മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ പൊലിസ്; വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തിലുറച്ച് നേവി
കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് തീരദേശ സേന. അപകട ദിവസം പരിശീലനം നടത്തിയവരുടേയും തോക്കുകളുടേയും വിവരങ്ങള്‍ തേടി. കണക്കുകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്നും പൊലിസ് പറയുന്നു. അതേസമയം, വെടിയുണ്ട തങ്ങളുടേതല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നേവി. വിവരങ്ങള്‍ കൈമാറാന്‍ സാങ്കേതി പ്രശ്‌നങ്ങളാണ് നാവിക സേന ചൂണ്ടിക്കാട്ടുന്നത്. പ്രോട്ടോക്കോള്‍ പ്രശ്‌നമുണ്ടെന്നും സേന പറയുന്നു.
കഴിഞ്ഞ ദിവസം കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തിയത്. ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും പൊലിസിന്റെ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കൊച്ചി സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള അല്‍ റഹ്മാന്‍ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളി ആലപ്പുഴ പള്ളിത്തോട് അന്ധകാരനഴി സ്വദേശി മണിച്ചിറയില്‍ സെബാസ്റ്റ്യനാണു (70) കഴിഞ്ഞ ബുധനാഴ്ച വെടിയേറ്റത്. ഫോര്‍ട്ട്‌കൊച്ചി പടിഞ്ഞാറു മാറി ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ ഐഎന്‍എസ് ദ്രോണാചാര്യക്കു സമീപമാണു സംഭവം. വെടിയുണ്ട സൈന്യം ഉപയോഗിക്കുന്നതല്ലെന്നും നോണ്‍ മിലിറ്ററി ബുള്ളറ്റാണെന്നുമാണു നേവിയുടെ വിശദീകരണം. ഇതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
സംഭവത്തിനു ശേഷം രണ്ടു ദിവസങ്ങളിലായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. സംഭവദിവസം അവിടെ നടത്തിയ വെടിവയ്പ് പരിശീലനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിച്ചത്. അന്ന് അവിടെ ഉപയോഗിച്ചിരുന്ന തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ മൊഴികളില്‍ പറയുന്ന സ്ഥലത്തു തന്നെയാണു സംഭവം നടന്നിട്ടുള്ളതെന്നു പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."