സ്വര്‍ണം കൊണ്ടു വന്നത് അര്ജുന് ആയങ്കിക്ക് നല്കാന് തന്നെ; കരിപ്പൂര്‍ കേസില്‍ ഷഫീഖിന്റെ നിര്‍ണായക വെളിപെടുത്തല്‍
തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അര്ജ്ജുന് ആയങ്കിയുടെ വാദങ്ങള്‍ തള്ളി ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖ്. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്ജുന് ആയങ്കിക്ക് നല്കാന് തന്നെയായിരുന്നവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിനിടെ ഷഫീഖ് വെളിപെടുത്തി. ദുബൈയില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്ജുന് വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണ്ണവുമായി വരുന്ന ദിവസം അര്ജുന് 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതല്‍ തവണയും വാട്സ്ആപ് കോളുകള്‍ ആയിരുന്നുവെന്നും ഷഫീഖ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
എന്നാല്‍ താന്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അര്ജുന്. സ്വര്‍ണക്കടത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും കടം നല്കിയ പണം വിദേശത്ത് നിന്നെത്തുന്ന ഷെഫീഖില്‍ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയതെന്നുമായിരുന്നു അര്ജുന് ആയങ്കി ഇന്നലെ മൊഴി നല്‍കിയത്.
അര്‍ജുന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്ജുന് പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നും കസ്റ്റംസും വ്യക്തമാക്കുന്നു. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിച്ചു.
അതിനിടെ, കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ മേഖല ഭാരവാഹി സി സജേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. ചെമ്പിലോട് ഡി.വൈ.എഫ്.ഐ മുന്‍ മേഖല സെക്രട്ടറിയായ സജേഷ് കേസില്‍ പിടിയിലായ അര്ജുന് ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
അര്ജുന് ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും. സ്വര്‍ണകടത്തില്‍ സജേഷിന്റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. കള്ളക്കടത്തിനായി അര്ജുന് ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. അര്ജുന് ആയങ്കിയെ ജൂലൈ ആറുവരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ അഞ്ചു വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."