എത്തിപ്പെടാനാണു യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്. പെരിന്തല്‍മണ്ണ, തിരൂര്‍, കോട്ടക്കല്‍ തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്റില്‍ നിന്നും കോഴിക്കോട്, കാളികാവ്, കരുവാരകുണ്ട്, മണ്ണാര്‍ക്കാട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നും ഓപ്പറേറ്റു ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ വിളിച്ച് അതാത് ബസ് സ്റ്റാന്റുകളിലേക്കു പോവേണ്ട സ്ഥിതിയാണുള്ളത്.
സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന നിരവധി പേരാണ് ഇത്തരത്തില്‍ ദിനേന ദുരിതം പേറുന്നത്. ടൗണ്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നു പറഞ്ഞായിരുന്നു പുതിയ ഗതാഗത പരിഷ്‌കാരം നടപ്പില്‍വരുത്തിയത്. എന്നാല്‍ ടൗണ്‍സര്‍വ്വീസുകള്‍ നടത്തുന്ന ബസുകള്‍ കേവലം രണ്ടോ മൂന്നോ മാത്രമാണ്. കച്ചേരിപ്പടി സ്റ്റാന്റില്‍ നിന്നും പാണ്ടിക്കാട്, കരുവാരകുണ്ട് ഭാഗത്തേക്കു പോകേണ്ടവരും സീതിഹാജി ബസ് സ്റ്റാന്റില്‍ നിന്നും കച്ചേരിപടി സ്റ്റാന്റിലേക്കു പോകേണ്ടവരും മിക്ക സമയത്തും ഓട്ടോറിക്ഷകളെ ആശ്രയിക്കുകയാണ്.
പുതിയ ഗതാഗത പരിഷ്‌കാരം വ്യാപാരികളില്‍ ചിലര്‍ക്കു ആശ്വാസകരമായി എന്നല്ലാതെ മഞ്ചേരിയിലെത്തുന്ന സാധാരണ യാത്രക്കാരുടെ ദുരിതത്തിനു അറുതിവരുത്തിയിട്ടില്ലന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. നേരത്തെ എല്ലാ ബസുകളും എല്ലാ ബസ് സ്റ്റാന്റുകളിലേക്കു പ്രവേശിക്കുകയെന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതു യാത്രക്കാര്‍ക്കു ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ബസുകള്‍ക്കു വേണ്ട സമയത്ത് ഓടിയെത്താന്‍ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്ന് ഈ രീതി നിര്‍ത്തിവെക്കുകയായിരുന്നു.
അതോടൊപ്പം കച്ചേരിപ്പടി ബസ് സ്റ്റാന്റിനകത്ത് പൊതു ശൗച്യാലയമില്ലാത്തതും പ്രതിസന്ധിതന്നെയാണ്. പുതിയ പരിഷ്‌കാരപ്രകാരം കച്ചേരിപ്പടി ബസ് സ്റ്റാന്റ് സജീവമായിവരുന്നുണ്ട്. മെച്ചപ്പെട്ട ബസ് ടെര്‍മിനലാണങ്കിലും ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മൂലം വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കു ദുരിതം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."