കുല്‍ഗാമില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം
ശ്രീനഗര്‍: കശ്മിരിലെ കുല്‍ഗാമില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട 17കാരന്‍ സാക്കിര്‍ ബഷീര്‍ ലഷ്‌ക്കര്‍ ഭീകരനല്ലെന്നും വീട്ടിനുള്ളില്‍നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദിച്ച് സൈന്യം വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും കുടുംബം.
കഴിഞ്ഞ ബുധനാഴ്ചയാണ് സാക്കിര്‍ കൊല്ലപ്പെട്ടത്. സാക്കിര്‍ ലഷ്‌ക്കറെ ത്വയ്യിബ ഭീകരനാണെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും പൊലിസ് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഈ വാദത്തെ ചോദ്യംചെയ്താണ് കുടുംബം രംഗത്തുവന്നിരിക്കുന്നത്.
നാട്ടിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനാണ് സാക്കിറെന്ന് കുടുംബവും നാട്ടുകാരും പറയുന്നു. സുരക്ഷാസൈനികര്‍ പ്രദേശം വളഞ്ഞ് പരിശോധന നടത്തുമ്പോള്‍ സാക്കിര്‍ സഹോദരന്‍ ആഷിക്കിനൊപ്പം വീട്ടിനുള്ളിലായിരുന്നു. സൈന്യം വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുമ്പോള്‍ കുളിക്കാന്‍ പോകുകയായിരുന്നു സാക്കിര്‍. ഭീകരരെ ഒളിക്കാന്‍ സഹായിച്ചുവെന്ന് സംശയിച്ച സുരക്ഷാസൈന്യം ഇരുവരെയും പുറത്തേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. ആഷിക്കിനെ പിന്നീട് വിട്ടുവെങ്കിലും സാക്കിര്‍ തിരിച്ചെത്തിയില്ല. പിന്നാലെ ഏറ്റുമുട്ടലില്‍ സാക്കിര്‍ കൊല്ലപ്പെട്ടതായാണ് തങ്ങള്‍ കേള്‍ക്കുന്നതെന്ന് സാക്കിറിന്റെ സഹോദരി ഉസ്മ മാധ്യമങ്ങളോട് പറഞ്ഞു. ക്രൂരമായ മര്‍ദനമേറ്റ സാക്കിര്‍ മരിക്കുമെന്ന് ഉറപ്പായതോടെ സൈനികര്‍ വെടിവച്ചുകൊല്ലുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് കള്ളംപറയുകയും ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പുറത്ത് വെടിവയ്പ്പ് നടക്കുമ്പോള്‍ തന്നെ ഒരു പശുസംരക്ഷണ കേന്ദ്രത്തില്‍ സൈന്യം പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് ആഷിക്ക് പറഞ്ഞു. വരാനിരിക്കുന്ന വില്ലേജ് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു കുറച്ചുദിവസമായി സാക്കിര്‍. ബാക്കിയുള്ള സമയങ്ങളില്‍ കുടുംബത്തെ കൃഷിയില്‍ സഹായിക്കുകയായിരുന്നു ചെയ്യാറെന്ന് സഹോദരന്‍ താരിഖ് അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."