ഡ്രോണുകളെ തകര്‍ക്കാനുള്ള സംവിധാനം സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും
ന്യൂഡല്‍ഹി: ജമ്മു വ്യോമസേനാ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടുമുള്ള വിമാനത്താവളങ്ങളിലും മറ്റു സുപ്രധാന കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്ര പദ്ധതിയുമായി രാജ്യം. ഇതിന്റെ ഭാഗമായി ജമ്മുവിലെ ആക്രമണം നടന്ന വ്യോമസേനാ വിമാനത്താവളത്തില്‍ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഡ്രോണ്‍ വിരുദ്ധ സംവിധാനം സ്ഥാപിച്ചു.
റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്ടര്‍, ഇലക്ട്രോ ഒപ്ടിക്കല്‍, ഇന്‍ഫ്രാറെഡ് കാമറകള്‍, റഡാറുകള്‍, ജി.പി.എസ് സ്പൂഫറുകള്‍, ലേസറുകള്‍, ആര്‍.എഫ് ജാമറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന സംവിധാനമാണ് സ്ഥാപിച്ചത്. ഭാവിയില്‍ ഇത്തരം ഭീഷണികളെ നേരിടാന്‍ രാജ്യം വ്യോമസേനയെ സജ്ജമാക്കും. ഇത്തരം സാങ്കേതിക വിദ്യയുടെ ഇടപാടുകളില്‍ വ്യോമസേനയായിരിക്കും നോഡല്‍ ഏജന്‍സി. നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും നയരൂപീകരണത്തില്‍ ഭാഗമാകും.
ശത്രു ഡ്രോണുകളെ കണ്ടെത്തി പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഡി.ആര്‍ഡി.ഒ വികസിപ്പിച്ചിട്ടുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുത്ത റോഡ് ഷോയിലും 2021ലെ റിപ്പബ്ലിക് ദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിന് സുരക്ഷയൊരുക്കാനും ഈ സംവിധാനം ഉപയോഗിച്ചിരുന്നു. എന്നാലിത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."