രാഷ്ട്രപതിയുടെ തീവണ്ടിയാത്ര, രാഷ്ട്രപിതാവിന്റെയും
എ.പി കുഞ്ഞാമു
ഏതാണ്ട് ഒരാഴ്ച മുന്‍പ് കൃത്യമായിപ്പറഞ്ഞാല്‍ ജൂണ്‍ 25 നു വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് തീവണ്ടിയാത്ര നടത്തി. ഡല്‍ഹിയില്‍നിന്നു തന്റെ ജന്മഗ്രാമത്തിലേക്കായിരുന്നു ഈ യാത്ര. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ദേഹട്ട് ജില്ലയിലെ പറൗണ്‍ഖാണ് അദ്ദേഹത്തിന്റെ ജന്മദേശം. അദ്ദേഹം നാട്ടില്‍ പോയി, തന്റെ കുട്ടിക്കാലത്തെ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചു. അവിടെ നിന്ന് ലഖ്‌നൗവിലേക്ക് പോയി. അവിടെ രണ്ടുദിവസം താമസിച്ചു. 28നു സ്‌പെഷല്‍ ഫ്‌ളൈറ്റില്‍ ഡല്‍ഹിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ റെയില്‍വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ സന്നിഹിതനായിരുന്നു. രാഷ്ട്രപതിയുടെ ഈ യാത്ര മഹത്തായ ഒരു സന്ദേശം പ്രസരിപ്പിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. പൊതുവാഹനത്തില്‍ രാഷ്ട്രപതി സഞ്ചരിക്കുന്നത് റെയില്‍വേ ജീവനക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കും. അത് റെയില്‍വേയുടെ അന്തസുയര്‍ത്തും എന്നെല്ലാം. അതായത് റെയില്‍വേയും മാധ്യമങ്ങളും രാഷ്ട്രപതിയുടെ തീവണ്ടി സഞ്ചാരം ശരിക്കും ആഘോഷിച്ചു. അതൊരു ചരിത്ര സംഭവമായി.
എന്നാല്‍, ഇതില്‍ എന്തിത്ര ആഘോഷിക്കാനിരിക്കുന്നു. കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഒരു രാഷ്ട്രപതി തീവണ്ടിയില്‍ സഞ്ചരിക്കുന്നത് എന്നതുവച്ചാലോചിക്കുമ്പോള്‍ സംഭവം ചരിത്രം തന്നെ. ഇതിനു മുന്‍പ് 2006ലാണ് അതുണ്ടായത്. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ഡല്‍ഹിയില്‍ നിന്ന് ഡെഹ്‌റാഡൂണിലേക്ക് പോയത് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെ കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനാണ്. അദ്ദേഹത്തിന്റെ തീവണ്ടിയാത്രയും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പലതവണ തീവണ്ടിയാത്ര നടത്തിയിട്ടുണ്ട്. തന്റെ ജന്മദേശമായ ബിഹാറിലെ സിവാന്‍ ജില്ലയിലെ സിര്‍ദേയിലേക്ക് അദ്ദേഹം ഇടക്കിടെ പ്രസിഡന്‍ഷ്യല്‍ സലൂണില്‍ യാത്ര ചെയ്തു. ഡോ. എസ്. രാധാകൃഷ്ണനും വി.വി ഗിരിയുമൊക്കെ തീവണ്ടിയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഈ ചരിത്രം അനുസ്മരിക്കുമ്പോള്‍ രാംനാഥ് കോവിന്ദിന്റേത് ഒരാവര്‍ത്തനം മാത്രമാണ്.
