HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയുടെ കടുത്ത എതിര്‍പ്പ് യു.ഡി.എഫിന് പുതിയ കണ്‍വീനര്‍ വൈകും
backup
July 01 2021 | 22:07 PM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചുപണിയുടെ ഭാഗമായി യു.ഡി.എഫ് കണ്‍വീനറെ മാറ്റാനാവാതെ ഹൈക്കമാന്‍ഡ്.
രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പുതിയ കണ്‍വീനര്‍ വരുന്നതിലുള്ള തന്റെ കടുത്ത അതൃപ്തി ഉമ്മന്‍ ചാണ്ടി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തീരുമാനിക്കുന്നതില്‍നിന്ന് ഹൈക്കമാന്‍ഡ് തല്‍കാലം പിന്നോട്ടുപോയത്.
എം.എം ഹസനെ യു.ഡി.എഫ് കണ്‍വീര്‍ സ്ഥാനത്തുനിന്ന് മാറ്റരുതെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. കൂടാതെ കെ. മുരളീധരന്‍ യു.ഡി.എഫ്. കണ്‍വീനറാകുന്നത് സാമുദായിക സമവാക്യം തകര്‍ക്കുമെന്ന വാദവും ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചിരുന്നു. മുരളിക്കെതിരേ സംയുക്ത ഗ്രൂപ്പ് നീക്കമാണ് ഇക്കാര്യത്തില്‍ നടന്നത്. ഒരു കാരണവശാലും മുരളി യു.ഡി.എഫ് കണ്‍വീനറാകാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. പുതുതായി വരുന്നെങ്കില്‍ കെ.സി ജോസഫോ പി.സി വിഷ്ണുനാഥോ എന്നതിലും അവര്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ഇതില്‍തന്നെ കെ.സി ജോസഫിനാണ് പിന്തുണ കൂടുതല്‍.
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരെ തീരുമാനിച്ചപ്പോള്‍ ഗ്രൂപ്പുകളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അതുകൊണ്ട് തല്‍ക്കാലം ഗ്രൂപ്പുകളെ പിണക്കേണ്ടതില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് യു.ഡി.എഫ് കണ്‍വീനറെ പ്രഖ്യാപിക്കുന്നത് ഹൈക്കമാന്‍ഡ് വൈകിപ്പിക്കുന്നത്.
കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്നാണ് വിവരം. ഈ മാസം 20നു മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സ്ഥിരം മുഖങ്ങള്‍ക്ക് കെ.പി.സി.സിയില്‍ സ്ഥാനം നല്‍കേണ്ടെന്ന നിര്‍ദേശം സജീവമായി പരിഗണിക്കുന്നുണ്ട്. പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡി.സി.സി പ്രസിഡന്റുമാരായിരുന്നവരെ കെ.പി.സി.സി തലത്തില്‍ പുതിയ സമിതികള്‍ രൂപീകരിച്ച് അതിന്റെ ഭാഗമാക്കും. അച്ചടക്ക സമിതി, മീഡിയാ കമ്മിറ്റി, ഡി.സി.സികളെ ഏകോപിപ്പിക്കുന്നതിനുള്ള കമ്മിറ്റികള്‍, പ്രചാരണ വിഭാഗം എന്നിവയെല്ലാം പുനഃസംഘടനയ്‌ക്കൊപ്പം രൂപീകരിക്കും. ഒരു സ്ഥാനത്തേക്കും പ്രായപരിധി നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ആലോചനയും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."