ലഹരി വിരുദ്ധ നടപടികൾക്ക് വിവിധ തലങ്ങളിൽ സമിതികൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും സമിതികൾ ഉണ്ടാക്കും.
വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ വകുപ്പു മന്ത്രി സഹാധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി, പട്ടികവർഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. ഈ മാസം 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കലക്ടർ കൺവീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. 21ന് സമിതി യോഗം ചേരും.
തദ്ദേശ സ്ഥാപനമേധാവികൾ അധ്യക്ഷരും പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി. വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയിൽ ഉണ്ടാകും. റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹ്യസന്നദ്ധ പ്രവർത്തകർ എന്നിവരെയും വിളിക്കണം. പോസ്റ്റർ, ബോർഡ് എന്നിവ വഴിയുള്ള പ്രചരണത്തിന് വ്യാപാരികളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹായം തേടണം. വാർഡുതല സമിതിയിൽ വാർഡ് അംഗം അധ്യക്ഷനാകും. കൺവീനറായി സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അധ്യാപകനോ വേണം. സ്‌കൂൾതലത്തിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ 28നകം രൂപീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഒക്ടോബർ രണ്ടിനാണ് കാംപയിൻ ആരംഭിക്കുക. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഉൾപ്പെടെ പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും.
ആൾക്കൂട്ടം ഉണ്ടാകുന്ന ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."