പ്രത്യേക തീവണ്ടിയില്‍ കയറി പരിവാരസമേതം നടത്തിയ തീവണ്ടിയാത്ര എങ്ങനെയാണ് പൊതുവാഹനത്തില്‍ സഞ്ചരിച്ചു എന്ന പ്രശംസക്ക് അര്‍ഹമാവുന്നത് എന്ന ചോദ്യവും അസ്ഥാനത്തല്ല. രാഷ്ട്രപതിക്ക് യാത്ര ചെയ്യാന്‍ വേണ്ടി മാത്രം പ്രത്യേകം സജ്ജമാക്കിയ സ്‌പെഷല്‍ ട്രെയിനായിരുന്നു അത്. അതുകൊണ്ട് ഈ യാത്രയില്‍ റെയില്‍വേയുടെ അന്തസുയര്‍ത്തുന്ന യാതൊരു സവിശേഷതയും അടങ്ങിയിട്ടില്ല. പക്ഷേ ഒന്നു പറയാതിരിക്കാന്‍ വയ്യ. രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്‍ഷല്‍ സലൂണ്‍ വേണ്ടെന്നുവച്ചു. പ്രസിഡന്‍ഷല്‍ സലൂണിന് വേണ്ടി ചെലവാക്കേണ്ടി വരുന്ന കോടിക്കണക്കിനു രൂപ ലാഭിക്കാന്‍ വേണ്ടിയായിരുന്നു ഈ നടപടി. അത്രയും നല്ലതു തന്നെ. പക്ഷേ സ്‌പെഷല്‍ ട്രെയിന്‍ സജ്ജമാക്കാനുമുണ്ട് വന്‍ സാമ്പത്തികച്ചെലവ്. റെയില്‍വേയുടെ അന്തസുയര്‍ത്താന്‍ വേണ്ടി ചെലവഴിച്ച ഈ വന്‍ തുക കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളുമായി ചേര്‍ത്തുവച്ചു ചിന്തിക്കുമ്പോള്‍ എത്രമാത്രം ന്യായീകരിക്കപ്പെടും. ഒരു മുഖം മിനുക്കലിലപ്പുറം ഈ പ്രസിഡന്‍ഷല്‍ യാത്രക്ക് യാതൊരു പ്രസക്തിയുമില്ല എന്നതാണ് കഥയുടെ ഗുണപാഠം.
രാഷ്ട്രപതിയുടെ യാത്ര പ്രസിഡന്‍ഷല്‍ സലൂണിലായിരുന്നു എന്നുവയ്ക്കുക. അതിനു കോടികളുടെ ചെലവു വരുമായിരുന്നെന്ന് തീര്‍ച്ച. സ്വാതന്ത്ര്യപ്രാപ്തി മുതല്‍ രാഷ്ട്രപതിക്ക് സഞ്ചരിക്കാന്‍ വേണ്ടി രാജ്യം തയാറാക്കിവച്ച പ്രത്യേക യാത്രാ വാഹനമാണ് പ്രസിഡന്‍ഷല്‍ സലൂണ്‍. ഇരട്ട കോച്ചുകളടങ്ങിയ ഒരു സംവിധാനമാണത്. 9000/9001 എന്നീ നമ്പറുകളിലുള്ള കോച്ചുകളാണിവ. അടുക്കളയും ഡൈനിങ് റൂമും സന്ദര്‍ശക മുറിയും കോണ്‍ഫറന്‍സ് ഹാളും കിടപ്പുമുറിയും പ്രസിഡന്റിന്റെ സ്റ്റാഫംഗങ്ങള്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ഉപയോഗിക്കാനുള്ള ഓഫിസ് മുറികളും കിടപ്പറകളും വേറെ. അഥവാ ഒരു ചലിക്കുന്ന കൊട്ടാരം. രാഷ്ട്രപതിയുടെ ഒരു യാത്ര കഴിഞ്ഞാല്‍ പിന്നെ അതുപയോഗിക്കാറില്ല. പക്ഷേ കൊല്ലന്തോറും അറ്റകുറ്റപ്പണികള്‍ നടത്തി കുട്ടപ്പനാക്കിവയ്ക്കും. രാഷ്ട്രപതി യാത്ര ചെയ്യുന്നുവെങ്കില്‍ കോടികള്‍ മുടക്കി ആഡംബരാലംകൃതമാക്കും. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രപതിക്ക് തീവണ്ടിയില്‍ യാത്ര ചെയ്യണമെന്ന മോഹമുദിച്ചാല്‍ പൊതുഖജനാവില്‍ നിന്ന് ചോര്‍ന്നുപോകുന്നത് കോടികള്‍. രാംനാഥ് കോവിന്ദ് ഏതായാലും അതിനു വഴിവച്ചില്ല എങ്കില്‍ത്തന്നെയും കൂട്ടുകാരെ കാണാനുള്ള രാഷ്ട്രപതിയുടെ പൂതിക്ക് രാജ്യം നല്‍കിയ വില കടുത്തതാണ്.
