ഇ-സഞ്ജീവനി: ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയത് രണ്ട് ലക്ഷത്തിലധികം പേര്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴില്‍ ആരംഭിച്ച ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വഴി ഒരുവര്‍ഷത്തിനിടെ ചികിത്സതേടിയത് രണ്ട് ലക്ഷത്തിലധികം പേര്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 10ന് ആരംഭിച്ച ഇ-സഞ്ജീവനി വഴി 2,00,700 പേരാണ് ചികിത്സതേടിയത്. രണ്ടായിരത്തോളം പേരാണ് പ്രതിദിനം ചികിത്സ തേടുന്നത്. 2,500ഓളം ഡോക്ടര്‍മാരാണ് സേവനസന്നദ്ധരായുള്ളത്. പരമാവധി ആളുകള്‍ ഇ - സഞ്ജീവനി സേവനം ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സതേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രി നിരക്കില്‍ ചെയ്യാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."