വാക്‌സിന്‍ പാസ്‌പോര്‍ട്ട് അനുമതിക്കായി സിറം അപേക്ഷിച്ചില്ലെന്ന് ഇ.യു
ബ്രസല്‍സ്: കൊവിഡ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടിന് കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കള്‍ യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സിക്ക് അപേക്ഷ നല്‍കിയിട്ടില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു).
വാക്‌സിന്‍ പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ കൊവിഷീല്‍ഡ് കുത്തിവച്ച ഇന്ത്യക്കാര്‍ക്ക് അടുത്തമാസം മുതല്‍ യൂറോപ്പില്‍ യാത്രചെയ്യാന്‍ സാധിക്കില്ലെന്ന ആശങ്ക ഉയരുന്നതിനിടെയാണ് ഇ.യു ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രസെനെക-ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡിന് യൂറോപ്യന്‍ യൂനിയന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ അപേക്ഷ ലഭിച്ചാല്‍ അതു പരിശോധിക്കുമെന്നും ഇ.യു അറിയിച്ചു. നിലവില്‍ കൊവിഡ് മൂലം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ താല്‍ക്കാലിക പ്രവേശനവിലക്കുണ്ട്.ജൂലൈ ഒന്നുമുതലാണ് ഇ.യു ഡിജിറ്റല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുക. ഫൈസര്‍, മോഡേണ, വാക്‌സ്‌വെര്‍വ്‌റിയ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിനുകള്‍ കുത്തിവച്ചവര്‍ക്കേ ഇ.യു വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. ഇതില്‍ വാക്‌സ്‌വെര്‍വ്‌റിയ ആസ്ട്രസെനെക കമ്പനിയുടേതാണ്. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് കൊവിഷീല്‍ഡ്. എന്നാല്‍ ഇ.യു അംഗരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതു വാക്‌സിന്‍ കുത്തിവച്ചവര്‍ക്കും രാജ്യത്ത് യാത്രാനുമതി നല്‍കാം. ഡബ്ല്യു.എച്ച്.ഒ അംഗീകാരം ലഭിച്ച വാക്‌സിനാണ് കൊവിഷീല്‍ഡും. എന്നാല്‍ ഇന്ത്യന്‍ നിര്‍മിത വാക്‌സിനായ കൊവാക്‌സിന് ഡബ്ല്യു.എച്ച്.ഒ അംഗീകാരമില്ല.കൊവിഷീല്‍ഡിന് ഇ.യു അംഗീകാരം ലഭിക്കാത്തത് ഇന്ത്യയില്‍നിന്നു ലഭിച്ച വാക്‌സിന്‍ കുത്തിവച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."