ഇവിടെയാണ് നാം മറ്റൊരു തീവണ്ടി യാത്രയെപ്പറ്റി ഓര്‍ക്കേണ്ടത്. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടേതായിരുന്നു ഈ യാത്ര. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി ആദ്യം ചെയ്തത് ഇന്ത്യ മുഴുവന്‍ ചുറ്റിക്കാണുകയാണ്. ഒരു മൂന്നാം ക്ലാസ് തീവണ്ടി മുറിയില്‍. മൂന്നാം ക്ലാസ് മുറിയില്‍ യാത്ര ചെയ്ത അദ്ദേഹം ഇന്ത്യയിലെ കാറ്റില്‍ ക്ലാസിന്റെ ജീവിതം കണ്ടെത്തി. അതൊരു മഹത്തായ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ തുടക്കം കുറിച്ച തീവണ്ടി യാത്രയായി. മഹാത്മായുടെ ജീവിതത്തില്‍ മറ്റൊരു തീവണ്ടിയാത്രാനുഭവവുമുണ്ട്. അത് 1893 ജൂണ്‍ 7 നു ആയിരുന്നു. ദക്ഷിണാഫ്രിക്കയില്‍വച്ച് നടന്ന പ്രസ്തുതയാത്രയില്‍ ഗാന്ധി സഞ്ചരിച്ചത് ഒന്നാം ക്ലാസില്‍ തന്നെ. ഒന്നാം ക്ലാസില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുണ്ടായിട്ടും അദ്ദേഹത്തെ പീറ്റര്‍ മാരിറ്റ്‌സ് ബര്‍ഗ് എന്ന റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഒരു വെള്ളക്കാരന്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നു തള്ളിപ്പുറത്താക്കി. പ്ലാറ്റ്‌ഫോമില്‍ കൊടും തണുപ്പില്‍ ഒരു രാത്രി മുഴുവനും കഴിച്ചുകൂട്ടേണ്ടി വന്നപ്പോഴാണ് വരേണ്യര്‍ വാഴുന്ന ലോകത്ത് അധഃസ്ഥിതനു വിധിച്ചിട്ടുള്ളത് മൂന്നാം ക്ലാസാണെന്ന യാഥാര്‍ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. മൂന്നാം ക്ലാസ് മനുഷ്യരുടെ സ്വത്വബോധത്തില്‍ നിന്ന് അദ്ദേഹം കൊളോണിയലിസ്റ്റ് ലോകവീക്ഷണത്തെ വെല്ലുവിളിക്കുന്ന ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തി. പിന്നീട് ഗാന്ധിജി മൂന്നാം ക്ലാസില്‍ മാത്രമേ സഞ്ചരിച്ചുള്ളൂ. അധഃസ്ഥിത സമൂഹത്തോടൊപ്പം മാത്രമേ മനസുകൊണ്ടുപോലും യാത്ര ചെയ്തുള്ളൂ. അവരുടെ ഭാഷ മാത്രമേ സംസാരിച്ചുള്ളൂ. അവരുടെ തരംഗദൈര്‍ഘ്യത്തില്‍ മാത്രമേ ചിന്തിച്ചുള്ളൂ. ഈ യാത്രയോട് ചേര്‍ത്തുവച്ചാലോചിക്കുമ്പോള്‍ നമുക്ക് മനസിലാവും രാംനാഥ് കോവിന്ദിന്റെ യാത്ര ഒരു സോപ്പു കുമിളയാണെന്ന്. ഒന്നിന്റെയും ആരുടെയും അന്തസുയര്‍ത്തുന്നില്ല അത്. രാഷ്ട്രപിതാവിനും രാഷ്ട്രപതിക്കുമിടയില്‍ എത്രയേറെ ദൂരം.
സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും അവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കുകയും ചെയ്യുന്ന എത്ര രാഷ്ട്രീയ നേതാക്കളുണ്ട് നമുക്ക്. ബസില്‍ സഞ്ചരിക്കുന്ന ഏതെങ്കിലും മന്ത്രിയോ എം.എല്‍.എയോ ഉണ്ടോ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് സുഹൃത്ത് ഒരു സ്ഥാനാര്‍ഥിയെ പരാമര്‍ശിച്ച് അദ്ദേഹം ജയിക്കുകയില്ലെന്നതിന് പറഞ്ഞ കാരണം അയാള്‍ക്ക് കാറില്ല, ബസിലാണ് യാത്ര എന്നതായിരുന്നു. ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും ആഡംബരം പിടിമുറുക്കിക്കഴിഞ്ഞകാലത്ത് നമ്മുടെ നേതാക്കളും ജനപ്രതിനിധികളും ജനങ്ങളില്‍ നിന്ന് അകലുക തന്നെയാണ്. ഈ അകല്‍ച്ചയെയാണു കൊട്ടും ഘോഷവുമായി നടത്തിയ രാംനാഥ് കോവിന്ദിന്റെ തീവണ്ടിയാത്ര സൂചിപ്പിക്കുന്നത്. അതിന്റെ കഥ ആ കൊണ്ടാടലോടെ കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."