യൂറോപ്പിന് ഇന്ധനം തടഞ്ഞ് റഷ്യ; വിസാ നിയന്ത്രണത്തിലൂടെ തിരിച്ചടിച്ച് ഇ.യു
ബ്രസൽസ് • ഉക്രൈൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പും റഷ്യയും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തിവച്ചിരുന്നു. അറ്റകുറ്റപ്പണിയെന്ന പേരിലാണ് പലപ്പോഴായി ഇന്ധന വിതരണം തടസ്സപ്പെടുത്തിയിരുന്നത്. ഇതിന്റെ പിന്നാലെ റഷ്യക്ക് വിസാ നിയന്ത്രണം ഏർപ്പെടുത്താൻ യൂറോപ്യൻ യൂനിയൻ (ഇ.യു) തീരുമാനിച്ചു.
റഷ്യൻ പൗരന്മാർ ഷോപ്പിങിനും അവധി ആഘോഷിക്കാനും യൂറോപ്പിലെത്തിയ സാഹചര്യത്തിലാണ് വിസാ, യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. മധ്യ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ടൂറിസ്റ്റ് വിസകൾ റദ്ദാക്കി.
പരാഗ്വെയിൽ നടന്ന 27 യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് റഷ്യയുമായി 2007ലുണ്ടാക്കിയ വിസാ കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. റഷ്യയിൽ നിന്ന് ജൂലൈ മുതൽ അതിർത്തിലംഘനം തുടരുന്നതിനാലും അയൽരാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാലുമാണ് നടപടിയെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ പ്രതിനിധി ജോസഫ് ബോറൽ പറഞ്ഞു.
റഷ്യയുടെ ഉക്രൈൻ അധിനിവേശം തുടങ്ങിയതു മുതൽ യൂറോപ്പിലേക്കുള്ള ഒഫീഷ്യലുകൾക്കും ബിസിനസുകാർക്കുമുള്ള വിസാ നിയന്ത്രണം യൂറോപ്യൻ യൂനിയൻ നടപ്പാക്കിയിരുന്നു. എന്നാൽ സാധാരണ റഷ്യൻ പൗരന്മാർക്ക് യൂറോപ്പിലെത്തി അവധിയാഘോഷിക്കാനും മറ്റും കഴിയുമായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ അതിനും വിലക്കുവരും. വിസാ നിയന്ത്രണം എന്ന് നിലവിൽ വരുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."